ചെന്നൈ: ഒന്നിനു പിറകേ ഒന്നായി വിജയ് ചിത്രം ജന നായകന് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് താഡ ജെ അബ്ദുൾ റഹിം ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കി തെരഞ്ഞെടുപ്പ് തടയാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ ഐഎൻഎൽ ആരോപിക്കുന്നു. നടനേയും സംവിധായകനേയും നിർമാതാവിനേയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. "ജോസഫ് വിജയ് നായകനായ ജന നായകൻ എന്ന ചിത്രത്തിന്റെ ഒരു ട്രെയ്‌ലർ കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിൽ മുസ്ലീം വ്യക്തി, ഗ്രാമത്തിലെ ആഘോഷത്തിനിടെ പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി കാണിക്കുന്നുണ്ട്. തുപ്പാക്കി, ബീസ്റ്റ് പോലുള്ള ചിത്രങ്ങളിൽ ജോസഫ് വിജയ് മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ട്.
സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും, ജോസഫ് വിജയ്‌യും നിർമാതാവും സംവിധായകനും ചേർന്ന് സമൂഹത്തിൽ മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നത്.
അതിനാൽ നടൻ ജോസഫ് വിജയ്, സംവിധായകൻ എച്ച് വിനോദ്, കെവിഎൻ പ്രൊഡക്ഷൻസ് ഉടമ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു". - എന്നാണ് ചെന്നൈ മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ജനുവരി ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജന നായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് റിലീസ് വൈകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates