Gouri Kishan ഇന്‍സ്റ്റഗ്രാം
Entertainment

'എന്റെ ശരീരത്തെക്കുറിച്ച് കമന്റ് ചെയ്താല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ? അങ്ങനെ ചോദിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു'; തുറന്നടിച്ച് ഗൗരി കിഷന്‍

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രസ് മീറ്റിനിടെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെതിരെ തുറന്നടിച്ച് ഗൗരി ജി കിഷന്‍. നടിയുടെ ഭാരമെത്രയാണെന്ന് ചിത്രത്തിലെ നായകനോട് ചോദിച്ച യൂട്യൂബര്‍ക്ക് ഗൗരി മറുപടി നല്‍കുകയായിരുന്നു. പുതിയ സിനിമയായ അദേഴ്‌സിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വ്‌ളോഗറുടെ ചോദ്യവും അതിന് ഗൗരി നല്‍കിയ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന് പിന്തുണയുമായി നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

തനിക്ക് നേരിടേണ്ട വന്ന അവഹേളനത്തെ ഗൗരി ചോദ്യം ചെയ്തതും മാധ്യമപ്രവര്‍ത്തകരുടെ സംഘം താരത്തിനെതിരെ തിരിയുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്നാല്‍ അതിനെ ശക്തമായി തന്നെ ഗൗരി നേരിടുന്നുണ്ട്. വിഡിയോ വൈറലായതോടെ ഇന്‍സ്റ്റഗ്രാമിലൂടെ വീണ്ടും ഗൗരി കിഷന്‍ പ്രതികരിച്ചു.

പുരുഷന്മാരാല്‍ നിറഞ്ഞൊരു മുറിയില്‍ നിശബ്ദയാക്കാന്‍ ശ്രമിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്താല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ എന്നാണ് തന്റെ വിഡിയോ പങ്കുവച്ചു കൊണ്ട് ഗൗരി ചോദിക്കുന്നത്. എങ്കില്‍ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ലെന്നും താരം പറയുന്നു.

ചോദ്യം നിന്നോടല്ല, നീയെന്തിനാണ് പ്രതികരിക്കുന്നത്? എന്നാണ് ചോദിക്കുന്നത്. എന്നാല്‍ എന്റെ ശരീരത്തെക്കുറിച്ച് കമന്റ് ചെയ്തിട്ട് ഞാന്‍ എന്തിനാണ് പ്രതികരിക്കുന്നതെന്ന് ചോദിക്കാനുള്ള ധൈര്യം അവര്‍ക്കെങ്ങനെയുണ്ടായി? അസംബന്ധമാണിതെന്നും ഗൗരി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഗൗരിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

പ്രസ് മീറ്റിനിടെ അദേഴ്‌സിലെ നായകനോട് ഗൗരിയുടെ ഭാരം എത്രയാണെന്ന് ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചിത്രത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ടായിരുന്നു. ഇത് ബോഡി ഷെയ്മിങ്ങാണെന്നും എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഗൗരി മറുപടി നല്‍കി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിയോട് കയര്‍ക്കുകയാണുണ്ടായത്. താന്‍ ചോദിച്ചത് സാധാരണ ചോദിക്കുന്ന ചോദ്യമാണെന്നായിരുന്നു അയാളുടെ മറുപടി.

എന്നാല്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം എന്തിന് ചോദിച്ചുവെന്നും ഇത് ജേര്‍ണലിസം അല്ലെന്നുമായിരുന്നു ഗൗരിയുടെ മറുപടി. എനിക്ക് വണ്ണമുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? തമിഴ് സിനിമയിലെ നായികമാരെല്ലാം മെലിഞ്ഞിരിക്കണമെന്ന് വല്ല നിയമവും ഉണ്ടോ എന്നും ഗൗരി തിരിച്ചടിച്ചു. പ്രസ് മീറ്റിലുണ്ടായിരുന്ന മറ്റ് മാധ്യമ പ്രവര്‍ത്തകരും ചോദ്യ കര്‍ത്താവിനെ ന്യായീകരിച്ചതോടെ രംഗം വഷളായി.

അതേസമയം ഗൗരിയ്ക്ക് നേരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘം തട്ടിക്കയറുമ്പോഴും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടിയെ പിന്തുണയ്ക്കാതിരുന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ അബിന്‍ ഹരിഹരനും നായകന്‍ ആദിത്യ മാധവനും നടിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാതിരുന്നതില്‍ ആദിത്യ മാധവന്‍ ക്ഷമ ചോദിച്ചു.

Gouri Kishan reacts to others press meet incident. calls out the audacity of media to body shame her. Says she will not sit silently if insulted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഗ്നിബാധ എറണാകുളം- ടാറ്റനഗര്‍ എക്‌സ്പ്രസില്‍

ട്രെയിന് തീപിടിച്ച് ഒരു മരണം, ബാലമുരുകൻ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രണയ ബന്ധത്തിൽ പുരോഗതി, ജോലിയിൽ ഉയർച്ച, കുടംബത്തിൽ സന്തോഷം

മാലിന്യ കൂമ്പാരത്തിലെ ബാ​ഗിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടി, മുഖം കത്തിക്കരിഞ്ഞ നിലയിൽ

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

SCROLL FOR NEXT