ഫഹദ് ഫാസിൽ, വടിവേലു ടീമിന്റെ പുതിയ തമിഴ് പടം. മാരീസൻ സിനിമയുടെ യുഎസ്ബി തന്നെ ഇതായിരുന്നു. വലിയ പ്രൊമോഷനോ ബഹളങ്ങളോ ഒന്നുമില്ലാതെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നതും. മാരീസനും അങ്ങനെ തന്നെയാണ്, വലിയ ബഹളങ്ങളൊന്നുമില്ലാതെ, വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ വളരെ സ്ലോ പേസിൽ പോകുന്ന കഥയാണ്.
ഒരു ജയിൽ സീനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. വടിവേലു അവതരിപ്പിക്കുന്ന അൽഷിമേഴ്സ് രോഗിയായ വേലായുധം പിള്ളയും കള്ളനായ ദയയും (ഫഹദ് ഫാസിൽ) തമ്മിൽ ഒന്നിച്ചു നടത്തുന്ന യാത്രയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
മുൻപ് സൂചിപ്പിച്ചതു പോലെ തന്നെ വളരെ സ്ലോ പേസിൽ തുടങ്ങി ഇന്റർവെല്ലോടു കൂടി ത്രില്ലർ സ്വഭാവത്തിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ് മാരീസൻ. ചെറിയൊരു ഹ്യൂമർ എലമെന്റ്സൊക്കെ ചേർത്താണ് ഫഹദിന്റെ ദയ എന്ന കാരക്ടർ ഡെവലപ് ചെയ്തിരിക്കുന്നത്. വി കൃഷ്ണമൂർത്തിയുടേതാണ് കഥ. ട്വിസ്റ്റും ത്രില്ലർ എലമെന്റ്സുമെല്ലാം നിലനിർത്തി കൊണ്ട് തന്നെയാണ് കഥയുടെ പോക്ക്. സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞതു പോലെ സെക്കന്റ് ഹാഫ് ഒരു തരത്തിലും പ്രേക്ഷകന് ഊഹിക്കാനാകില്ല. തിരക്കഥയിലെ മെല്ലെപോക്ക് സിനിമയുടെ ഫസ്റ്റ് ഹാഫിൽ കല്ലുകടിയായി മാറുന്നുണ്ട്.
കള്ളനായ ദയ (ഫഹദ്) ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പുതിയ മോഷണത്തിലേക്ക് കടക്കുകയാണ്. "എന്നെ തേടി വരുന്ന വീടുകളിലെ ഞാൻ കയറാറുള്ളൂ" എന്ന് സിനിമയിൽ ഒരിടത്ത് ദയ പറയുന്നുമുണ്ട്. ആ മോഷണശ്രമത്തിനിടയിലാണ് അയാൾ അൽഷിമേഴ്സ് രോഗിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന വേലായുധം പിള്ളയെ കണ്ടുമുട്ടുന്നത്. ഒരു ലക്ഷ്യത്തിനായി വേലായുധം പിള്ള ദയയ്ക്കൊപ്പം തന്റെ യാത്ര തുടങ്ങുകയാണ്.
വേലായുധം പിള്ള ആരാണെന്നും അയാളുടെ ഉദ്ദേശ്യമെന്താണെന്നും അയാളുടെ ഫ്ലാഷ്ബാക്ക് എന്താണെന്നുമൊക്കെ സെക്കൻഡ് ഹാഫിലാണ് പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. ദയ വേലായുധത്തില്‍ നിന്നും കാശ് മോഷ്ടിക്കാനായി നടത്തുന്ന ശ്രമങ്ങളിലൂടെ പതുക്കെ വലിയ ലോകത്തിലേക്ക് കടക്കുന്ന ത്രില്ലര്‍ രൂപമാണ് സിനിമയ്ക്കായി സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ സിനിമയിലുടനീളം ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് വലിയ പ്രാധാന്യവുമുണ്ട്. "എലിയെ പാമ്പ് തേടി പോവുകയാണ് പതിവ്, ഇവിടെ എലി പാമ്പിന്റെ അടുത്തേക്ക് തന്നെ വരുന്നു" എന്ന വടിവേലുവിന്റെ ഡയലോഗിൽ തന്നെ സിനിമയുടെ സ്വഭാവം മാറുന്നത് പ്രേക്ഷകന് കാണാനാകും.
സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഫഹദിന്റെയും വടിവേലുവിന്റെയും പെർഫോമൻസ് തന്നെയാണ്. ഒരു അൽഷിമേഴ്സ് രോഗിയുടെ നിസാഹയാവസ്ഥയും മറവിക്കുമേൽ തന്റെ ഓർമയെ തിരിച്ചു പിടിക്കാൻ അയാൾ നടത്തുന്ന ശ്രമവുമൊക്കെ വളരെ ഭംഗിയായി തന്നെ വടിവേലു അവതരിപ്പിച്ചിട്ടുണ്ട്.
"മറവി നിങ്ങൾക്കൊരു അനുഗ്രഹമാണ് സാർ" എന്ന് ഫഹദിന്റെ കഥാപാത്രം പറയുമ്പോൾ അത് അത്ര സുഖകരമല്ല എന്ന് വടിവേലു തിരിച്ചടിക്കുന്നുണ്ട്. അതിന്റെ വേദന എത്രത്തോളമുണ്ടെന്നും വേലായുധംപിള്ള പറഞ്ഞു വയ്ക്കുന്നുണ്ട്. ഇനിയിപ്പോൾ തെന്നിന്ത്യയിലെ ആസ്ഥാന കള്ളനായി ഫഹദ് മാറുമോ എന്നതാണ് സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് സ്വയം തോന്നുന്ന ചോദ്യം.
തൊണ്ടിമുതലും ദൃക്സാക്ഷിയും, വേട്ടയ്യൻ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫഹദ് നല്ല ഒന്നാന്തരം കള്ളനായെത്തിയ ചിത്രം കൂടിയാണ് മാരീസൻ. മാമന്നന് ശേഷം വടിവേലുവിനൊപ്പമുള്ള ഫഹദിന്റെ ഈ വരവും ഗംഭീരമായിട്ടുണ്ട്. ഒരു തെല്ലുപോലും ഇരുവരും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുമില്ല.
വൈകാരികമായ സീനുകളിൽ പലതും സംവിധായകനും തിരക്കഥാകൃത്തും ഉദ്ദേശിച്ചതുപോലെ പ്രേക്ഷകന് അനുഭവഭേദ്യമാകുന്നില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. ചർച്ച ചെയ്യപ്പെടേണ്ട ഒരു സംഭവത്തിലേക്കാണ് സിനിമയുടെ ക്ലൈമാക്സിൽ എത്തുന്നതെങ്കിൽ പോലും അത് വർക്കാകാതെ പോയതു പോലെയാണ് അനുഭവപ്പെട്ടത്. തുടക്കം മുതലുള്ള ഫിലോസഫി ലൈൻ തന്നെയാണ് അവസാനവും കാണാൻ കഴിയുന്നത്.
സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ ഇത്തരം സീനുകളുടെ അതിപ്രസരമാണ്. ഉപദേശമട്ടിലുള്ള ഇത്തരം രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചു കൂടി സിനിമ ആസ്വാദ്യകരമായേനെ. മറ്റൊന്ന് ഫഹദിന്റെ കഥാപാത്രം കള്ളനാണെന്ന് ആദ്യം തന്നെ സിനിമ പറയുന്നുണ്ട്. പിന്നെ അത് ഡയലോഗുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സ്ഥാപിക്കേണ്ട ആവശ്യമില്ല.
"ആളുകൾ ജാഗ്രതയോടെ ഇരിക്കാനാണ് താൻ കക്കാന്‍ പോകുന്നതെ''ന്നൊക്കെയുള്ള ഫഹദിന്റെ സംഭാഷണങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് തന്നെ തോന്നി. യുവാന്‍ ശങ്കര്‍ രാജയുടെ പശ്ചാത്തലത്തല സംഗീതവും ഒരുപരിധി വരെ സിനിമയെ ഉയര്‍ത്തുന്നുണ്ട്. പാട്ടുകൾ പ്രത്യേകിച്ച് സിനിമയിൽ ഒരു ഇംപാക്ട് നൽകിയതായി തോന്നിയില്ല.
പൊലീസ് കേസ് അന്വേഷണത്തിന്റെ രംഗങ്ങളൊന്നും അത്ര സുഖകരമായി ഫീൽ ചെയ്തില്ല. എവിടെയൊക്കെയോ ഒരു വ്യക്തത കുറവിലൂടെയാണ് സംവിധായകൻ പ്രേക്ഷകനെയും കൊണ്ടു പോകുന്നത്. കലൈ സെല്‍വന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. വേലായുധം പിള്ളയ്ക്കും ദയയ്ക്കുമൊപ്പം പ്രേക്ഷകനും യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റിലൊന്ന് ഛായാഗ്രഹകന് തന്നെയാണ്.
ഒരു റോഡ് ട്രിപ്പ് മൂവി കണ്ടിറങ്ങുന്നതിന്റെ എല്ലാ ഫീലും നൽകാൻ ഛായാഗ്രഹകനായി എന്നതും അഭിനന്ദനാർഹമാണ്. ചുരുക്കം ചില കാര്യങ്ങളൊക്കെ മാറ്റി നിർത്തിയാൽ തീർച്ചയായും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് മാരീസൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates