

മമ്മൂട്ടിയോ മോഹന്‍ലാലോ? ലോകത്തിന്റെ ഏത് കോണിലും രണ്ട് മലയാളികള്‍ കണ്ടുമുട്ടിയില്‍ അവര്‍ക്കിടയില്‍ ഈ ചോദ്യം വരും. എത്രകാലം കഴിഞ്ഞാലും ആ ചോദ്യവും അതിനുള്ള ഉത്തരങ്ങളും അവസാനിക്കില്ല. ഇപ്പോഴിതാ മോഹന്‍ലാലിന്റെ യൂറോപ്യന്‍ ടൂറില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ വൈറലാകുമ്പോള്‍ ട്രാവല്‍ വ്‌ളോഗര്‍ ഹിച്ച്‌ഹൈക്കിങ് നൊമാഡ് എന്ന മഹീന്‍ എസ് ഈ ചോദ്യത്തിനുള്ള തന്റെ ഉത്തരം നല്‍കുകയാണ്.
ജര്‍മനയില്‍ നടന്ന മോഹന്‍ലാല്‍ ഷോ കാണാന്‍ പോയതിന്റെ അനുഭവമാണ് മഹീന്‍ എസ് പങ്കുവെക്കുന്നത്. നേരത്തെ മോഹന്‍ലാലിന്റെ ഡാന്‍സും പ്രകടനങ്ങളും കാണുമ്പോള്‍ അത്ര വലിയ ആകര്‍ഷണം തോന്നിയിരുന്നില്ല. പക്ഷേ, അതേ മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ എന്റെ അഭിപ്രായം പൂര്‍ണമായും മാറി എന്നാണ് മഹീന്‍ എസ് പറയുന്നത്. ആ വാക്കുകളിലേക്ക്:
മമ്മൂട്ടി ഓര്‍ ലാലേട്ടന്‍? ജര്‍മ്മനിയില്‍ നടന്ന മോഹന്‍ലാല്‍ ഷോ കാണാന്‍ പോയത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. സത്യത്തില്‍ മോഹന്‍ലാലിന്റെയോ മറ്റേതെങ്കിലും സിനിമാതാരങ്ങളുടെയോ സ്റ്റേജ് ഷോ ഞാന്‍ ഇതിന് മുമ്പ് നേരില്‍ കണ്ടിട്ടില്ല. കുട്ടിക്കാലം മുതല്‍ ഏഷ്യാനെറ്റിലെ അവാര്‍ഡ് നൈറ്റുകളും സ്റ്റേജ് പരിപാടികളും സ്ഥിരമായി കാണാറുണ്ടായിരുന്നു. അന്ന് ടിവിയില്‍ അദ്ദേഹത്തിന്റെ ഡാന്‍സും പ്രകടനങ്ങളും കാണുമ്പോള്‍ അത്ര വലിയ ആകര്‍ഷണം തോന്നിയിരുന്നില്ല. ചിലപ്പോഴൊക്കെ അത് എനിക്ക് അത്ര കണ്‍വിന്‍സിംഗ് ആണെന്ന് പോലും തോന്നിയിരുന്നില്ല.
പക്ഷേ, അതേ മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ എന്റെ അഭിപ്രായം പൂര്‍ണമായും മാറി. എന്തുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ 'The Complete Actor' എന്ന് വിളിക്കുന്നതെന്ന് ഞാന്‍ അന്നാണ് ശരിക്കും മനസ്സിലാക്കിയത്. ആ പ്രായത്തിലും അദ്ദേഹം സ്റ്റേജില്‍ കാണിച്ച എനര്‍ജിയും ഡാന്‍സും ആത്മവിശ്വാസവും അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ പ്രായത്തിലുള്ള മറ്റേതെങ്കിലും നടന് ഇത്രയും ഊര്‍ജത്തോടെയും പ്രേക്ഷകരെ ഇത്രയും ആകര്‍ഷിക്കുന്ന രീതിയിലും ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ കഴിയുമോ എന്നത് എനിക്ക് സംശയമാണ്.
റംസാന്‍ മുഹമ്മദ്, സ്വാസിക, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, അതിന്റെ കൂടെ ഗായകരായ കെഎസ് ചിത്ര, വിധു പ്രതാപ്, മറ്റ് നിരവധി കലാകാരന്മാരും ചേര്‍ന്ന് പരിപാടിയെ മനോഹരമാക്കിയെങ്കിലും, വേദിയിലെ ലാലേട്ടന്റെ സാന്നിധ്യം തന്നെ വേറിട്ടൊരു അനുഭവമായിരുന്നു. ഓരോ നിമിഷവും പ്രേക്ഷകരെ സന്തോഷിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ ശ്രമം വ്യക്തമായി കാണാമായിരുന്നു.
മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ചത് എന്ന ചര്‍ച്ച എപ്പോഴും ഉണ്ടാകും. എന്നാല്‍ ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുകയാണെങ്കില്‍, എനിക്ക് മോഹന്‍ലാലിനോടുള്ള ആരാധന വളരെ കൂടുതലായി. അതേസമയം, മമ്മൂട്ടിയുടെ ഒരു ലൈവ് പരിപാടിയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തെ നേരില്‍ കാണുകയും അദ്ദേഹത്തിന്റെ പ്രകടനം അനുഭവിക്കുകയും ചെയ്യുന്ന ദിവസം വന്നാല്‍, അദ്ദേഹത്തിന്റെയും വലിയ ആരാധകനാകാന്‍ സാധ്യതയുണ്ട്. പക്ഷേ ഇന്നത്തെ അനുഭവം എന്നെ മോഹന്‍ലാലിനോട് കൂടുതല്‍ അടുപ്പിച്ചുവെന്നത് സത്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates