ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഇന്ദുലേഖ. എപ്പോഴും ചിരിക്കുന്ന മുഖത്തോടു കൂടി മാത്രമേ ഇന്ദുലേഖയെ മലയാളികള്‍ കണ്ടിട്ടുള്ളൂ. ജീവിതത്തില്‍ അവര്‍ കടന്നുപോയ കല്ലും മുള്ളും നിറഞ്ഞ പാതകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. സംവിധായകന്‍ ശങ്കരന്‍ പോറ്റിയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കുമൊരു മകളുമുണ്ട്. അദ്ദേഹത്തിന്റെ മരണവും തുടര്‍ന്ന് തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദുലേഖ ഓര്‍ത്തെടുക്കുന്നുണ്ട്.
ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബം നോക്കാന്‍ ജോലിക്ക് പോയതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന കുത്തുവാക്കുകള്‍ ഇന്ദുലേഖ ഇന്നും ഓര്‍ക്കുന്നുണ്ട്. ''പലരും അവരവരുടെ ഇഷ്ടാനുസരണം കഥകള്‍ മെനയും ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. പലപ്പോഴും ഞാന്‍ മാറിയിരുന്ന് കരഞ്ഞിട്ടുണ്ട്. പിന്നീട് ഞാന്‍ ചിന്തിച്ചു. ഇവര്‍ പറയുന്ന തരത്തില്‍ ഒരാളല്ലല്ലോ ഞാന്‍. പിന്നെന്തിന് വിഷമിക്കണം. അതോടെ ധൈര്യം കൈവന്നു'' എന്നാണ് ഇന്ദുലേഖ പറയുന്നത്.
അത്ഭുതം തോന്നിയ ഒരു കാര്യം വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകുന്നത് ഏറെയും അടുത്തു നില്‍ക്കുന്നവരില്‍ നിന്നാണ് എന്നതാണെന്നും താരം പറയുന്നു. ''മരിച്ചതിന്റെ പതിനഞ്ചാം ദിവസം ഞാന്‍ ബാങ്കിലേക്ക് പോകാനായി സ്‌കൂട്ടിയെടുത്ത് ഇറങ്ങി. അതുകണ്ട് അടുത്ത വീട്ടിലെ ഒരാളുടെ കമന്റ് കേട്ടു. 'ങാ..ഇറങ്ങീട്ടുണ്ട്'... ആ സമയത്ത് മോള്‍ക്ക് 7 വയസ്. ആലോചിച്ചിരിക്കാന്‍ പോലും സമയമില്ല. ദൈനംദിന കാര്യങ്ങള്‍ നടന്നുപോകണം. മോളെ വളര്‍ത്തണം'' താരം പറയുന്നു.
വിധവയായ ഒരു സ്ത്രീയെ ദുഖഃപുത്രിയായി കാണാനാണ് പലര്‍ക്കും താത്പര്യം. നമ്മള്‍ കരഞ്ഞുകൊണ്ട് വീടിന്റെ ഒരു മൂലയില്‍ ഇരുന്നുകൊളളണം. ജോലിക്ക് പോകുന്നത് പോലും തെറ്റായാണ് അവര്‍ കാണുന്നതെന്നും ഇന്ദുലേഖ പറയുന്നു. ജോലി ചെയ്യാതെ ഇവര്‍ എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കാറില്ലെന്നും ഇന്ദുലേഖ പറയുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സഹായ വാഗ്ദാനങ്ങളുമായി ഇറങ്ങി. ഒരാളുടെ ശല്യം അതിര് വിടുന്നു എന്ന് കണ്ടപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതികൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഇന്ദുലേഖ പറയുന്നുണ്ട്. മറ്റൊരാളുടെ വീട്ടില്‍ അറിയിക്കേണ്ടതായും വന്നുവെന്നും താരം പറയുന്നു.
''ഒരാള്‍ പറഞ്ഞു, 'സൗന്ദര്യവും സീരിയല്‍ ഓഫറുകളുമൊക്കെയുളളതു കൊണ്ടല്ലേ നീ അഹങ്കരിച്ച് നടക്കുന്നത്. അത് തീരാന്‍ ഒരു നിമിഷം മതി. ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ' എന്ന് മുഖത്ത് നോക്കി ചോദിച്ചു. അതിര് കടന്നവരോട് ഞാന്‍ പറഞ്ഞു. തത്ക്കാലം എനിക്ക് ആരുടെയും സഹായം ആവശ്യമില്ല. എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ ബോള്‍ഡായേ പറ്റൂ എന്ന് തിരിച്ചറിഞ്ഞു'' എന്നാണ് താരം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates