മീശ (Meesha) ഫെയ്സ്ബുക്ക്
Entertainment

സൗഹൃദവും വേട്ടയാടലും 'മീശ'യിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയവും- റിവ്യൂ

സിനിമ തുടങ്ങുമ്പോൾ മുതൽ പലയിടത്തായി സംവിധായകൻ പല മീശകൾ അവതരിപ്പിക്കുന്നുണ്ട്.

ഹിമ പ്രകാശ്

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നമ്മുടെയൊക്കെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള, എന്തു വന്നാലും ചേർത്തു പിടിക്കുന്ന, നമ്മളെ നമ്മളാക്കി മാറ്റുന്ന ചില സുഹൃത്തുക്കളുണ്ടാകും ഓരോരുത്തർക്കും. അത്തരത്തിലുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് മീശ. കതിർ (മിഥുൻ), ഹക്കിം ഷാജഹാൻ (അനന്ദു), സുധി കോപ്പ (ഇമോദ്) എന്നീ മൂന്ന് സുഹൃത്തുക്കളിലൂടെയാണ് മീശ സഞ്ചരിക്കുന്നത്.

സൗഹൃദം, പക, പ്രതികാരം എല്ലാം മീശയിൽ നമുക്ക് കാണാനാകും. വികൃതി എന്ന സിനിമയ്ക്ക് ശേഷം എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണിത്. കഥ പറച്ചിലു കൊണ്ടും മേക്കിങ് കൊണ്ടും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയാണ് മീശ സമ്മാനിക്കുന്നത്. കാടിന്റെ വന്യതയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നേറുന്നത്.

കുട്ടിക്കാലം മുതലേ ആത്മാർഥ സുഹൃത്തുക്കളായ മിഥുനും അനന്ദുവും ഒരു പ്രശ്നത്തിന്റെ പേരിൽ പിരിയുന്നതും ഒന്നര വർഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമ തുടങ്ങുമ്പോൾ മുതൽ പലയിടത്തായി സംവിധായകൻ പല മീശകൾ അവതരിപ്പിക്കുന്നുണ്ട്. ആ മീശയിൽ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയമാണ് സിനിമയെ വേറിട്ടതാക്കുന്നത്.

വളരെ സ്ലോ മൂഡിൽ തുടങ്ങി ത്രില്ലറായി നീങ്ങുകയാണ് സിനിമ. കഥാപാത്രങ്ങളുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങളും രാഷ്ട്രീയവും ജാതിയുമെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട് സിനിമ. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയെല്ലാം ആദ്യം തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട് സംവിധായകൻ.

അതോടൊപ്പം കഥ ഒരു ഘട്ടമെത്തുന്നതുവരെ മിഥുനെ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്നുണ്ട് സംവിധായകൻ. ഫ്ലാഷ്ബാക്കുകളിലൂടെയാണ് മിഥുനെ ആദ്യം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. മിഥുനും അനന്ദുവിനുമിടയിൽ എന്തോ വലിയ കാര്യം സംഭവിച്ചിട്ടുണ്ട് എന്ന ആകാംക്ഷ നിലനിർത്താൻ സംവിധായകന് ഇതിലൂടെ കഴിഞ്ഞു.

മീശയിൽ ഏറ്റവും എടുത്ത് പറയേണ്ടത് കഥാപാത്രങ്ങളും അവരുടെ പെർഫോമൻസുമാണ്. അനന്ദു ഒരു പ്രിവിലേജ് ക്ലാസിനെ പ്രതിനിധീകരിക്കുമ്പോൾ മിഥുൻ വരുന്നത് പിന്നോക്ക വിഭാ​ഗത്തിന്റെ പ്രതിനിധിയായിട്ടാണ്. "മിഥുൻ എന്റെ മസിൽ ആണെങ്കിൽ അനന്ദു എന്റെ ബുദ്ധിയാണ്"- എന്ന് ചിത്രത്തിലൊരിടത്ത് ഒരു കഥാപാത്രം പറയുന്നുണ്ട്. ഇവിടെ തന്നെ ചില രാഷ്ട്രീയം ചിത്രം മുന്നോട്ടുവെക്കുന്നുമുണ്ട്.

യൗവനത്തിന്റെ ചോരത്തിളപ്പും പ്രസരിപ്പുമുള്ള മിഥുനെ ഒരു വീഴ്ചയ്ക്ക് ശേഷം പ്രേക്ഷകർ കാണുന്നത് മറ്റൊരു ഭാവത്തിലാണ്. ആ ഉയർത്തെഴുന്നേൽപ്പിൽ അധികാര വർ​ഗത്തിന് നേരെ എന്ത് ചെയ്യണമെന്നുള്ള ഉറച്ച ബോധ്യവുമുണ്ട് മിഥുന്. പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ എസ് കതിരിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. കതിരിന്റെ മിഥുനായുള്ള രൂപമാറ്റം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. സഞ്ജു ശിവറാം ആണ് കതിരിന് ഡബ്ബ് ചെയ്തിരിക്കുന്നത്.

ഒരുപാട് ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് ഹക്കിം ഷാജഹാൻ അവതരിപ്പിച്ച അനന്ദു. ജാതീയപരമായ മൂല്യങ്ങള്‍ കൊണ്ടുനടക്കുമ്പോഴും മിഥുനുമായുള്ള സൗഹൃദത്തിലേക്ക് അതൊന്നും കടന്നുവരാൻ അനന്ദു അനുവദിക്കുന്നില്ല. മിഥുനുമായുള്ള സൗഹൃദത്തെ അമ്മ എതിർക്കുമ്പോഴും അവിടെ ശക്തമായി തന്നെ എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട് അനന്ദു.

മിഥുന് വേണ്ടി പലപ്പോഴും സ്വന്തം മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്നുമുണ്ട് അയാൾ. എന്നാൽ അനന്ദു തന്നെയാണ് "പേരിന്റെ അറ്റത്ത് ജാതിവാലില്ലാത്ത ഒരാളായിരുന്നു തന്റെ പിതാവെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നു"വെന്ന് പറയുന്നതും. സുധി കോപ്പ അവതരിപ്പിച്ച ഇമോദ് എന്ന കഥാപാത്രവും എടുത്തു പറയേണ്ടതാണ്.

ഒരു പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായി വളരെ സാധുവായ ഒരാളായാണ് സംവിധായകൻ നമുക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇമോദിന്റെ മറ്റൊരു മുഖം പ്രേക്ഷകർ കാണുകയാണ്. സുധി കോപ്പ എന്ന നടന്റെ ​ഗംഭീര പ്രകടനമായിരുന്നു ഇതെന്ന് പറയാതെ വയ്യ. ചിത്രത്തിന്റെ ആദ്യം തന്നെ പരിചയപ്പെടുത്തുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോയുടെ കിത്തോ.

തീർത്തും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്ന് തന്നെയാണ് കിത്തോയുടെ വരവെങ്കിലും അയാളുടെ കുട്ടിക്കാലവും യൗവനുവുമെല്ലാം എങ്ങനെയാണെന്ന് കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഷൈനും കഴിഞ്ഞിട്ടുണ്ട്. രഘു എന്ന രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ ജിയോ ബേബി എത്തിയിരിക്കുന്നത്. പാവപ്പെട്ടവരെ പാവപ്പെട്ടവരായി തന്നെ തുടരാൻ നിർബന്ധിക്കുന്ന പാർട്ടിയുടെയും അധികാര വർ​ഗത്തിന്റെയും പ്രതിനിധിയാണ് അയാൾ. രഘുവിനെ ജിയോ ബേബിയും മികച്ചതാക്കി.

ജാതിയുടെ വിവിധ തലങ്ങൾ ചർച്ച ചെയ്യുന്നുണ്ട് സിനിമ. സൗഹൃദത്തിൽ അതെങ്ങനെ പ്രവർത്തിക്കുന്നു, അധികാര വർ​ഗം അതെങ്ങനെ ഉപയോ​ഗിക്കുന്നു എന്നൊക്കെ കൃത്യമായി തന്നെ സിനിമ പറഞ്ഞു പോകുന്നുണ്ട്. മീശയിലെ കൈയടി നേടുന്ന മറ്റൊന്ന് സംഭാഷണങ്ങളാണ്. പ്രേക്ഷകന്റെ മനസിൽ കൊള്ളുന്ന ചില ഡയലോ​ഗുകളുണ്ട് സിനിമയിൽ. അതിങ്ങനെ സിനിമ കഴിയുമ്പോഴും നമ്മുടെ മനസിൽ മുഴങ്ങി കൊണ്ടേയിരിക്കും.

തീരദേശത്തും കാട്ടിലുമായി നടക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. കാടിന്റെ വന്യതയും വേട്ട സ്വഭാവവുമെല്ലാം സുരേഷിന്റെ കാമറാക്കണ്ണുകളിൽ ഭദ്രമായിരുന്നു. കാട്ടിലൂടെ സഞ്ചരിക്കുമ്പോഴുള്ള പിരിമുറുക്കം കഥാപാത്രങ്ങൾ അനുഭവിക്കുന്ന സംഘർഷവും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ഛായാ​ഗ്രഹകൻ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്. സൂരജ് എസ് കുറുപ്പിന്റെ പശ്ചാത്തല സം​ഗീതവും സിനിമയുടെ ​ഗ്രാഫ് ഉയർത്തുന്നുണ്ട്. ചിത്രത്തിന്റെ വിഎഫ്എക്സ് രം​ഗങ്ങളും നന്നായി വർക്കായിട്ടുണ്ട്.

സിനിമയിൽ ഒരു പോരായ്മ അനുഭവപ്പെട്ടത് ക്ലൈമാക്സിൽ ആണ്. സിനിമ കണ്ടു തുടങ്ങുമ്പോൾ നമ്മുടെ ഉള്ളിലുള്ളൊരു ബിൽഡ് അപ് ക്ലൈമാക്സിൽ എത്തുമ്പോഴേക്കും നഷ്ടമാകുന്നുണ്ട്. ക്ലൈമാക്സ് എന്താണ് ഇങ്ങനെ ചെയ്ത് വച്ചിരിക്കുന്നേ എന്ന ചിന്തയോടെയാകും നമ്മൾ തിയറ്റർ വിടുക. മറ്റൊന്ന് ഉറ്റ സുഹൃത്തുക്കളായിട്ടു പോലും മിഥുനും അനന്ദവും തമ്മിലുള്ള ഇമോഷണൽ കണക്ഷൻ ചിലയിടങ്ങളിലെല്ലാം മിസ്‌ ആകുന്നുണ്ട്. ഇത്തരം ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ ഒരു മികച്ച കാഴ്ചാനുഭവം തന്നെയാണ് മീശ.

Cinema News: Kathir, Hakim Shah, Shine Tom Chacko Starrer Meesha movie review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT