അടുത്ത കാലത്തായി പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങി നിൽക്കുന്ന നടനാണ് ജയറാം. നിരവധി അന്യഭാഷാ ചിത്രങ്ങളിലും ബിഗ് ബജറ്റ് ചിത്രങ്ങളിലും അടുത്തിടെയായി ജയറാം ഭാഗമാകുന്നുണ്ട്. ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര ചാപ്റ്റർ 1 ലും ജയറാം ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.
രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തിയത്. ജയറാമിന്റെ കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ ‘കാന്താര ചാപ്റ്റർ 1’ന് ലഭിക്കുന്ന അഭൂതപൂർവമായ സ്വീകരണത്തിന് നന്ദി പറയുകയാണ് ജയറാം. സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ വൈകാരിക കുറിപ്പ്.
"ഭക്തിയും കഠിനാധ്വാനമെല്ലാം ആഘോഷിക്കപ്പെടുന്ന നവരാത്രിക്കാലത്തു തന്നെ പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷവും താരം പങ്കുവച്ചു. ‘കാന്താര ചാപ്റ്റർ 1’ന് നിങ്ങൾ നൽകിയ സ്നേഹത്തിനും നിരൂപണങ്ങൾക്കും പ്രശംസകൾക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നല്ല വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്.
ഈ സിനിമ ഞങ്ങൾ ആഗ്രഹിച്ച പോലെ നിങ്ങളുമായി കണക്ട് ആകുമ്പോൾ സന്തോഷവും കൃതജ്ഞതയിലും എന്റെ മനസ്സു നിറയുന്നു. ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നത്, ഭക്തി, കഠിനാധ്വാനം, അനുഗ്രഹങ്ങൾ എന്നിവ ആഘോഷിക്കുന്ന ഒരു സുപ്രധാന അവസരമായ ആയുധപൂജയുടെ ദിവസം തന്നെ ഈ മനോഹരമായ വാർത്ത എന്നിലെത്തി എന്നതാണ്.
ഇതിലും മികച്ചൊരു പ്രോത്സാഹനം എനിക്ക് ലഭിക്കാനിടയില്ല. ഋഷഭ് ഷെട്ടി നന്ദി.. ഈ പ്രക്രിയയിൽ എന്നെ വിശ്വസിച്ചതിന്! ഞങ്ങളെ ഏറ്റവും മനോഹരമായി തിരശ്ശീലയിലെത്തിക്കാൻ പരിശ്രമിച്ച മുഴുവൻ ടീമിനും എന്റെ എല്ലാ സ്നേഹവും. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. ഈ സ്നേഹം എന്നെന്നും എന്നിലുണ്ടാകും!"- ജയറാം കുറിച്ചു.
ജയറാമിന്റെ വൈകാരിക കുറിപ്പിന് കമന്റുമായി നടി പാർവതിയുമെത്തി. ‘ഞങ്ങളുടെ അഭിമാനം’ എന്നായിരുന്നു പാർവതിയുടെ കമന്റ്. ചിത്രത്തിൽ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ജയറാം എത്തുന്നത്. മണിരത്നത്തിന്റെ പൊന്നിയൻ സെൽവനു ശേഷം വേറിട്ട ലുക്കിലെത്തുന്ന ചിത്രമാണ് ‘കാന്താര ചാപ്റ്റർ 1’. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനും ജയറാമിന്റെ കഥാപാത്രത്തിനും ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates