നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്ക് കോടതി നൽകിയ ശിക്ഷാ വിധിയിൽ രൂക്ഷമായി പ്രതികരിച്ച് നടി ജുവൽ മേരി. 'എന്ത് തേങ്ങയാണിത്' എന്നാണ് പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച് ജൂവൽ മേരി കുറിച്ചത്. 'ഒരു ചൂരൽ എടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു' എന്നു ജുവൽ കുറിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു ജുവലിന്റെ പ്രതികരണം. അതേസമയം കോടതി വിധിയെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലാ എന്ന് തന്നെയാണ് പൊതുജനാഭിപ്രായം. അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ല എന്ന് അവർ വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പാക്കപ്പെട്ടിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ കമലും പ്രതികരിച്ചിരുന്നു.
"ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറ്റകൃത്യത്തിന്റെ തീവ്രത കുറഞ്ഞുപോയെന്ന് ജഡ്ജി കരുതിയോ എന്നറിയില്ല. ചെറുപ്പക്കാർ തന്നെയാണ് നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്.
അതിജീവിതയെ സംബന്ധിച്ചിടത്തോളം നീതി ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. അതിജീവിത അങ്ങനെ വിശ്വസിക്കുന്നിടത്തോളം നീതി നടപ്പായിട്ടില്ല എന്നുതന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്,’’–കമൽ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനും പ്രതികരിച്ചു.
എട്ട് വര്‍ഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. എല്ലാവര്‍ക്കുമുള്ള വലിയൊരു മാതൃകയാണവള്‍. വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates