ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ. ജയസൂര്യ ചിത്രം നല്ലവനിലൂടെയാണ് എസ്തർ തന്റെ സിനിമാ അഭിനയം തുടങ്ങുന്നത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യത്തിലൂടെ മലയാളത്തിന് പുറത്തും എസ്തർ ശ്രദ്ധ നേടി. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ യാത്രാ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് എസ്തർ. ഡൽഹിയിൽ പോകാൻ ആദ്യം പേടിയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായി അവിടം മാറിയെന്നും എസ്തർ കൂട്ടിച്ചേർത്തു. പിങ്ക് പോഡ്കാസ്റ്റിലാണ് എസ്തർ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
"ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ആകെ പേടിയുണ്ടായിരുന്നത് ഡൽഹിയിൽ പോകാനായിരുന്നു. അവിടെയും ഒരു മാസം ഞാൻ ചെലവഴിച്ചു. ഒറ്റയ്ക്ക് പോണോ എന്ന് എന്റെ വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. ആകെ അവർ ചോദിച്ചത് ഡൽഹിയുടെ കാര്യം മാത്രമായിരുന്നു.
എന്നിട്ടും ഞാൻ അവിടെ പോയി താമസിച്ചു. എനിക്കൊരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി. ഇടയ്ക്ക് ചെറുതായി സെയ്ഫ് അല്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. ഓഖ്ല എന്ന് പറയുന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ചിലയാളുകൾ കണ്ണിൽ നോക്കിയിട്ടല്ല, നെഞ്ചിൽ നോക്കിയിട്ടായിരുന്നു എന്നോട് സംസാരിച്ചത്.
കുറച്ചു കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും ഞാൻ എന്റെയും രീതിയിൽ മുന്നോട്ടു പോയി".- എസ്തർ പറഞ്ഞു. അതോടൊപ്പം ലണ്ടനിൽ പഠിച്ചു കൊണ്ടിരുന്ന സമയവും തനിക്ക് പുതിയ അനുഭവം സമ്മാനിച്ചെന്നും എസ്തർ പറഞ്ഞു.
മലയാളികളെ വളരെ കുറച്ച് മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും വിദേശികളായിരുന്നു തന്റെ സുഹൃത്തുക്കളിലധികവും എന്നും എസ്തർ കൂട്ടിച്ചേർത്തു. ഒരുപാട് കൾച്ചറൽ എക്സ്ചേഞ്ച് ആ സമയത്ത് നടന്നുവെന്നും എസ്തർ വ്യക്തമാക്കി. നിലവിൽ ദൃശ്യം 3 യുടെ ഷൂട്ടിങ് തിരക്കുകളിലാണ് എസ്തർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates