കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടുന്നത് പോലെയാണ് കൃഷാന്ദിന് സിനിമ. തനിക്ക് ഇഷ്ടമുള്ളത് പോലെ പലവഴിയ്ക്ക് കഥയേയും കഥാപാത്രങ്ങളേയും കൃഷാന്ദ് കേറ്റിവിടും. കാണുന്നവരുടെ ചിന്തകളേയും ഒപ്പം കാടു കേറാന്‍ വിടും. ചിരിപ്പിച്ചുകൊണ്ട് ചിന്തിക്കുകയും ചിന്തിപ്പിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചെയ്യുന്ന ഫിലിം മേക്കര്‍. തന്റെ ഏറ്റവും പുതിയ വെബ് സീരീസായ സംഭവവിവരണം നാലര സംഘത്തിലും കൃഷാന്ദ് ചെയ്യുന്നത് അതാണ്.
ഡാര്‍ക് ഹ്യൂമറിയിലൂടെ പറയുന്ന ഗ്യാങ്സ്റ്റര്‍ കഥയാണ് സംഭവവിവരണം നാലരസംഘം. തടിപ്പാലത്തു നിന്നും തലസ്ഥാന നഗരിയെ വിറപ്പിക്കുന്ന നാലസംഘത്തിലേക്കുള്ള അരിക്കുട്ടന്റേയും കൂട്ടുകാരുടെ വളര്‍ച്ചയുടെ കഥ പറയുന്ന സീരീസ് ഗ്യാങ്സ് ഓഫ് വസീപൂരിനുള്ള മലയാളത്തിന്റെ മറുപടിയെന്ന നിലയിലാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നാലര സംഘത്തെക്കുറിച്ചും തന്റെ സിനിമക്കാഴ്ചപ്പാടുകളെക്കുറിച്ചും കൃഷാന്ദ് സമകാലിക മലയാളത്തോട് സംസാരിക്കുകയാണ്.
നാലര സംഘത്തിന്റെ ആശയത്തിന്റെ തുടക്കം എവിടെയായിരുന്നു?
2013 ലാണ് പാസ് ഔട്ട് ആകുന്നത്. ആ സമയത്ത് ഒരുപാട് സീരീസുകള്‍ കാണുമായിരുന്നു. തിരുവന്തപുരത്ത് കുറേകാലം വര്‍ക്ക് ചെയ്തിരുന്നു. എന്റെ ചുറ്റുവട്ടത്തു നിന്നുമുള്ള കഥ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഈ സീരിസിന്റെ എഴുത്ത് ആരംഭിക്കുന്നത്. എന്റെ പ്രൊഫസറും പുറമെയുള്ള കഥകള്‍ക്ക് പകരം ചുറ്റുപാടുമുള്ള കഥകളില്‍ നിന്നും പ്രചോദനം കണ്ടെത്തണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ്, ഞാന്‍ കണ്ടുവളര്‍ന്ന ആളുകളേയും പരിസരത്തേയുമൊക്കെ വച്ച് ആറ് ഭാഗമുള്ളൊരു സീരീസ് എഴുതി തുടങ്ങുന്നത്.
ആ സമയത്താണ് ഗ്യാങ്സ് ഓഫ് വസീപൂര്‍ വരുന്നത്. അത് വലിയ പ്രചോദനമായിരുന്നു. പിന്നാലെ അത്തരത്തില്‍ ഒരുപാട് വന്നു. അതെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് കാലത്തെ ചിന്തകളും ചര്‍ച്ചകളുമൊക്കെയാണ് ഇവിടെ എത്തി നില്‍ക്കുന്നത്.
കോമഡി ചേര്‍ത്തൊരു ഗ്യാങ്സ്റ്റര്‍ കഥ പറയുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത് എപ്പോഴാണ്?
ഗ്യാങ്സ്റ്റര്‍ കഥകള്‍ പറയുമ്പോള്‍ വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്നതും, സമാന്തര എക്കണോമിയെ പ്രോത്സാഹിപ്പിക്കുന്നതും ആകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെയൊക്കെ കോമഡിയിലൂടെ പൊളിച്ചെഴുതാമെന്ന് തോന്നി. വളരെ തുടക്കത്തിലേ ആ ആശയമുണ്ടായിരുന്നു. പിന്നീടുള്ള ചിന്തകളില്‍ അതിലൊരു പൊളിച്ചെഴുതലിനുള്ള സാധ്യതയുണ്ടെന്ന് മനസിലായി.
അരിക്കുട്ടന്റെ കാഴ്ചപ്പാടില്‍ നിന്നുമാണ് കഥ പറയുന്നത്. അരിക്കുട്ടന്‍ കാണുകയോ കേള്‍ക്കുകയോ മാത്രം ചെയ്ത കാര്യങ്ങളാണ് പറയുന്നത്. 2008 വരെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. 2018 വരെയുള്ള കാര്യങ്ങള്‍ പെന്‍ഡിങ്ങിലാണ്. 2018 ലാണ് അവന്‍ പുസ്തകമെഴുതുന്നത്. അരിക്കുട്ടന്റെ കാഴ്ചപ്പാടില്‍ മാത്രമാണ് ഇപ്പോള്‍ നമ്മള്‍ കഥ കേള്‍ക്കുന്നത്. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഇവര്‍ ഗുണ്ടകളാണ്, പ്രശ്നം പിടിച്ച ആള്‍ക്കാരാണ്. നല്ലവരല്ല, മാന്യമാരല്ല. കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്നവരാണ്. അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് അവര്‍ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെട്ടത്? അവരുടെ മാതാപിതാക്കളെ കാണിക്കുന്നുണ്ട്. അവരുടെ സ്‌കൂളിങ്ങും ബന്ധങ്ങളുമെല്ലാം കാണിക്കുന്നുണ്ട്. അവരുടെ എക്കോ സിസ്റ്റത്തിന്റെ ബ്രേക്ക്ഡൗണ്‍ ആണത്. അതൊരു സ്റ്റഡി ക്ലാസ് ആകാതിരിക്കാന്‍ കോമഡി സഹായിക്കും.
നാലര സംഘമുള്‍പ്പടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് താരതമ്യേനെ പുതുമുഖങ്ങളാണ്. അവരിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?
ആദ്യമുണ്ടായിരുന്ന കാസ്റ്റ് ഒക്കെ മാറി. ആദ്യം മുതലേ സഞ്ജുവുമായി ചര്‍ച്ച ചെയ്തിരുന്നതിനാല്‍ സഞ്ജുവിന് അരിക്കുട്ടനാകാന്‍ സാധിക്കുമെന്ന് തോന്നി. മറ്റൊരു വര്‍ക്ക് ഒരുമിച്ച് ചെയ്തിരുന്നതിനാല്‍ ശംഭുവിന് മണിയനാകാന്‍ സാധിക്കുമെന്ന് തോന്നി. നിരഞ്ജ് നല്ല നടനാണെന്ന് എന്റെ സിനിമാട്ടോഗ്രാഫര്‍ ആണ് പറഞ്ഞത്. നിരഞ്ജിനെ കണ്ട് സംസാരിച്ചപ്പോള്‍ കഴിവുണ്ടെന്ന് തോന്നി. ശ്രീനാഥ് വളരെ മുമ്പ് തന്നെ കഞ്ഞിയായിരുന്നു.
സംഘര്‍ഷ ഘടനയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് വിഷ്ണു അഗസ്ത്യയെ പേലക്കുട്ടനായി തീരുമാനിക്കുന്നത്. മറ്റ് പല ഓപ്ഷനുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്തപ്പോഴാണ് പൊട്ടന്‍ഷ്യല്‍ മനസിലാകുന്നത്. പ്രശാന്ത് അലക്സാണ്ടറെ വൃത്താകൃതിയിലുള്ള ചതുരത്തിന് ശേഷം തീരുമാനിച്ചതാണ്. സെറീനയെ ആട്ടം കണ്ടാണ് തീരുമാനിക്കുന്നത്. രണ്ടാം സീസണിലാണ് ആ കഥാപാത്രത്തിന് കൂടുതല്‍ ചെയ്യാനുള്ളത്. എങ്കിലും അവരെപ്പോലൊരു നടിയെ ഇതിന്റെ ഭാഗകമാക്കണമെന്ന് തോന്നി. പുരുഷപ്രേതത്തിന് പിന്നാലെയാണ് ദര്‍ശനയെ തീരുമാനിക്കുന്നത്. തങ്കം കണ്ടാണ് സെന്തിലിനെ തീരുമാനിക്കുന്നത്. പടക്കം ഉണ്ണിയാകേണ്ടത് മറ്റൊരാളായിരുന്നു. അവസാന നിമിഷമാണ് പിക്കു എത്തുന്നത്. അത് ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായി മാറി.
പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ച് രണ്ട് കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രംഗം ചര്‍ച്ചയായി മാറിയിരുന്നു. പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
ആ തമാശയ്ക്ക് എല്ലാവരും പൊട്ടിച്ചിരിച്ചു. പൊളിറ്റിക്കല്‍ കറക്ട്നെസ് വേണോ? രസം വേണോ? രണ്ടും കൂടെ കിട്ടില്ല എന്ന് പറഞ്ഞിട്ട്, പക്ഷെ രണ്ടും കൂടെ വന്നാല്‍ രസമല്ലേ എന്നായിരുന്നു മുഴുവന്‍ സംഭാഷണം. പക്ഷെ രണ്ടും കൂടെ പറ്റൂല എന്ന് പറയുന്നിടത്തേ ആളുകള്‍ ചിരിക്കും. രണ്ടും കൂടെയുണ്ടേല്‍ രസമല്ലേ എന്നത് ആളുകള്‍ കേള്‍ക്കില്ല.
എക്സ്പ്രഷന് പൊളിറ്റിക്കല്‍ കറക്ട്നെസ് വേണോ എന്ന് ചോദിച്ചാല്‍ സത്യത്തില്‍ വേണ്ട. പക്ഷെ സിനിമ ജനാധിപത്യ മാധ്യമാണ്. വളരെ എളുപ്പത്തില്‍ കാഴ്ചക്കാരുമായി സംവദിക്കാന്‍ സാധിക്കുന്ന, മനസിലാക്കാന്‍ സാധിക്കുന്ന മാധ്യമമാണ് സിനിമ. അതിനാല്‍ ആരെയെങ്കിലും മോശക്കാരായി, പക്ഷപാദത്തോടെ ചിത്രീകരിക്കാതിരിക്കുക ഫിലിംമേക്കര്‍മാരുടെ ഉത്തരവാദിത്തമാണ്. കാരണം ഇതൊരു പോപ്പുലര്‍ മീഡിയയാണ്. പൊളിറ്റിക്കലി കറക്ട് ആയാല്‍ കാഴ്ചക്കാരുടെ അഭിപ്രായത്തെ സ്വാധീനിക്കാനാകും. സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക എന്നൊരു ഉത്തരവാദിത്തം കൂടി കലയ്ക്കുണ്ട്.
സമാനമായ രീതിയില്‍ സ്ത്രീ വില്ലനാകുന്നതിനെക്കുറിച്ച് കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രംഗവുമുണ്ട്. അതിന് പിന്നിലെ ചിന്തയെന്തായിരുന്നു?
അവര്‍ക്കിടയിലെ ആ സംസാരം സത്യത്തില്‍ പൊളിറ്റിക്കലി തെറ്റാണ്. പക്ഷെ അത്തരത്തിലുള്ള ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ബോംബെയിലെ അധോലോകം അടക്കി ഭരിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് പറയുന്ന മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്നൊരു പുസ്തകമുണ്ട്. നമ്മുടെ കഥ പറയുന്ന ആ കാലത്തും അതുപോലൊരു സ്ത്രീ ഉണ്ടായിരുന്നു. ഭര്‍ത്താവിന് വേണ്ടി പ്രതികാരം ചെയ്യാനിറങ്ങി ഡോണായ സ്ത്രീയുടെ കഥ കേട്ടുകേള്‍വിയില്‍ നിന്നും കിട്ടിയിരുന്നു. അങ്ങനെയാണ് ആ കഥാപാത്രമുണ്ടാകുന്നത്. പടക്കം ഉണ്ണിയും രമണിയും ബ്രെയ്നും മസിലും പോലെയാണ്.
അരിക്കുട്ടന്റെ കാഴ്ചപ്പാടില്‍ നിന്നും സ്ത്രീകള്‍ എങ്ങനെയാണ് അവനേയും സുഹൃത്തുക്കളേയും സ്വാധീനിച്ചത് എന്നേ പറയാന്‍ സാധിക്കുകയുള്ളൂ. ആ ചോയ്സ് ആണ് ഞാന്‍ സ്വീകരിച്ചത്. റപ്രസന്റേഷനേക്കാള്‍ കാഴ്ചപ്പാടിനാണ് ഞാനവിടെ പ്രധാനം കൊടുത്തത്. രസകരമായൊരു കഥാപാത്രമാണ് ദര്‍ശനയുടേത്. ലേലം സീനില്‍ അവര്‍ ഭയങ്കര പവര്‍ഫുള്ളാണ്. ഭര്‍ത്താവിന്റെ രക്തമുള്ള സാരിയുമായാണ് അവര്‍ വരുന്നത്. ആ വിഷമത്തിലും അവര്‍ ബുദ്ധിപരമായി ചിന്തിച്ച് കൊലപാതകികളെ കണ്ടെത്തുകയും അവര്‍ക്കൊരു പണി കൊടുക്കുകയും ചെയ്യുന്നുണ്ട്.
മറ്റാരും കാണാത്തൊരു ദര്‍ശനയെയാണല്ലോ കൃഷാന്ദ് അവതരിപ്പിക്കാറുള്ളത്?
അസാധ്യമായ കഴിവുള്ള നടിയാണ്. വളരെയധികം പ്രൊഫഷണല്‍ ആണ്. മുഖ്യധാര നടിയായിരിക്കുമ്പോഴും, പുരുഷപ്രേതം പോലൊരു ചെറിയ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്തത് പരാതികളൊന്നുമില്ലാതെയാണ്. ഞാന്‍ നോക്കുമ്പോള്‍ കഴിവുമുണ്ട്, സൗഹൃദത്തോടെ ഇടപെടാന്‍ സാധിക്കുകയും ചെയ്യുന്ന ഒരാളാണെന്ന് മനസിലായി. മറ്റൊരു കാരണം, അബ്സ്ട്രാക്റ്റ് ആയ ആശയങ്ങള്‍ പങ്കിടാന്‍ സാധിക്കുന്ന നടിനടന്മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് എനിക്കിഷ്ടം. ദര്‍ശനയോട് ലേലം സീനില്‍ ഞാന്‍ പറഞ്ഞത് ദേഷ്യം വേണം, ഇവര്‍ക്ക് പണി കൊടുക്കുന്നത് വേണം, സങ്കടം വേണം, പ്രേക്ഷകര്‍ക്ക് ഭാരം അനുഭവപ്പെടണം എന്നാണ്. അവരുടെ ഭാവത്തില്‍ നിന്നും നിങ്ങള്‍ക്ക് ആ ഭാരം കിട്ടും. അങ്ങനെയുള്ള ഒരാളെ കിട്ടിയാല്‍ വീണ്ടും വീണ്ടും കൊളാബ് ചെയ്യാന്‍ തോന്നും.
സഞ്ജു ശിവറാമിലേക്ക് എത്തുന്നത് എങ്ങനെയാണ്?
സഞ്ജുവും ഞാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കവെ ഈ സീരീസിനെക്കുറിച്ച് സംസാരിച്ചു. പിന്നീടാണ് ഞാന്‍ എന്തുകൊണ്ട് അരിക്കുട്ടന്‍ സഞ്ജു ആയിക്കൂട എന്ന് ചിന്തിക്കുന്നത്. അദ്ദേഹവും തിരുവനന്തപുരത്തുകാരനാണ്, സെന്‍സിബിള്‍ ആണ്, അദ്ദേഹത്തിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നതെങ്കില്‍ സ്ട്രെസ് കുറവായിരിക്കും എന്നൊക്കെയായിരുന്നു ചിന്ത.
കോളനിയില്‍ ജീവിക്കുന്നവരെക്കുറിച്ചുള്ള പൊതുബോധത്തെ തീരുത്തുക കൂടെ ലക്ഷ്യമിട്ടിരുന്നുവോ?
സീരിസില്‍ പത്രവാര്‍ത്തകളില്‍ കാണുന്നത് ഗുണ്ടാവിളയാട്ടം എന്നാണ്. പക്ഷെ അവരോട് എന്തിന് വേണ്ടി ചെയ്തു എന്ന് ചോദിച്ചാല്‍ 10000 രൂപയ്ക്ക് വേണ്ടി ചെയ്തു, വീട്ടില്‍ വെള്ളം കയറുന്നു, വീട് എപ്പോള്‍ വേണമെങ്കിലും നഷ്ടമാകും, സ്‌കൂളിലെ അടി, അച്ഛന്‍ ജയിലിലാണ്, ടീച്ചര്‍മാര്‍ അവരെ തന്തയില്ലാത്തവര്‍ എന്ന് വിളിക്കുന്നു എന്നൊക്കെയാകും ഉത്തരം. കുറച്ചു മോശം ആളുകള്‍ വിളയാടാം എന്ന് തീരുമാനിക്കുന്നതല്ല. അതും പറയണം എന്നുണ്ടായിരുന്നു.
ദാരിദ്ര്യം മാത്രമല്ല ക്രൈമിന് കാരണമെന്നത് അംഗീകരിക്കുന്നു. മാനസികാവസ്ഥയും സാമൂഹികാവസ്ഥയുമൊക്കെ കാരണമാണ്. സൈക്കോളജിക്കല്‍ കാരണങ്ങളുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകളും കോര്‍പ്പറേറ്റ് ക്രിമിനലുകളും ചെയ്യുന്ന ക്രൈമിന്റെ അത്രയൊന്നും ഗ്യാങ്സ്റ്റര്‍ ക്രിമിനലുകള്‍ ചെയ്യുന്നില്ല. പൊലീസാണ് അവരെക്കൊണ്ട് ക്രൈം ചെയ്യിപ്പിക്കുന്നത്. അവര്‍ ജനിച്ചതേ ക്രിമിനലുകളായിട്ടല്ല. മുഖ്യധാരയിലേക്ക് അവര്‍ക്ക് എത്തണമെങ്കില്‍ ഇത്തരത്തിലൊരു എക്കോസിസ്റ്റം ഉണ്ടാക്കി അതില്‍ നിന്നുണ്ടാകുന്ന ക്യാപിറ്റില്‍ വച്ചും മറ്റുമേ സാധിക്കൂ.
ഗ്യാങ്സ് ഓഫ് വസീപൂറുമായുള്ള താരതമ്യങ്ങളെ എങ്ങനെ കാണുന്നു?
ഗ്യാങ്സ് ഓഫ് വസീപൂര്‍ കള്‍ട്ടാണ്. കോളേജ് കഴിഞ്ഞ സമയത്താണ് ആ സിനിമ കാണുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടു. അതേസമയം നാലരസംഘം ഗ്യാങ്സ് ഓഫ് വസീപൂരോ, ഗ്യാങ്സ് ഓഫ് ന്യൂയോര്‍ക്കോ, അങ്കമാലി ഡയറീസോ ഗരുഡഗമനയോ ആകരുതെന്ന് മനസിലുണ്ടായിരുന്നു. എന്നാല്‍ അതിന്റെയൊക്കെ എസെന്‍സ് വേണമെന്നും തോന്നി. ഈ ജോണറിന്റെ ആര്‍ക്ക് സിമ്പിളാണ്. എല്ലാത്തിലും ഒരേ സൈക്കിള്‍ കാണാം. ഞാനും അതാണ് തെരഞ്ഞെടുത്തത്. പക്ഷെ അതുപോലെ ആകരുതെന്നും കരുതി. ഗ്യാങ്സ് ഓഫ് വസീപൂരിനോടുള്ള താരതമ്യം സന്തോഷം നല്‍കി. എന്റെ പ്രിയപ്പെട്ട സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിന് ഒരുപാട് തവണ മെസേജ് എഴുതിയിട്ടുണ്ട്.
ഗ്യാങ്സ് ഓഫ് വസീപൂരില്‍ ഡാര്‍ക് ഹ്യൂമര്‍ മാത്രമായിരുന്നു. ഇവിടെ അതിനൊരു കാര്‍ട്ടൂണ്‍ സ്വഭാവം കൂടിയുണ്ട്. കുറേക്കൂടി എക്സാജറേറ്റഡ് ആണ്. അത് എന്റെ സ്‌റ്റൈല്‍ ആണെന്ന് കണ്ടെത്തി വരുന്നതേയുള്ളൂ. ഐറിഷ്മാനും നായകനിലുമൊക്കെ തന്റെ പവര്‍ വച്ച് ആളുകളെ ഡോമിനേറ്റ് ചെയ്യുന്ന കാരിസ്മാറ്റിക് ഡോണിനെയാണ് കാണുക. അതിനെ ബ്രേക്ക് ചെയ്യമണമെന്ന് കരുതി. അങ്ങനെയാണ് മുണ്ടും പോയി, ഉത്സവവും പോയി, കുഴി ഞരമ്പും പോയി, ഉണ്ട കേറി നില്‍ക്കുന്ന അവസ്ഥയിലേക്ക് ഡോണ്‍ എത്തുന്നത്. അത്തരത്തിലാണ് മറ്റു ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാകുന്നത്.
ഇഷ്ടപ്പെട്ട ഗ്യാങ്സ്റ്റര്‍ സിനിമകള്‍ ഏതൊക്കെയാണ്?
ഗുഡ്ഫെല്ലാസ് ആണ് ഏറ്റവും മുകളില്‍. പിന്നെ ഗ്യാങ്സ് ഓഫ് വസീപൂര്‍, സത്യ, ജിഗര്‍തണ്ട, ലെയര്‍ കേക്ക്, ഞാന്‍ സ്റ്റീവ് ലോപ്പസ് ഒക്കെയാണ് ഇഷ്ടം. വൈറ്റ് ടൈഗര്‍ എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ള പുസ്തകമാണ്. സഞ്ജുവിന്റെ കഥാപാത്രം ഒരു വൈറ്റ് ടൈഗറാണ്. അടിത്തട്ടില്‍ നിന്നും കയറി വന്ന്, തന്റെ ഹിസ്റ്ററി മാറ്റിയെഴുതുന്ന നായകന്‍.
അടുത്ത സീസണ്‍ ഉണ്ടാകില്ലേ?
സോണിയ്ക്ക് പിച്ച് ചെയ്തിട്ടുണ്ട്. മൂന്ന് എപ്പിസോഡിനുള്ള തിരക്കഥയും തയ്യാറാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates