Jewel Mary ഇന്‍സ്റ്റഗ്രാം
Entertainment

'പൊരുതി നേടിയ വിവാഹ മോചനം; സന്തോഷിച്ച് തുടങ്ങുമ്പോഴേക്കും ക്യാന്‍സര്‍ തേടി എത്തി'; ആദ്യമായി വെളിപ്പെടുത്തി ജുവല്‍ മേരി

സര്‍ജറിയ്ക്ക് ശേഷം ശബ്ദം മുഴുവന്‍ പോയി. ഇടത്തെ കൈ ദുര്‍ബലമായിപ്പോയി

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ജുവല്‍ മേരി. താനിപ്പോള്‍ വിവാഹ മോചിതയാണെന്നും 2023 ല്‍ തനിക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നുവെന്നുമാണ് ജുവല്‍ മേരിയുടെ തുറന്നു പറച്ചില്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ മേരിയുടെ വെളിപ്പെടുത്തല്‍. 2015 ലായിരുന്നു ജുവല്‍ വിവാഹിതയായത്. മലയാളികള്‍ക്ക് സുപരിചിതയായ ടെലിവിഷന്‍ അവതാരകയും നടിയുമൊക്കെയാണ് ജുവല്‍ മേരി.

''ഒറ്റവാക്കില്‍ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ വിവാഹമോചിതയായി. ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ആളാണ്. പലര്‍ക്കും അതൊരു കേക്ക് വാക്ക് ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി, വിജയിച്ചു. അങ്ങനെ രക്ഷപ്പെട്ടു. വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഇതിന് ഇടയ്ക്ക് വേറൊരു തമാശയുണ്ടായി.'' ജുവല്‍ പറയുന്നു.

മൂന്നാല് വര്‍ഷം എടുത്താണ് വിവാഹ മോചനം കിട്ടിയത്. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ ഞാന്‍ കുറേ നടന്നു. കുറേ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമാണ്. അതിനാല്‍ പോരാട്ടം എന്ന് തന്നെ പറയുമെന്നും ജുവല്‍ പറയുന്നു. പിന്നാലെയാണ് ജുവലിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് താരത്തെ തേടി രോഗമെത്തുന്നത്.

''ഇനിയെങ്കിലും ജീവിതമൊന്ന് ആസ്വദിക്കണം, സന്തോഷിക്കണം എന്ന് കരുതി. അങ്ങനെയിരിക്കെ ലണ്ടനില്‍ ഒരു ഷോയ്ക്ക് പോയി. ഒരു മാസം അവിടെ കറങ്ങി. അവിടെ സുഹൃത്തുക്കളുണ്ട് അവരെ കാണാന്‍ പോയി. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും പോയി. നല്ല ഹരം പിടിപ്പിക്കുന്ന, ഒറ്റയ്ക്കുള്ള യാത്ര. എന്റെ സന്തോഷത്തിന്റെ പാരമ്യമായിരുന്നു അത്. എന്റെ ആ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് ലണ്ടനിലാണ്.''

''കൈയ്യിലുള്ള കാശൊക്കെ പൊട്ടിച്ചാണ് തിരികെ വരുന്നത്. ഇനിയും ജോലി ചെയ്യുമെന്ന് അറിയാം. ഏഴ് വര്‍ഷമായി തൈറോയ്ഡിന്റെ പ്രശ്‌നമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഭാരത്തില്‍ വ്യത്യാസമുണ്ടാകും. കൂടെ ഇന്റേണല്‍ ട്രോമയും സ്‌ട്രസ്സും പിസിഒഡിയുമൊക്കെയുണ്ട്. റെഗുലര്‍ ചെക്കപ്പിനായി ഒരു ദിവസം പോയി. വേറൊരു കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. ചുമയ്ക്കുമ്പോള്‍ കഫം കുറച്ചധികം വരും, തൊണ്ട എപ്പോഴും ക്ലിയര്‍ ചെയ്തു കൊണ്ടിരിക്കും എന്നതല്ലാതെ വേറെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.'' ജുവല്‍ പറയുന്നു.

ഒന്ന് സ്‌കാന്‍ ചെയ്തു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. ബിഎസ് സി നഴ്‌സിങ് പഠിച്ചയാളാണ്. എന്താണ് നടക്കുന്നതെന്ന് കണ്ടാല്‍ മനസിലാകും. അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ മനസിലായി എന്നാണ് ജുവല്‍ പറയുന്നത്. എന്റെ കാലൊക്കെ തണുക്കാന്‍ തുടങ്ങി. അവരുടെ മുഖമൊക്കെ മാറാന്‍ തുടങ്ങിയിരുന്നു. പിന്നെ അവര്‍ ബയോപ്‌സി എടുത്തു നോക്കാമെന്ന് പറഞ്ഞു. എന്റെ കാല് അനങ്ങുന്നില്ല. ഞാന്‍ ഭൂമിയില്‍ ഉറഞ്ഞു പോയി. പേടിച്ച് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് പറയരുത്, എടുക്കണമെന്ന് അവര്‍ പറഞ്ഞു. എന്റെ കൈയും കാലും മരവിച്ചു പോയെന്നാണ് ജുവല്‍ പറയുന്നത്.

ഡോക്ടര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന സൂചന തന്നിരുന്നു. ബയോപ്‌സിയുടെ റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ജീവിതം സ്ലോ ആയിപ്പോയി. റിസള്‍ട്ട് വന്ന ശേഷം വീണ്ടും ഒന്നൂടെ ഉറപ്പിക്കണമെന്ന് പറഞ്ഞു. വീണ്ടും ബയോപ്‌സി എടുത്തുവെന്നും താരം പറയുന്നു. ഈ സമയമത്രയും താന്‍ വീട്ടുകാരുടെ മുന്നില്‍ പേടി കാണിച്ചതേയില്ല. പേടിയൊക്കെ ഉറഞ്ഞു പോയിരുന്നുവെന്നാണ് താരം പറയുന്നത്. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി. ഫെബ്രുവരിയിലായിരുന്നു സര്‍ജറി. എഴ് മണിക്കൂര്‍ ആയിരുന്നു സര്‍ജറിയെന്നും ജുവല്‍ പറയുന്നു.

സര്‍ജറിയ്ക്ക് ശേഷം ശബ്ദം മുഴുവന്‍ പോയി. ആറ് മാസം എടുക്കുമെന്നാണ് പറഞ്ഞത്. ഇടത്തെ കൈ ദുര്‍ബലമായിപ്പോയി. ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. രോഗാവസ്ഥയേയും വിവാഹ മോചനത്തേയുമെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വരികയാണ് ജുവല്‍ മേരി ഇന്ന്.

Jewel Mary, for the first time, opens up about cancer and divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT