ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കുന്നതായി നടി ഹണി റോസ്. അദ്ദേഹത്തെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ യാതൊരു ഉദ്ദേശവുമില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് പരാതി നല്‍കിയെന്നും ഹണി റോസ് പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു ഹണി റോസിന്റെ പ്രതികരണം.
'ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും നമുക്കില്ല. തുടക്കത്തില്‍ തന്നെ ഒരു 'സോറി' പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രത്തോളം നീളില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ആ ഖേദപ്രകടനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും, ആ മാപ്പപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു' എന്നാണ് ഹണി റോസ് പറയുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് പറഞ്ഞു. ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്. പിന്നാലെയാണ് ഹണി റോസ് പ്രതികരിച്ചത്.
ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates