Hareesh Kanaran 
Entertainment

'സ്വന്തം മകളെപ്പോലെ കരുതിയ ജ്യേഷ്ഠന്റെ കരുതല്‍'; ദീപക്കിനൊപ്പം അതേ ബസില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്; കുറിപ്പുമായി ഹരീഷ് കണാരന്‍

ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓര്‍ത്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് കണാരനും. ദീപക്കിനെക്കുറിച്ച് മറ്റൊരു പെണ്‍കുട്ടി പറഞ്ഞ കാര്യമാണ് ഹരീഷ് പങ്കുവച്ചിരിക്കുന്നത്. ജെറി പൂക്കാല എഴുതിയൊരു കുറിപ്പാണ് ഹരീഷ് പങ്കുവച്ചിരിക്കുന്നത്. പെണ്‍കുട്ടി ഒരു വ്‌ളോഗറോട് പറഞ്ഞ കാര്യങ്ങളാണ് കുറപ്പിലുള്ളത്. ഹരീഷിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആ വാക്കുകളിലേക്ക്:

ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്. സോഷ്യല്‍ മീഡിയ 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് അതേ ബസ്സില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും.

ഏകദേശം ഒരു വര്‍ഷം മുന്‍പ് അതേ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെണ്‍കുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്‌സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി?' എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോള്‍ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതല്‍ ആയിരുന്നു അത്.

അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളിക എടുത്തു നല്‍കി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാന്‍ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു. പരീക്ഷയെ ഓര്‍ത്ത് പേടിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ആ കുട്ടി ഇന്നും ഓര്‍ക്കുന്നുണ്ട്. 'എന്തിനാ പേടിക്കുന്നത്? എന്റെ ഈ പ്രായത്തിലും ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാന്‍ പറ്റുമോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നല്‍കിയ മനുഷ്യന്‍. അതുകൊണ്ടാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓര്‍ത്തിരുന്നത്. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയുന്ന, അന്യന്റെ വേദന കണ്ടാല്‍ മനസ്സലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്.

ചെയ്യാത്ത തെറ്റിന് ലോകം മുഴുവന്‍ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോള്‍, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താന്‍ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കില്‍ ഈ സത്യം ഒരുപക്ഷെ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം. ആദരാജ്ഞലികള്‍ സഹോദരാ. ലിയാസ് ലത്തീഫ് എന്ന ഇന്‍സ്റ്റാഗ്രാം വ്‌ലോഗര്‍ ആണ് ഈ പെണ്‍കുട്ടിയുടെ അനുഭവം പങ്കുവെച്ചത്.

Hareesh Kanaran shares a post about Deepak. A girl remembers how he helped her knowing she was in periods. they were traveling in the same bus as in the viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

'ഗീതയും ഖുറാനും വായിക്കാതെ അസഭ്യം പറയുന്നു'; റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി മോദിയുടെ വിഡിയോ പങ്കുവച്ച് മകന്‍; പ്രതിരോധിച്ച് മക്കള്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ താരം എഫ് സി ഗോവയിൽ; കേരളാ സൂപ്പർ ലീഗിലെ പ്രകടനം നിർണ്ണായകമായി

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പൊലീസ്

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS-503 Lottery Result

SCROLL FOR NEXT