Hania Amir And Diljith Dosanjh ഫയല്‍
Entertainment

നായികയായി പാക് നടി; ദില്‍ജിത് ദൊസാഞ്ചിന് സൈബര്‍ ആക്രമണം; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

വിവാദങ്ങള്‍ക്കിടെ സര്‍ദാര്‍ ജി ത്രീ ഇന്ത്യയില്‍ റിലീസ് ചെയ്യില്ല

സമകാലിക മലയാളം ഡെസ്ക്

നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ചിന് സൈബര്‍ ആക്രമണം. പാക് നടി ഹാനിയ ആമിറിനെ തന്റെ സിനിമയിലെ നായികയാക്കിയതിന്റെ പേരിലാണ് ദില്‍ജിത്തിന് സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടേണ്ടി വരുന്നത്. ദില്‍ജിത് നായകനായ പുതിയ ചിത്രം സര്‍ദാര്‍ ജി 3യാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.

പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ നായികയായി പാക് നടിയെ കൊണ്ടു വരുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതോടെ ജൂണ്‍ 27 ന് റിലീസ് ചെയ്യാനിരിക്കുന്ന സര്‍ദാര്‍ ജി 3യുടെ ഇന്ത്യയിലെ റിലീസ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

പാകിസ്ഥാനിലെ സൂപ്പര്‍ താരമാണ് ഹാനിയ ആമിര്‍. പാക് ആലിയ ഭട്ട് എന്നാണ് ഹാനിയയെ ആരാധകര്‍ വിളിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലെ താരമായ ഹാനിയയ്ക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. കുറച്ചുനാള്‍ മുമ്പ് ദില്‍ജിത്തിന്റെ മ്യൂസിക് കോണ്‍സര്‍ട്ടില്‍ അപ്രതീക്ഷിതമായി ഹാനിയ എത്തിയത് വൈറലായിരുന്നു. ഇരുവരും സ്‌ക്രീനില്‍ ഒരുമിക്കുന്നുവെന്ന വാര്‍ത്ത കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിനിടെയാണ് പെഹല്‍ഗാം ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായി. നേരത്തേയും സമാനമായ രീതിയില്‍ പാക് ഗായകരേയും അഭിനേതാക്കളേയും ഇന്ത്യയില്‍ വിലക്കിയിരുന്നു. അത്തരത്തില്‍ ഹാനിയ അടക്കമുള്ള താരങ്ങളുടെ ഇന്ത്യന്‍ സിനിമകളും ഉപേക്ഷിക്കപെടുമാണ് കരുതിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ദാര്‍ ജി 3 യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ നായികയായി ഹാനിയ നിറഞ്ഞു നില്‍ക്കുകയാണ്. സംഭവം വിവാദമായി. ദില്‍ജിത്തിനും ചിത്രത്തിനുമെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇതോടെ ഹാനിയ ഉള്ള ട്രെയ്‌ലര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തി.

സിനിമയേയും ദില്‍ജിത്തിനേയും ബാന്‍ ചെയ്യണമെന്ന ആവശ്യം വ്യാപകമാണ്.ദില്‍ജിത്തിനെ രാജ്യദ്രോഹിയും ചതിയനുമായിട്ടാണ് ചിലര്‍ ഇപ്പോള്‍ കണക്കാക്കുന്നത്. എന്നാല്‍ ഹാനിയ ഇന്ത്യന്‍ സിനിമയില്‍ നായികയായി എത്തുന്നതിനെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണം നേരിടുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ദില്‍ജിത്തുമെത്തിയിട്ടുണ്ട്. വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെ, തന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗം പങ്കുവച്ചിരിക്കുകയാണ് ദില്‍ജിത്.

''രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലാണ്. അതിലൊന്നും നമുക്ക് നിയന്ത്രണമില്ല. പക്ഷെ സംഗീതം രാജ്യങ്ങളെ ഒരുമിപ്പിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യങ്ങള്‍ക്കപ്പുറം സ്‌നേഹം പ്രചരിപ്പിക്കുന്ന ഒന്നിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്. രാജ്യങ്ങള്‍ക്ക് അപ്പുറം മദര്‍ എര്‍ത്തിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഈ അതിര്‍ത്തികളെല്ലാം മദര്‍ എര്‍ത്തിന്റേതാണ്. ഞാന്‍ അവരുടെ മകനാണ്'' എന്നാണ് ദില്‍ജീത് വീഡിയോയില്‍ പറയുന്നത്. അതേസമയം, വിവാദങ്ങള്‍ക്കിടെ സര്‍ദാര്‍ ജി ത്രീ ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Diljit Dosanjh and new movie Sardaarji 3 gets cyberbullied because of pak actress Hania Amir's presence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT