ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി സാറ പട്ടേല്‍. സംഭവത്തില്‍ തനിക്ക് പങ്കുമില്ലെന്നും വളരെയധികം അസ്വസ്ഥയാണെന്നും സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തന്റെ ശരീരവും പ്രശസ്ത ബോളിവുഡ് താരത്തിന്റെ മുഖവും ചേര്‍ത്ത് ചിലര്‍ ഒരു ഡീപ് ഫെയ്ക് വിഡിയോ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. തനിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാന്‍ വളരെയധികം അസ്വസ്ഥയാണെന്നും സാറ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റര്‍നെറ്റിലെ എല്ലാം യഥാര്‍ഥമല്ലെന്നും സാറ പറഞ്ഞു.
സാറ പട്ടേലിന്റെ വിഡിയോയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചു തയാറാക്കിയ ഡീപ്‌ഫെയ്ക് വിഡിയോയായി രശ്മികയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രശ്മികയും പ്രതികരണവുമായി രംഗത്തുവന്നിരുന്നു. 'അങ്ങേയറ്റം ഭയാനകമാണിത്... സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇതു സംഭവിച്ചതെങ്കില്‍, എങ്ങനെ നേരിടുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കൂടുതല്‍ പേര്‍ ഇരയാകും മുന്‍പ് ഈ വിഷയത്തെ അഭിസംബോധന ചെയ്യണം.'- രശ്മിക പറഞ്ഞു.
സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കം രംഗത്തുവന്നു. ഡീപ്‌ഫെയ്ക്കുകള്‍ അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഐടി ചട്ടമനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുണ്ട്. സര്‍ക്കാരോ ഉപയോക്താവോ ശ്രദ്ധയില്‍പെടുത്തിയാല്‍ 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കം ചെയ്യണം. അഥവാ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates