കഴിഞ്ഞ ദിവസമാണ് ജോജു ജോര്‍ജ് നായകനായ വരവ് തിയേറ്ററുകളിലെത്തിയത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ജോജു ജോര്‍ജ് ദേഷ്യം പിടിച്ചപ്പോള്‍ പതിനാറ് ഫോണുകള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു. ശാന്തിവിള ദിനേശിന്റെ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണം. പോയ വാരം തിയേറ്ററിലെത്തിയ മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിനേശ്. ജോജു ജോര്‍ജ് വന്ന വഴി മറന്നുവെന്നും ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത് അഞ്ച് കോടിയാണെന്നും ദിനേശ് ആരോപിച്ചിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യൂട്യൂബര്‍മാരോടാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്.
'16 ഫോണ്‍ തല്ലിപ്പൊളിച്ചുവെന്ന്. ഞാന്‍ ആരാ 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍. 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ 16 ദിവസം വേണ്ടേ? ഇതിലെ ഡാറ്റ മാറ്റണമെങ്കില്‍ത്തന്നെ സമയം വേണ്ടേ? ആകെ 10- 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ. എനിക്ക് വരുന്ന പ്രൊഡ്യൂസേഴ്‌സിനെ മുടക്കുകയാണ്'' എന്നാണ് ജോജു പറഞ്ഞത്. തന്റെ പ്രതിഫലം എത്രയാണെന്ന് ഇവിടുത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ അന്വേഷിച്ചാല്‍ അറിയാം. അഞ്ച് കോടിയുടെ പകുതിയുടെ പകുതിയാണെങ്കിലും താന്‍ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ മാത്രമെടുത്ത് വാര്‍ത്തയാക്കുന്നതിലൂടെ തന്നെ ബാധിക്കുന്നതായും ജോജുപറഞ്ഞു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കിക്കോളൂ. ദയവായി ഒരു കാര്യം വരുമ്പോള്‍ അതിന്റെ വസ്തുത മനസിലാക്കി പോസ്റ്റ് ചെയ്യൂവെന്നാണ് ജോജു പറയുന്നത്. എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്‌നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍. ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്‌നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പ്രശ്‌നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ? മുന്‍പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ?'' ജോജു ചോദിക്കുന്നു.
''31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു. 11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്റെ പണി പഠിച്ച്, മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്റെ ഗതികേട് കൊണ്ടാണ്'' എന്നും ജോജു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates