ആലുവയിൽ അഞ്ച് വയസുകാരിയുടെ മരണത്തിൽ രാഷ്ട്രീയനേതാക്കൾ ഉൾപ്പടെയുള്ളവർ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പൊലീസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം പദ്മകുമാർ. നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നാണ് പദ്മകുമാർ കുറിച്ചത്.
മൂന്നു മണിക്ക് കാണാതായ കുട്ടി നാലരയ്ക്ക് മുമ്പേ കൊല്ലപ്പെടുന്നു... രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിങ് കേസിൽ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു. നമ്മൾ മൂടി പുതച്ച് കൂർക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാർ എന്നാണ് പദ്മകുമാർ കുറിച്ചത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ് എന്നും അദ്ദേഹം പറഞ്ഞു.
പദ്മകുമാറിന്‌റെ കുറിപ്പ് വായിക്കാം
മൂന്നു മണിക്ക് കാണാതായ കുട്ടി നാലരയ്ക്ക് മുമ്പേ കൊല്ലപ്പെടുന്നു... രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിങ് കേസിൽ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മൾ മൂടി പുതച്ച് കൂർക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാർ: നിരന്തരമായ ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലർച്ചയോടെ പൊലീസ് ഐഡന്റിഫൈ ചെയ്യുന്നു. അടുത്ത പ്രഭാതത്തിൽ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പൊലീസ് എടുത്തതാണ്.
വീട്ടിലും ഓഫിസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലിൽ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികൾക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂർ മുമ്പെങ്കിലും ആലുവ മാർക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാർത്തകൾ അടിച്ച് വിടുന്നതിനോ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കിൽ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങൾക്കെല്ലാം കൂടി?
പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരക്കുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കിൽ അറിഞ്ഞും അറിയാതെയും വീഴ്ചകൾ സംഭവിക്കാം. അതിനെ വിമർശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്. ഇന്നലെ മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണ്. അല്ലാതെ നമ്മളല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates