സിനിമ മതിയാക്കാം എന്ന് ചിന്തിച്ച സമയമുണ്ടെന്ന് ജോജു ജോര്‍ജ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് ജോജു മനസ് തുറന്നത്. കരിയറിലെ ഒരു ഘട്ടത്തില്‍ അഭിനയം മതിയാക്കാമെന്ന് ചിന്തിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തോടെയാണതെന്നാണ് ജോജു പറയുന്നത്.
സിനിമ മതിയാക്കി വിദേശത്തേക്ക് പോകാം എന്നായിരുന്നു ജോജുവിന്റെ പ്ലാന്‍. എന്നാല്‍ അതിനിടെ താരത്തെ തേടി രാജാധിരാജ എന്ന സിനിമയെത്തി. മമ്മൂട്ടി നായകനായ ചിത്രത്തിലെ അയ്യപ്പന്‍ എന്ന ജോജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോജു പറയുന്നത്.
''കല്യാണം കഴിഞ്ഞ് രണ്ട് മക്കളുണ്ടായപ്പോള്‍ മാത്രം ഞാന്‍ അങ്ങനെ ചിന്തിച്ചു. ഭാര്യ പറഞ്ഞു, ഇരട്ട കുട്ടികളാണ് നമ്മളിങ്ങനെ ചിന്തിച്ചാല്‍ മതിയോ? അപ്പോള്‍ ഞാന്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്ത് നിര്‍വൃതിയടഞ്ഞു നില്‍ക്കുകയാണ്. എന്റെ ജീവിതം സഫലമായി, ഇതില്‍ കൂടുതല്‍ എനിക്ക് കിട്ടാനില്ല എന്ന് സന്തോഷിച്ച് നില്‍ക്കുകയാണ്. എന്നാല്‍ പിന്നെ നിര്‍ത്താമെന്ന് ഞാന്‍ വിചാരിച്ചു. ഇനി കുടുംബത്തിന് വേണ്ടി ജീവിക്കാം. അങ്ങനെ കാനഡയിലേക്ക് പോകാന്‍ വരെ ശ്രമിച്ചു. അത് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് രാജാധിരാജ എന്ന സിനിമ കിട്ടുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല'' എന്നാണ് താരം പറയുന്നത്.
സിനിമയിലെ കഷ്ടപ്പാടിന്റേയും കാത്തിരിപ്പിന്റേയും സമയത്ത് തനിക്ക് പിന്തുണയുമായി നിന്ന വീട്ടുകാരെക്കുറിച്ചും ആ കാലം താന്‍ എങ്ങനെയാണ് താന്‍ മുന്നോട്ട് പോയതെന്നും ജോജു പറയുന്നുണ്ട്.
''ഞാന്‍ വീടു നോക്കുന്ന ആളാണ്. എന്നെക്കുറിച്ച് ഒരിക്കല്‍ ലാല്‍ ജോസ് സര്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ ജോജുവിനെ പല പൊസിഷനിലും കണ്ടിട്ടുണ്ടെന്ന്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും ഹോട്ടല്‍ നടത്തുന്നയാളായിട്ടും വണ്ടി വാടകയ്ക്ക് കൊടുക്കുന്ന ആളായിട്ടും കണ്ടിട്ടുണ്ട്. ഞാന്‍ ചെയ്യാത്ത ജോലികളില്ല. അതെല്ലാം ചെയ്ത് വീട് നോക്കുകയാണ്. അപ്പോള്‍ എന്നെ ആര്‍ക്ക് കുറ്റം പറയാന്‍ പറ്റും?'' എന്നാണ് ജോജു പറയുന്നത്.
എന്റെ വീട്ടില്‍ കാശില്ല. പക്ഷെ ഞാന്‍ അപ്പനേയും അമ്മയേയും നോക്കുന്നു, ഭാര്യയേയും മക്കളേയും നോക്കുന്നു. എന്നിട്ട് ഞാനവരെ കണ്‍വിന്‍സ് ചെയ്യുകയാണ്, നമുക്കൊരു ദിവസം വരുമെന്ന്. അതിനെ ധൈര്യമെന്നോ ബുദ്ധിയില്ലായ്മ എന്നോ വിളിക്കാം. ഇന്റ്യൂഷനില്‍ വിശ്വസിക്കുമ്പോള്‍ ശരിയാകും ശരിയാകും എന്ന് ഉള്ളില്‍ നമ്മളോട് നമ്മള്‍ തന്നെ പറയും. ആഗ്രഹത്തിന്റെ പുറത്ത് സംഭവിക്കുന്നതാകാം എന്നും താരം പറയുന്നു.
Joju George once planned to quit acting and migrate to Canada. But the movie Rajadhiraja changed everthing for him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates