2025 അവസാനിക്കുമ്പോൾ ഒട്ടേറെ സംഭവവികാസങ്ങളിലൂടെയാണ് മലയാള സിനിമാ ലോകം കടന്നു പോയത്. മികച്ച പ്രമേയങ്ങളും ബോക്സോഫീസ് കളക്ഷനുകളുമൊക്കെ മലയാള സിനിമയെ വാനോളം ഉയർത്തിയപ്പോൾ ഏതാനും ചില വിവാദങ്ങളും ഒരു വശത്തുണ്ടായി.
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയും വിവാദങ്ങളുണ്ടായപ്പോൾ സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത തലപ്പത്തെത്തിയതും അഭിമാന നേട്ടമായി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയായിരുന്നു ഈ വർഷം മലയാള സിനിമയിൽ ചർച്ചയാക്കപ്പെട്ട പ്രധാന വിഷയം.
എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രമുഖരടക്കം രംഗത്തെത്തുകയും ചെയ്തു. മലയാള സിനിമയുടെ എക്കാലത്തെയും തീരാനഷ്ടമായ ശ്രീനിവാസന്റെ വിയോഗത്തോടെയാണ് ഈ വർഷം വിട പറയുന്നത്. ഈ വർഷം മലയാള സിനിമാ ലോകത്ത് സംഭവിച്ച ചില പ്രധാന വിഷയങ്ങളിലൂടെ.
കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ എട്ടിന് കേസിലെ നിർണായക വിധി എത്തി. അതിജീവിതയ്ക്ക് നീതി പ്രതീക്ഷിച്ചിരുന്ന കേരള സമൂഹത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവമായിരുന്നു പുറത്തുവന്നത്.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തമാക്കി കൊണ്ടായിരുന്നു കോടതി വിധി. കേസിലെ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവിന് വിധിക്കുകയും ചെയ്തു. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി വന്നതിന് പിന്നാലെ നടൻ ദിലീപിനെതിരെ വൻ തോതിലുള്ള ജനരോഷവും ഉയർന്നിരുന്നു.
വെെകാരികമായ കുറിപ്പുമായി അതിജീവിത എത്തിയതും മലയാളത്തിൽ വൻ ചർച്ചയായി മാറിയിരുന്നു. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി എണ്ണി പറയുകയാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പില്‍. ''എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു.
പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.- എന്നും നടി കുറിച്ചിരുന്നു. നടിയ്ക്ക് പിന്തുണയുമായി മലയാളികൾ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു.
സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടതും ഈ വർഷമായിരുന്നു. ചരിത്രത്തിലാദ്യമായാണ് സംഘടനയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത്. എതിർ സ്ഥാനാർത്ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം ഉറപ്പിച്ചത്. പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ 17 അംഗങ്ങളിൽ എട്ട് പേരും വനിതകളാണ്. 248 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എംപുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ അകപ്പെട്ടു. എംപുരാൻ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു.
സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. റിലീസിന് പിന്നാലെ സിനിമയ്ക്ക് 24 കട്ടുകള്‍ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതോടെ വിവാദങ്ങള്‍ ശക്തമായി. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ അണിയറ പ്രവർത്തകർ ഒഴിവാക്കി. സംഭവത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എംപുരാന് പിന്നാലെ ജെഎസ്കെ, ഹാൽ, പ്രൈവറ്റ്, അവിഹിതം തുടങ്ങിയ സിനിമകൾക്ക് സെൻസർ ബോർഡ് കത്രിക വച്ചത് വിവാദമായി മാറിയിരുന്നു. സെൻസർ ബോർഡിൻ്റെ ഇടപെടലുകളാൽ മലയാള സിനിമയിൽ ചർച്ചകൾക്ക് വഴിതെളിയിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി അഭിനയിച്ച ജെഎസ്കെ എന്ന ചിത്രത്തിനും സെൻസർ ബോർഡ് പൂട്ടിട്ടു.
96 കട്ടുകളാണ് സിനിമയ്ക്ക് ബോർഡ് നിർദേശിച്ചത്. സിനിമയിലെ നായികയുടെ പേര് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരായ 'ജാനകി' എന്നാണെന്നും ഇത് ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നുമായിരുന്നു സിബിഎഫ്സിയുടെ കണ്ടെത്തൽ.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രത്തിലും 'സീത' ആണ് പ്രശ്നമായത്. സിനിമയിൽ നായികയെ 'സീത' എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടി. ക്ലൈമാക്സ് രംഗത്തിലായിരുന്നു ഈ കടുത്ത നടപടി. ഷെയ്ൻ നിഗം നായകനായ ഹാൽ ആണ് സെൻസർ കുരുക്കിൽ പെട്ട മറ്റൊരു ചിത്രം. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.
ഹാൽ, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ബോർഡിന്റെ കണ്ടെത്തൽ. സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു റീജിയണല്‍ സെൻസർ ഓഫീസറുടെ നിർദേശം.
ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് എന്ന ചിത്രത്തിനും സെൻസർ ചുവപ്പ് കാർഡ് ഉയർത്തി. ഇന്ദ്രൻസ്- മീനാക്ഷി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ഇടതുപക്ഷ തീവ്രവാദം' പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. അപ്പീൽ പോയ ശേഷമാണ് സിനിമയ്ക്ക് ഒൻപത് മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചത്.
ദിലീപിന്റെ കംബാക്ക് എന്ന രീതിയിൽ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ ഭ ബ. ദിലീപിനൊപ്പം ചിത്രത്തിൽ മോഹൻലാലും എത്തിയിരുന്നു. റേപ്പ് ജോക്കുകൾ അടക്കമുള്ള ചില രംഗങ്ങളാണ് ചിത്രത്തിനെതിരെ വിമർശനമുയരാൻ കാരണമായത്.
ചിത്രത്തിലൊരു രംഗത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 'തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച്' ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം വിവരിക്കുന്നതും ആ രംഗം വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഭാവനയില്‍ കാണുന്നതുമായ രംഗമാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.
'ആ സീന്‍ എഴുതിയവരും ആ ഡയലോഗ് പറഞ്ഞവരും നാണിക്കണം, സ്വയം ലജ്ജ തോന്നണം'- എന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ.
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. മലയാളി ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും സിനിമയ്ക്ക് നല്‍കിയ പ്രതിഭയായിരുന്നു അദ്ദേഹം. ഡിസംബർ 20 ന് 75-ാം വയസിലായിരുന്നു അന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates