മലയാളത്തിലെ ഐക്കോണിക് സംവിധായകനാണ് പദ്മരാജന്‍. അദ്ദേഹം സംവിധാനം സിനിമകള്‍ ഇന്നും സിനിമാസ്‌നേഹികള്‍ തേടിപ്പിടിച്ചു കാണുന്നു. പുതിയ തലമുറയെ പോലും നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് പ്രതിഭാശാലിയായ ആ സംവിധായകന്‍. സിനിമയില്‍ നിറഞ്ഞുനില്‍ക്കെ, ഒട്ടും നിനച്ചിരിക്കാതെയാണ് പദ്മരാജനെ തേടി മരണമെത്തുന്നത്.
പദ്മരാജന്റെ മരണത്തെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ സംസാരിക്കുകയാണ്. നടന്‍ മോഹന്‍ലാലാണ് മരണവാര്‍ത്ത തന്നോട് പറയുന്നതെന്നാണ് സിബി മലയില്‍ പറയുന്നത്. ഭരതത്തിന്റെ ചിത്രീകരണത്തിനിടെയാണ് മോഹന്‍ലാല്‍ വന്ന് ആ വാര്‍ത്ത പങ്കിടുന്നതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ ഓര്‍ക്കുന്നത്.
''വീട്ടില്‍ പോയി അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞുവെങ്കിലും ലാല്‍ അന്ന് പോയില്ല. കാരണം പദ്മരാജന്‍ സാര്‍ അന്ന് വരുന്നുണ്ട്. ഞാന്‍ ഗന്ധര്‍വ്വന്‍ ഇറങ്ങിയതിന്റെ തിയേറ്റര്‍ വിസിറ്റുമായി അദ്ദേഹവും ഗുഡ് നൈറ്റ് മോഹനുമെല്ലാം കണ്ണൂര്‍ പോയിരുന്നു. അവര്‍ ഇന്ന് ഇവിടെ വന്ന് രാത്രി സ്‌റ്റേ ചെയ്തിട്ട് നാളെ പോകും. ഷൂട്ടിങ് മുടങ്ങിയ സ്ഥിതിയ്ക്ക് അദ്ദേഹം വരുമ്പോള്‍ കണ്ടിട്ട് നാളെ പോകാമെന്ന് ലാല്‍ കരുതി'' എന്നാണ് സിബി മലയില്‍ പറയുന്നത്.
''രാവിലെയായി. ഞാനും മുരളിയും ഗോപിയും കൂടെ ഭക്ഷണം കഴിച്ചോണ്ടിരിക്കുകയായിരുന്നു. ലാല്‍ ഓടി വന്ന് പപ്പേട്ടനെ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല എന്ന് പറഞ്ഞു. അതിനെന്താ, അദ്ദേഹം രാത്രി വൈകി വന്നതിനാല്‍ കിടന്നുറങ്ങുന്നതാകും എന്ന് ഞാന്‍ പറഞ്ഞു. അതല്ല നമുക്ക് ഉടനെ പോകണമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നിന്നപാടെ അങ്ങോട്ട് പോയി. പാരമൗണ്ട് ഹോട്ടലില്‍ ചെല്ലുമ്പോള്‍ അദ്ദേഹം മരിച്ചു കിടക്കുകയാണ്. ലോഹിയെ ഹോട്ടലിലാക്കിയ ശേഷം ഞങ്ങളൊക്കെ പപ്പേട്ടന്റെ ബോഡിയുടെ കൂടെ നിന്നു'' എന്നും സിബി മലയില്‍ പറയുന്നു.
സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകാരന്‍ തുടങ്ങിയ മേഖലകളിലെല്ലാം അസാധ്യ പ്രതിഭ തെളിയിച്ചിട്ടുണ്ട് പദ്മരാജന്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളാണ് പദ്മരാജന്‍. ഭരതന്‍, കെജി ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം 1980 ല്‍ മലയാള സിനിമയുടെ ഗതിമാറ്റി വിട്ട സംവിധായകനായിരുന്നു അദ്ദേഹം. പെരുവഴയമ്പലം ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് കള്ളന്‍ പവിത്രന്‍, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. 1991 ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates