തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ അണിയറ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജേസൺ തന്റെ അച്ഛൻ വിജയ്‌യെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ബിഹൈൻഡ്‌വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം പങ്കുവെച്ചത്.
"ജേസൺ സ്റ്റാതം 'സിഗ്മ' കണ്ട് ഇഷ്ടപ്പെട്ട് നിങ്ങളോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചാൽ, തമിഴ് സിനിമയിൽ നിന്ന് ആരെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിപ്പിക്കാൻ തിരഞ്ഞെടുക്കുക?" എന്നായിരുന്നു അവതാരകയുടെ ചോദ്യം.
ഒരു നിമിഷം പോലും ആലോചിക്കാതെ "എന്റെ അപ്പ (വിജയ്). ഇരുവരും ഒരുമിച്ചാൽ അത് മികച്ചൊരു കൂട്ടുകെട്ടായിരിക്കും. ജേസൺ സ്റ്റാതം ഈ വിഡിയോ കാണണമെന്നാണ് എന്റെ ആഗ്രഹം". - എന്നായിരുന്നു ജേസന്റെ മറുപടി.
ഇതിന് പിന്നാലെ, "ഇത് കേട്ടാൽ ആളുകൾ ട്രോളുകളും മീമുകളും തുടങ്ങും," എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. "കുട്ടിക്കാലം മുതൽ ഒരുപാട് സെറ്റുകളിൽ പോകുമായിരുന്നു. അതൊരു പ്രിവിലേജും എക്സ്പ്ലോഷറുമായിരുന്നു. ബാക്കിയുള്ളവർ സിനിമയെ ഒരു എന്റർടെയ്ൻമെന്റ് മാത്രമായി കാണുമ്പോൾ എനിക്ക് സിനിമയുടെ മേക്കിങ് ജീവിതത്തിന്റെ ഭാഗമായി തോന്നി.
സിനിമയെ ഹോബിയായി കണ്ടു തുടങ്ങിയത് അവിടം മുതലാണ്". - ജേസൺ പറഞ്ഞു. അതേസമയം വിജയ് കുടുംബവുമായി അകൽച്ചയിലാണെന്നും മക്കളോട് മിണ്ടാറില്ലെന്നുമൊക്കെ തമിഴ് മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ജേസന്റെ മറുപടി. വിജയ്‌യുടെ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിലാണ് നേരത്തെ ജേസൺ സിനിമയിൽ മുഖം കാണിച്ചിട്ടുള്ളത്.
'നാൻ അടിച്ചാൽ താങ്ക മാട്ടേൻ...' എന്ന പാട്ടിൽ വിജയ് സ്റ്റൈലിൽ ഡാൻസ് കളിച്ച് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു ജേസൺ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്. 2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്.
നേരത്തെ ജൂലൈ 31 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അൻബു താസൻ, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates