താരം എന്നതിലുപരിയായി തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ആമിര്‍ ഖാന്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പരിപാടികളിലൊന്നായ സത്യമേവ ജയതേയുടെ അവതാരകനായിരുന്നു ആമിര്‍ ഖാന്‍. ഈ പരിപാടിയിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ പല പ്രശ്‌നങ്ങളേയും ആമിര്‍ ഖാന്‍ ചര്‍ച്ചകളിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. പലതും ഇന്നും ചര്‍ച്ചയാകപ്പെടുന്നതാണ്.
ഇന്നത്തെക്കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത പരിപാടിയായിരുന്നു സത്യമേവ ജയതേ. എന്നാല്‍ ആ പരിപാടിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെ പേരില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ആമിറിന്. സത്യമേവ ജയതേയിലെ ഒരു എപ്പിസോഡിന്റെ പേരില്‍ ആമിറിന് വധ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടനും സഹോദരീപുത്രനുമായ ഇമ്രാന്‍ ഖാന്‍ പറയുന്നത്.
''ആമിറിനെ എനിക്ക് ജീവിതകാലം കൊണ്ട് അറിയാം. അദ്ദേഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളും തന്റെ സമയവും ഊര്‍ജവും നിക്ഷേപിക്കുന്നതുമെല്ലാം നല്ല ഉദ്ദേശത്തോടു കൂടിയും സത്യസന്ധവും തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെയുള്ള എപ്പിസോഡ് ഒരുപാട് പേരെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഒരുപാട് വധഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.'' ഇമ്രാന്‍ ഖാന്‍ പറയുന്നു.
''പാവം മാമനെ പേടിപ്പിച്ച് രാജ്യത്തു നിന്നും തുരത്താന്‍ എത്ര നാളായി ശ്രമിക്കുന്നു. അതും ഒരു പാഠമാണ്. വളരെ പ്രധാനപ്പെട്ട, നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടൊരു പാഠം. തലതാഴ്ത്തി നില്‍ക്കണം. അധികം സംസാരിക്കരുത്. ഇല്ലെങ്കില്‍ നിന്റെ വീട്ടിലേക്ക് വരും. വീടിന് തീ വെക്കും. അപ്പോള്‍ നമ്മള്‍ പഠിക്കും'' എന്നും ഇമ്രാന്‍ പറയുന്നുണ്ട്.
സര്‍ നെയിം കാരണം വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇമ്രാന്‍ വെളിപ്പെടുത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് നടന്‍ ആയിരിക്കുന്നതും പ്രശ്‌നമാണ്. അഭിനേതാക്കള്‍ക്ക് വീട് കൊടുക്കില്ല. സ്വയം മുസ്ലീം ആയിട്ടല്ല ഐഡന്റിഫൈ ചെയ്യുന്നത്. പക്ഷെ പുറമെയുള്ളവര്‍ അങ്ങനെയാണ് തന്നെ തിരിച്ചറിയുന്നതെന്നും ഇമ്രാന്‍ പറയുന്നു. താന്‍ മതവിശ്വാസിയല്ലെന്നും തന്നെ മതമില്ലാതെയാണ് വളര്‍ത്തിയതെന്നും ഇമ്രാന്‍ പറയുന്നു.
''ഞാന്‍ മതവിശ്വാസിയല്ല. എന്നെ മതമില്ലാതെയാണ് വളര്‍ത്തിയത്. എന്റെ കുടുംബം എല്ലാത്തിന്റേയും മിക്‌സ് ആണ്. എന്റെ മുത്തച്ഛന്‍ ബംഗാളിയായിരുന്നു. ഈസ്റ്റ് പാകിസ്താനിലാണ് ജനിച്ചത്. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥിയായിട്ടാണ് വന്നത്. മുത്തശ്ശി ബ്രിട്ടീഷാണ്. അദ്ദേഹം യുകെയില്‍ ട്രെയ്‌നിങിന് പോയപ്പോഴാണ് മുത്തശ്ശിയെ കാണുന്നതും വിവാഹം കഴിക്കുന്നതും. സ്വാതന്ത്ര്യം കിട്ടി പത്ത് വര്‍ഷം പോലുമായിട്ടുണ്ടാകില്ല. ആ സമയത്താണ് ഞാന്‍ ഇന്ത്യയിലേക്ക് പോവുകയാണെന്നും ഒരു ഇന്ത്യക്കാരനെ കല്യാണം കഴിക്കുകയാണെന്നും അവര്‍ പറയുന്നത്.'' താരം പറയുന്നു.
രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ഇമ്രാന്‍ ഖാന്‍ പങ്കുവെക്കുന്നുണ്ട്. ''ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. പൗരന്മാര്‍ രാഷ്ട്രീയ നേതാക്കളുടെ ആരാധകരും പിന്തുണയ്ക്കുന്നവരുമാകണം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് തെറ്റാണ്. അവര്‍ ജനസേവകരായിരിക്കണം. നമ്മളല്ല അവരുടെ ആരാധകര്‍ ആകേണ്ടത്.'' എന്നാണ് ഇമ്രാന്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates