വീട്ടുജോലിക്കാരിയുടെ പരാതിയില്‍ തെലുങ്ക് നടി ഡിംപിള്‍ ഹയാതിയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് പൊലീസ്. 22 കാരിയായ ജോലിക്കാരിയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നുണ്ട്. ഷെയ്ഖാപേട്ടിലെ ഡിംപിളിന്റെ വീട്ടിലെ ജോലിക്കരിയായിരുന്നു പരാതിക്കാരി.
സെപ്തംബര്‍ 22 നാണ് ഒഡിഷ സ്വദേശിയായ യുവതി ജോലി തേടി ഹൈദരാബാദിലെത്തുന്നത്. അന്നേ ദിവസം തന്നെ ഡിംപിളിന്റെ വീട്ടില്‍ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു. സായ് സായ് ഗുഡ്വില്‍ സെര്‍വീസ് ഏജന്‍സി മുഖേനെയാണ് ജോലി തരപ്പെടുത്തിയത്. ഒരാഴ്ച ഡിംപിളിന്റെ വീട്ടില്‍ ജോലി ചെയ്തു. ഈ ഒരാഴ്ചക്കാലവും തനിക്ക് ദുരിതമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
നിരന്തരം അസഭ്യം പറയുകയും മര്‍ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്ത് തന്നെ അപമാനിച്ചുവെന്നാണ് യുവതി പറയുന്നത്. ''അവര്‍ എന്നെ അപമാനിച്ചു. നിന്റെ ജീവന് ഞങ്ങളുടെ ഷൂസിന്റെ വില പോലുമില്ലെന്നാണ് പറഞ്ഞത്'' എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഡിംപിളിന്റെ ഭര്‍ത്താവ് ഡേവിഡും തന്നെ തെറിവിളിക്കുകയും അവഹേളിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത്. ദമ്പതിമാരുടെ വളര്‍ത്തു നായ കുരയ്ക്കാന്‍ തുടങ്ങിയതോടെ ഇരുവരും യുവതിയ്ക്ക് നേരെ തിരിയുകയായിരുന്നു. യുവതിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ഇരുവരും യുവതിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് യുവതി മൊബൈല്‍ ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. ''ഡേവിഡ് ഫോണ്‍ തട്ടിയെടുത്തു. ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ ഫോണ്‍ ചിതറിപ്പോയി. അയാള്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ അവിടെ നിന്നും ഇറങ്ങിയോടി. ഇതിനിടയില്‍ എന്റെ വസ്ത്രം കീറിപ്പോയി'' എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഡിംപിള്‍ ഹയാതിയ്ക്കും ഭര്‍ത്താവ് ഡേവിഡിനുമെതിരെ പൊലീസ് കേസെടുത്തു. നടിയ്ക്കും ഭര്‍ത്താവിനും നോട്ടീസ് അയച്ചതായും പൊലീസ് അറിയിച്ചു. മുമ്പും ഡിംപിളിനെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ കാര്‍ കേടു വരുത്തിയതിനായിരുന്നു കേസെടുത്തത്.
Case registered against actress Dimple Hayathi and husband on the complaint of their domestic help. she alleges life threats and assault.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates