വർഷങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാൻ സന്ദർശിച്ച അനുഭവം പങ്കുവച്ച് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. 'സുന്ദരി' എന്നാണ് നടി കാബൂളിനെ വിശേഷിപ്പിക്കുന്നത്. ബമിയാൻ, ഖൈബർ പാസ്, ബാൻഡ്-ഇ-അമീർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചതിനെക്കുറിച്ചും അവിടുത്തെ ചിത്രീകരണ അനുഭവവും അവർ പങ്കുവച്ചു.
1975ൽ ധർമാത്മ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഹേമ മാലിനി അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിൽ ചിത്രീകരിച്ച ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്. "എനിക്കറിയാവുന്ന കാബൂൾ വളരെ സുന്ദരമാണ്, അവിടെയുള്ള എന്റെ അനുഭവവും മനോഹരമായിരുന്നു. കാബൂൾ എയർപോർട്ടിലാണ് ഞങ്ങൾ ചെന്നിറങ്ങിയത്. ആ സമയത്ത് മുംബൈ വിമാനത്താവളം പോലെ ചെറുതാണ് കാബൂൾ വിമാനത്താവളം. ഷൂട്ടിംഗ് നടക്കുന്ന ബാമിയാൻ, ബാൻഡ്-ഇ-അമീർ തുടങ്ങിയ സ്ഥലങ്ങളിൽ പോയി മടങ്ങിവരുന്ന വഴി താലിബാനികളെപ്പോലെ തോന്നിക്കുന്ന നീണ്ട കുർത്ത ധരിച്ച താടിയുമുള്ള മനുഷ്യരെ ഞങ്ങൾ കാണാറുണ്ട്.
ആ സമയത്ത് ഒരു പ്രശ്നവുമില്ല, എല്ലാം സമാധാനപരമായിരുന്നു. ഫിറോസ് ഖാൻ ആണ് മുഴുവൻ യാത്രയും കൈകാര്യം ചെയ്തത്. എന്റെ അച്ഛനും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഖൈബർ ചുരത്തിലൂടെ പോകുമ്പോൾ എല്ലാവരും വിശന്നിരുന്നതിനാൽ അടുത്തുള്ള ഒരു ധാബയിൽ നിർത്തി. സസ്യാഹാരികളായതിനാൽ റൊട്ടി വാങ്ങി ഉള്ളി കൂട്ടി കഴിച്ചു. നേരത്തെ പറഞ്ഞ രൂപത്തിലുള്ള പുരുഷന്മാരെ അപ്പോൾ വീണ്ടും കണ്ടിരുന്നു, അവരെ കാണുമ്പോഴേ പേടിയാകും. അവരിൽ ഭൂരിഭാഗവും ആ കാബൂളിവാലകളാണെന്ന് ഞാൻ കരുതുന്നു", ഹേമ മാലിനി പറഞ്ഞു.
നിലവിലെ അഫ്ഗാനിസ്ഥാനിലെ അവസ്ഥ വളരെ സങ്കടകരമാണെന്നും വിമാനത്താവളത്തിൽ കണ്ട ആൾക്കൂട്ടം പേടിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞുയ. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോർക്കുമ്പോൾ ഭയമാണെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates