ജയൻ ചേർത്തല വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് വൃത്തികേടാണ്?; കിട്ടാവുന്ന ​ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് കുറ്റം പറയുന്നു'

എത്ര സൂപ്പർ ഹിറ്റ് പടങ്ങളാണ് ലാലേട്ടനെ വച്ച് എടുത്തിട്ടുള്ളത്. അന്നൊന്നും ഈ പ്രശ്നങ്ങൾ ഒന്നുമില്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമാതാക്കളുടെ സംഘടനയുടെ നിലപാട് ന്യായമല്ലെന്ന് അമ്മ മുൻ ഭാരവാഹി നടൻ ജയൻ ചേർത്തല. ജനങ്ങളുടെ മുൻപിൽ‌ പൊടി വാരിയിട്ട് താരങ്ങൾ പ്രതിഫലം കൂട്ടുന്നതു കൊണ്ട് മാത്രമാണ് സിനിമകൾക്ക് പരാജയം സംഭവിക്കുന്നതെന്ന സത്യ വിരോധമായിട്ടുള്ള കാര്യം ജനങ്ങളുടെ മുൻപിൽ വച്ചു കൊണ്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണെന്നും ജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

"അവര്‍ക്ക് താരങ്ങളെ വേണം. എന്നാല്‍ പണം കൊടുക്കാന്‍ പറ്റില്ല. താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് വൃത്തികേടാണ്. എത്ര പേരാണ് സിനിമ കൊണ്ട് ജീവിച്ച് പോകുന്നത്. സിനിമയുടെ വിജയത്തിന് മുഖ്യകാരണങ്ങളായ താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് പഴയ കാല വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്‍മാരും ഞങ്ങള്‍ ജന്മികളും എന്ന നിലപാടാണ് ഇതിന് കാരണം.

അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. മലയാളത്തില്‍ ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളും നിര്‍മിക്കുന്നത് അഭിനേതാക്കളാണോ? സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ മാത്രമേ ആളുകള്‍ തിയറ്ററില്‍ പോയി കാണാന്‍ പാടുള്ളൂ എന്ന് പറയുന്ന അഹങ്കാരമൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി.

നല്ല സിനിമകള്‍ മലയാളത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാക്കളുണ്ട്. ചില സാഹചര്യങ്ങളില്‍ അവ നിര്‍മിക്കാന്‍ ആരും തയ്യാറായില്ല എങ്കില്‍ അഭിനേതാക്കള്‍ തന്നെ ഏറ്റെടുക്കും. അതൊന്നും പാടില്ല എന്ന് പറയുന്നത് ശരിയല്ല. വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ നിലപാട് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര് രേവതികലാമന്ദിര്‍ എന്നാണ്.

അദ്ദേഹത്തിന്റെ സിനിമകളില്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് എപ്പോഴും കാണുന്ന പേര് മേനക സുരേഷ് കുമാര്‍ എന്നാണ്. മേനക ചേച്ചി അഭിനേത്രി കൂടിയാണ്. അമ്മയിലെ അംഗവുമാണ്. സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുമോ? അദ്ദേഹത്തിന്റെ മകള്‍ കീര്‍ത്തി സുരേഷ് കോടികള്‍ വാങ്ങുന്ന നടിയാണ്. ഇന്ന് വരെ ഒരു രൂപ കുറച്ച് സിനിമ ചെയ്തതായി നമ്മുടെ അറിവിലുണ്ടോ?. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കടം തീർക്കാൻ ലാലേട്ടനും മമ്മൂക്കയും അടക്കമുള്ളവർ ഫ്രീയായി വന്ന് ഷോ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു.

ഖത്തറിൽ പ്ലാൻ ചെയ്ത് പരിപാടിക്ക് അമേരിക്കയിൽ നിന്ന് സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താണ് ലാലേട്ടൻ വന്നത്. എന്നിട്ട് അവർക്ക് അത് നടത്താൻ കഴിഞ്ഞില്ല. ആ ഷോ പരാജയപ്പെട്ടു. ഒരു സിനിമയുടെ അത്യന്താപേക്ഷിതമായ ഘടകമാണ് അതിനകത്തെ താരം എന്നുപറയുന്നത്. മലയാള സിനിമയിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ എങ്ങനെയാണ് സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടുള്ളത്? അവരുടെ താരമൂല്യം ജനങ്ങൾക്ക് അംഗീകരിക്കാൻ പറ്റിയിട്ടുള്ളതു കൊണ്ടാണ്.

മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ പുതിയ താരങ്ങളുടെയോ തല വച്ച് പോസ്റ്ററുകൾ ഇറക്കുമ്പോൾ അവരുടെ സിനിമകൾക്ക് ഫസ്റ്റ് ഡേ തൊട്ട് ജനം കയറും. അതുകൊണ്ടാണ് അവർക്ക് ചോദിക്കുന്ന തുക കൊടുക്കാൻ നിർമാതാക്കൾ തയ്യാറാകുന്നത്. ആറാംതമ്പുരാൻ പോലുള്ള സിനിമകൾ എടുത്തിട്ടുള്ള ആളാണ് സുരേഷ് കുമാർ സാർ. ലാലേട്ടന്റെ കച്ചവടത്തെ ഏറ്റവും നന്നായിട്ട് ഉപയോഗിച്ചിട്ടുള്ള പ്രൊഡ്യൂസറല്ലേ പുള്ളി.

എത്ര സൂപ്പർ ഹിറ്റ് പടങ്ങളാണ് ലാലേട്ടനെ വച്ച് എടുത്തിട്ടുള്ളത്. അന്നൊന്നും ഈ പ്രശ്നങ്ങൾ ഒന്നുമില്ല. അന്നൊന്നും പരാതി ഇല്ലാത്തതിന് കാരണം ലാഭമുണ്ടാക്കിയതു കൊണ്ടാണ്. ഇന്ന് അവരൊന്നും പ്രൊഡ്യൂസ് ചെയ്യുന്നില്ല. പുതുതലമുറയിലെ ആൾക്കാരാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. പലതും ഹിറ്റുമാണ്. താരങ്ങളെ വച്ച് എല്ലാ ഗുണങ്ങളും അനുഭവിച്ചവരാണ് ഇപ്പോൾ കുറ്റപ്പെടുത്തുന്നത്.

നിർമാതാക്കളുടെ സംഘടന ഉന്നയിച്ചിരിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. അമ്മയുമായും താരങ്ങളുമായും ബന്ധപ്പെട്ട് കിട്ടാവുന്ന ​ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട്, ആ സംഘടനയെ നാഥനില്ലാ കളരിയെന്നൊക്കെ പറയുന്നത് ശു​ദ്ധമായ വിവരക്കേടാണ്. അതിന് അവർ ഒന്നുകിൽ മാപ്പ് പറയുക, ഇല്ലെങ്കിൽ പറഞ്ഞതിൽ ദുഖം രേഖപ്പെടുത്തുക. യുക്തിയ്ക്ക് അനുസരിച്ച് ഒരു മനുഷ്യൻ ചെയ്യണ്ടത് എന്താണോ അത് അവർ ചെയ്യട്ടേ. സിനിമ കൊണ്ട് ജീവിക്കുന്ന കുറേയേറെ പേരുണ്ട്.

ജനം തിയറ്ററിലേക്ക് വരുന്ന കാലഘട്ടത്തിൽ ഇത്തരം സമരം സിനിമയെ തകർക്കും. ആൻ്റണി പെരുമ്പാവൂർ പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹത്തിന് താരങ്ങളുടെ അവസ്ഥയറിയാമെന്നും".- ജയൻ മാധ്യമങ്ങളോട് പറഞ്ഞു. താരങ്ങളുടെ തലയിൽ മെക്കിട്ട് കേറാൻ വന്നാൽ അനുവദിക്കില്ലെന്നും പൊതുജനം മണ്ടൻമാർ അല്ലെന്നും ജയൻ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT