രജനികാന്ത് നായകനായെത്തിയ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ജയിലർ 2' ഒടിടിയിലേക്ക്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിംഗിനെത്തുന്നത്. ഒക്ടോബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നവംബർ 12 മുതൽ ചിത്രം പ്രൈം വിഡിയോയിൽ ലഭ്യമാകും.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. "ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഈസ് ബാക്ക്, റീലോഡഡ്" എന്ന അടിക്കുറിപ്പോടെയാണ് പ്രൈം വിഡിയോ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
സാക്നിൽക് റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് 22-ാം ദിവസമാകുമ്പോൾ ജയിലർ 2 ഇന്ത്യയിൽ നിന്ന് 545.30 കോടി രൂപ ഗ്രോസ് കളക്ഷനും, 466.22 കോടി രൂപ നെറ്റ് കളക്ഷനും നേടിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 820 കോടി രൂപ കവിഞ്ഞു. എക്കാലത്തെയും ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ഇത് മാറി.
മോഹൻലാൽ, ഹൃത്വിക് റോഷൻ, വിജയ് സേതുപതി എന്നിവരടക്കം ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. എസ് ജെ സൂര്യ, ശിവരാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ, രമ്യ കൃഷ്ണൻ, നമോ നാരായണ, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതേസമയം, ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷനാകും ഒടിടിയില്‍ വരിക എന്ന് അഭ്യൂഹങ്ങളുണ്ട്. മോഹന്‍ലാലിന്റേതടക്കം തിയറ്ററില്‍ വന്‍ തോതില്‍ കട്ട് ചെയ്തുപോയ പല ഭാഗങ്ങളും ഒടിടിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്.
ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ജയിലര്‍ 2വിന് ഏകദേശം മുപ്പത് മിനുറ്റോളം അധിക ദൈര്‍ഘ്യം ഉണ്ടാകുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates