ത​ഗ് ലൈഫ് (Thug Life) ഫെയ്സ്ബുക്ക്
Entertainment

മാസും അല്ല, ക്ലാസും അല്ല; 'ത​ഗ് ലൈഫ്'- റിവ്യു

പ്രത്യേകിച്ച് യാതൊരു പുതുമയും സമ്മാനിക്കാതെയാണ് ത​ഗ് ലൈഫിന്റെ സഞ്ചാരം.

ഹിമ പ്രകാശ്

മണിരത്നം, കമൽ ഹാസൻ, എആർ റഹ്മാൻ- ഈ മൂന്ന് പേരുകളായിരുന്നു ത​ഗ് ലൈഫിന്റെ (Thug Life) മെയിൻ ഹൈലൈറ്റ്. പ്രഖ്യാപനം മുതൽ ചിത്രത്തിന് കിട്ടിയ സ്വീകരണവും വലുതായിരുന്നു. ഒന്നിനു പുറകെ ഒന്നായി ചിത്രം വിവാ​ദങ്ങളിൽപ്പെടുമ്പോഴും മികച്ചൊരു ദൃശ്യാനുഭവം ആയിരിക്കും മണിരത്നവും കമൽ ഹാസനും ചേർന്ന് ഒരുക്കിവച്ചിരിക്കുക എന്ന് ഓരോ പ്രേക്ഷകനും കരുതി.

രം​ഗരായ ശക്തിവേൽ (കമൽ ഹാസൻ) എന്ന ​ഗാങ്സ്റ്ററിന്റെ ജീവിതത്തിൽ നിന്നാണ് ത​ഗ് ലൈഫ് തുടങ്ങുന്നത്. 1994 ൽ ഡൽഹിയിൽ വച്ച് നടക്കുന്ന ഒരു ഫ്ലാഷ്ബാക്കിലേക്കാണ് ചിത്രം ആദ്യം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. ഡൽഹിയിലെ ഒരു ചേരിക്കുള്ളിൽ വച്ച് ​​ഗുണ്ടകളും

പൊലീസുമായുണ്ടാകുന്ന ആക്രമണത്തിൽ ഒരു പത്ര വില്പനക്കാരൻ കൊല്ലപ്പെടുകയും അയാളുടെ മകൻ അമറിനെ (സിലമ്പരശൻ) രം​ഗരായ ശക്തിവേൽ എടുത്തു വളർത്തുകയും ചെയ്യുന്നു. പിന്നീട് ദത്തുപുത്രൻ തന്നെ രം​ഗരായ ശക്തിവേലിനെതിരെ തിരിയുന്നതും ഇതിനിടയിൽ നടക്കുന്ന ചെറിയ ചില സംഭവങ്ങളുമാണ് ത​ഗ് ലൈഫ് പറയുന്നത്.

പ്രത്യേകിച്ച് യാതൊരു പുതുമയും സമ്മാനിക്കാതെയാണ് ത​ഗ് ലൈഫിന്റെ സഞ്ചാരം. ട്രെയ്‌ലറിൽ കാണിച്ചതിനപ്പുറം ഒന്നും തന്നെ സിനിമയ്ക്കുള്ളിൽ കൊണ്ടുവരാൻ സംവിധായകൻ മണിരത്നത്തിന് ആയിട്ടില്ല എന്നതാണ് വാസ്തവം. സിനിമ കാണുമ്പോൾ പലയിടങ്ങളിലും ഇതൊരു മണിരത്നം പടം തന്നെയാണോ എന്ന് പ്രേക്ഷകൻ സ്വയം ചോദിച്ചു പോകുന്ന തരത്തിലാണ് സിനിമയുടെ പോക്ക്. നായകനും ദത്തുപുത്രനും ​ഗുണ്ടാ ​ഗ്യാങുമൊക്കെ ചേർന്നുള്ള സന്തോഷകരമായ നിമിഷങ്ങളാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒരു തരത്തിലുള്ള ഹൈ മൊമന്റുകളും നൽകാതെയാണ് ഇന്റർവെൽ വരെ സിനിമ പോകുന്നത്. കുറച്ചെങ്കിലും പ്രേക്ഷകൻ എൻ​ഗേജിങ് ആയി മാറുന്നത് രണ്ടാം പകുതിയിലാണ്.

കഥയില്ലായ്മ തന്നെയാണ് ത​ഗ് ലൈഫിന്റെ വലിയ പോരായ്മ. മുൻപ് പറഞ്ഞതു പോലെ ട്രെയ്ലറിനപ്പുറത്തേക്ക് യാതൊന്നും തന്നെ സിനിമയിലില്ല. മണിരത്നം ടച്ചും ഫീലുമൊക്കെ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് പോകുന്നവർക്ക് വലിയ നിരാശയായിരിക്കും ചിത്രം. നായകന് ശേഷം 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനൊപ്പം മണിരത്നം വരുമ്പോൾ ഏറ്റവും മികച്ചത് തന്നെയാകും പ്രേക്ഷകനും പ്രതീക്ഷിക്കുക. മേക്കിങിൽ പോലും ഒരു പുതുമ തോന്നാത്ത വിധമാണ് ത​ഗ് ലൈഫ് ഒരുക്കിയിരിക്കുന്നത്. കമൽ ഹാസനും മണിരത്നവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഗെറ്റപ്പുകൾ പരീക്ഷിക്കുന്നതിൽ കമൽ ഹാസനെ വെല്ലാൻ മറ്റൊരു നടൻ ഉണ്ടാകില്ല. ത​ഗ് ലൈഫിലും മൂന്നു ​ഗെറ്റപ്പുകളിലാണ് കമൽ ഹാസനെത്തുന്നത്. രം​ഗരായ ശക്തിവേലിന്റെ മൂന്ന് കാലഘട്ടങ്ങളാണിത്. ഇത് മൂന്നും കമൽ ഹാസൻ എന്ന നടനിൽ ഭദ്രമായിരുന്നു. കുടുംബനാഥനായും ​ഗാങ്സ്റ്ററായും കമൽ ഹാസൻ തിളങ്ങി. ആയോധന കലയോടുള്ള കമൽ ഹാസന്റെ താല്പര്യം ത​ഗ് ലൈഫിലും കാണാം. നേപ്പാളിലെ മഞ്ഞു വീഴ്ചയിൽ നിന്ന് ബു​ദ്ധ സന്യാസികൾ രക്ഷിച്ചെടുക്കുന്ന രം​ഗരായ ശക്തിവേൽ നാട്ടിലേക്ക് തിരികെയെത്തുന്ന ആയോധന കലകളൊക്കെ അഭ്യസിച്ചിട്ടാണ്. ആക്ഷൻ രം​ഗങ്ങളിലും കമൽ തന്നെയാണ് മുന്നിട്ടു നിന്നത്.

കമൽ ഹാസനൊപ്പം തന്നെ അമർ എന്ന കഥാപാത്രത്തിലൂടെ ചിമ്പുവും ഒപ്പത്തിനൊപ്പം നിന്നു. മണിരത്നം ചിമ്പുവിന് ഒരുക്കിയിരിക്കുന്ന ഇൻട്രോ സീൻ ​ഗംഭീരമാണെന്ന് പറയാതെ വയ്യ. ആക്ഷൻ രം​ഗങ്ങളിലും ഇമോഷണൽ രം​ഗങ്ങളിലും ചിമ്പു സ്കോർ ചെയ്തിട്ടുണ്ട്. സിനിമ കഴിഞ്ഞാലും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് തൃഷ അവതരിപ്പിച്ച ഇന്ദ്രാണി. ആദ്യമൊക്കെ ഇന്ദ്രാണിയോട് ഒരു മുഷിച്ചിൽ തോന്നുമെങ്കിലും പതിയെ പതിയെ ഇന്ദ്രാണിയോട് പ്രേക്ഷകർക്ക് ഒരിഷ്ടം തോന്നി തുടങ്ങും. അടുത്തിടെ തൃഷ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം അല്പം വ്യത്യസ്തമാണ് ഇന്ദ്രാണി.

ജോജു ജോർജിന്റേതാണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം. കാഞ്ഞിരപ്പള്ളിക്കാരൻ പത്രോസ് എന്ന ​ഗുണ്ടയായി ജോജു തകർത്തു. ആദ്യ പകുതിയിൽ ജോജുവിന് കാര്യമായ ഡയലോ​ഗുകൾ ഒന്നുമില്ലായിരുന്നു. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോഴാണ് ജോജുവിന്റെയും ട്രാൻസ്ഫർമേഷൻ കാണാൻ കഴിയുക. കമൽ ഹാസനൊപ്പമുള്ള ആക്ഷൻ രം​ഗങ്ങളൊക്കെ ജോജു ​ഗംഭീരമാക്കി.

തമിഴകത്ത് നിന്ന് ജോജുവിന് ഇനിയും മികച്ച വേഷങ്ങൾ വരുമെന്ന കാര്യമുറപ്പാണ്. മലയാളത്തിൽ നിന്ന് ബാബു രാജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലെത്തിയിട്ടുണ്ട്. കുറച്ച് സമയമേ ഇരുവരും സിനിമയിലുള്ളൂവെങ്കിലും കമൽ ഹാസനൊപ്പമാണ് ഇരുവരുടെയും സ്ക്രീൻ സ്പെയ്സ്. രണ്ട് പേരും അവരവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി. നാസർ, അശോക് സെൽവൻ, അഭിരാമി, ഭ​ഗവതി പെരുമാൾ, അലി ഫസൽ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഭം​ഗിയാക്കി.

രവി കെ ചന്ദ്രന്റെ ഛായാ​ഗ്രഹണത്തിന് നൂറ് കൈയടി കൊടുത്താലും മതിയാകില്ല. സിനിമയുടെ മൊത്തത്തിലുള്ള പോരായ്മകളെ ഒരു പരിധി വരെ പരിഹരിച്ചു കൊണ്ടു പോകുന്നത് രവി കെ ചന്ദ്രന്റെ ഛായാ​ഗ്രഹണമാണ്. എആർ റഹ്മാന്റെ സംഗീതവും അത്ര മികച്ചതായി തോന്നിയില്ല.

രണ്ടാം പകുതിയിൽ ചിലയിടങ്ങളിലൊക്കെ പശ്ചാത്തല സംഗീതം ഒഴിവാക്കാമായിരുന്നുവെന്ന് തോന്നി. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മണിരത്നത്തിന്റെ മദ്രാസ് ടോക്കീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്ലൈമാസിലെ ആക്ഷൻ രം​ഗങ്ങൾ മാത്രമാണ് ആകെ ചിത്രത്തിൽ ചെറിയൊരു ആശ്വാസമായി തോന്നുന്നത്. എന്തായാലും മണിരത്നം- കമൽ ഹാസൻ കോമ്പോയുടെ നായകന്റെ ഏഴയലത്ത് പോലും ത​ഗ് ലൈഫ് കൊണ്ടു വയ്ക്കാൻ പറ്റില്ല. കമൽ‍ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമുള്ളവർക്ക്, ഒരു വൺ ടൈം വാച്ചബിൾ എന്ന നിലയിൽ മാത്രം ചിത്രം കണ്ടിരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT