പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കടം നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നും ഇത് ചോദ്യം ചെയ്തതോടെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് കണാരന്‍ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയുണ്ടെന്നും ദ ഫനല്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് കണാരന്‍ പറയുന്നു.
''ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള്‍ കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു. ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന്‍ കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.'' എന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്.
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നുവെന്നും ഹരീഷ് പറയുന്നു. നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്‍ട്രോളര്‍. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതിയെന്നും ഹരീഷ് പറയുന്നു.
ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്‍ശന്‍ സാറിന്റെ ഫ്‌ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്‌ളാറ്റൊക്കെ വാങ്ങിയേക്കുവാണെന്നും ഹരീഷ് പറയുന്നു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.
അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര്‍ വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates