പ്രഖ്യാപിച്ചതു മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം. ആക്ഷനു പ്രധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ കമൽഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെ രൂക്ഷ മുഖഭാവത്തിലാണ് മൂന്നുപേരും. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കമലും വിജയ് സേതുപതിയും എത്തുന്നത്. കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ധീരന്മാരാണ് അധികാരത്തിലേറുക എന്ന കുറിപ്പിലാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻപത്തെപ്പോലെ വിജയിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
വിജയിനെ നായകനാക്കിക്കൊണ്ടുള്ള മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രചനയും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അനിരുദ്ധാണ് സംഗീതം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates