'ഇന്ത്യൻ 2' ഷൂട്ടിങ് സെറ്റിൽ വച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് നടി കാജൽ അഗർവാൾ. 100 അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക് പാഞ്ഞു വന്നുവെന്ന് കാജൽ പറയുന്നു. ആ അപകടത്തിൽ ആദ്യം മരിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും, എന്നാൽ ഏതോ ദിവ്യഹസ്തം തന്നെ അപകടം നടന്ന ടെന്റിൽ നിന്ന് വലിച്ച് പുറത്തിടുകയായിരുന്നുവെന്നും കാജൽ കൂട്ടിച്ചേർത്തു.
അതാരാണെന്ന് തനിക്ക് അറിയില്ലെന്നും കാജൽ വ്യക്തമാക്കി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാജൽ ഇക്കാര്യം പറഞ്ഞത്. "ഒരു വലിയ ആക്ഷൻ രംഗത്തിന്റെ രാത്രി ചിത്രീകരണത്തിനിടെ മോണിറ്ററിന് പിന്നിലെ ടെന്റിൽ ഇരിക്കുകയായിരുന്നു ആർട്ടിസ്റ്റുകളെല്ലാവരും.
80 വയസ്സുള്ള വൃദ്ധയായി അഭിനയിക്കാൻ പ്രോസ്തെറ്റിക് മേക്കപ്പിലായിരുന്നു ഞാൻ. പെട്ടെന്ന് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങിയപ്പോൾ ഞാനും എഴുന്നേറ്റ് ഓടി. വെപ്രാളത്തിൽ ഓടിയപ്പോൾ ഒരു മേശയിൽ തട്ടി ഞാൻ താഴെ വീണു.
അപ്പോഴാണ് ഞാൻ ഓർത്തത്, 'എന്തിനാണ് ഞാനുൾപ്പെടെ എല്ലാവരും കിടന്നു ഓടുന്നത്. ഒന്ന് തിരിഞ്ഞു നോക്കിയാലോ ?' എന്ന്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, നൂറ് അടി ഉയരമുള്ള ഒരു ക്രെയിൻ എൻ്റെ നേർക്ക് വരുന്നതാണ് കണ്ടത്. ഒറ്റ നിമിഷം കൊണ്ടാണ് ഇതെല്ലാം നടന്നത്. പെട്ടെന്ന് അത് വീഴാൻ പോകുന്നത് കണ്ടപ്പോൾ പേടിച്ച് ഞാൻ അനങ്ങാതെ നിന്നു പോയി.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. ആ നിമിഷം ഏതോ ഒരു കൈ എന്നെ ടെന്റിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്തു. ക്രെയിൻ എന്റെ തൊട്ടരികിലേക്ക് വീണു. ഞാൻ അതിലേക്ക് നോക്കി പേടിച്ച് വിറച്ചു പോയി. എന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല അപ്പോൾ. എന്റെ സ്റ്റാഫ് എന്നെ നോക്കാൻ ഓടിയെത്തി.
'നിങ്ങളാണോ എന്നെ പുറത്തേക്ക് വലിച്ചതെന്ന്' ഞാൻ അവരോട് ചോദിച്ചു. പക്ഷേ അവരെല്ലാം ദൂരെയായിരുന്നു, പിന്നെ ആരാണ് എന്നെ വലിച്ചതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. ക്രെയിൻ തകർന്നു വീണുണ്ടായ ആ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഞാൻ ആയിരുന്നു അതിൽ ആദ്യം പോകേണ്ടിയിരുന്നത്. സത്യത്തിൽ, ഞാൻ എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല.
എന്നാൽ സത്യമായിട്ടും, എന്നെ പുറത്തേക്ക് വലിച്ച ഒരു ദിവ്യഹസ്തം അവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ സത്യം ചെയ്യുന്നു. ഇത്രയും ഭയാനകമായ ഒരു അപകടം ഉണ്ടായതിന് ശേഷമാണ് ഞാൻ ഭഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങിയത്. ആ സംഭവത്തിന് ശേഷമുള്ള ദിവസങ്ങളിലും ഞാൻ മാനസികമായി അസ്വസ്ഥയായിരുന്നു. കൃഷ്ണനോട് എനിക്ക് നന്ദിയുണ്ട്.
ഇതെന്റെ കുടുംബത്തെയും ഏറെ ഭീതിയിലാഴ്ത്തിയിരുന്നു".- കാജൽ അഗർവാൾ പറഞ്ഞു. ലൈറ്റിംഗിനായി ഉപയോഗിച്ച 100 അടി ഉയരമുള്ള ക്രെയിൻ സെറ്റിന്റെ മേൽക്കൂരയിലേക്ക് തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിൽ അസിസ്റ്റന്റ് ഡയറക്ടറും ടെക്നീഷ്യൻമാരും ഉൾപ്പെടെ മൂന്ന് അണിയറപ്രവർത്തകർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പിന്നീട്, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കമൽ ഹാസനും നിർമ്മാണ കമ്പനിയും ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates