മലയാള സിനിമയിൽ നിന്ന് താൻ ബോധപൂർവം ഇടവേളയെടുത്തിട്ടില്ലെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. മറ്റു ഭാഷകളിൽ നിന്നുള്ള പ്രൊജക്ടുകൾ കാരണമാണ് മലയാളത്തിൽ നിന്ന് കുറച്ചുനാൾ മാറിനിൽക്കേണ്ടി വന്നതെന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും സംഗീതത്തോട് കൂടെ ജീവിക്കാൻ വിടുന്നതാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബോധപൂർവം ഇടവേളയെടുത്തു എന്ന് പറയാൻ കഴിയില്ല. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നിന്നും ഒട്ടേറെ ഓഫറുകൾ ഉണ്ടായിരുന്നു. ചില തെലുങ്ക് പ്രൊജക്ടുകൾക്ക് വേണ്ടിയാണ് മലയാളത്തിൽ നിന്ന് കുറച്ച് ഏറെക്കാലം വിട്ടുനിൽക്കേണ്ടി വന്നത്.
നാല് വർഷം തെലുങ്കിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പുതിയ ഇടങ്ങൾ, പുതിയ ആസ്വാദകർ, പുതിയ ട്രെൻഡുകൾ അതെല്ലാം തരുന്ന ത്രില്ല് വലുതാണ്. ഞാൻ ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയെന്നാണ് ചിലരെങ്കിലും കരുതുന്നത്. പക്ഷേ നാല് വർഷം അവിടെ പ്രവർത്തിച്ച ശേഷം ഇപ്പോൾ കൊച്ചിയിലാണ്".- ഗോപി സുന്ദർ പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു. "പൊതുവിൽ ഞാനൊരു ഹാപ്പി ബീയിങ് ആണെന്ന് പറയാം. മറ്റുള്ളവരിൽ നിന്ന് ഞാൻ വാലിഡേഷൻ ആഗ്രഹിക്കുന്നില്ല. എന്നെ വിമർശിക്കാനും അഭിനന്ദിക്കാനും എനിക്ക് ഞാൻ തന്നെ ധാരാളം.
നമ്മുടെ കയ്യിലെ മൊബൈൽ മാറ്റിവച്ചാൽ അല്ലെങ്കിൽ അതിലെ ഡേറ്റ ഓഫ് ചെയ്താൽ തീരുന്ന സമാധാനക്കേട് മാത്രമേ സോഷ്യൽ മീഡിയ ട്രോളുകൾക്ക് തരാൻ കഴിയൂ. വ്യക്തിപരമായ ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഒരു വ്യക്തമായ അതിർത്തി ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ സ്വകാര്യതയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. എന്നെ എന്റെ സംഗീതത്തോട് കൂടെ ജീവിക്കാൻ വിടുന്നതാണ് എനിക്ക് ഇഷ്ടം". -ഗോപി സുന്ദർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates