മിമിക്രിയുടെ രാജാവാണ് കോട്ടയം നസീര്‍. മലയാള മിമിക്രി രംഗത്തെ സൂപ്പര്‍ താരം. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയപ്പോള്‍ കോമഡി വേഷങ്ങളിലൂടെയാണ് കോട്ടയം നസീര്‍ കയ്യടി നേടിയത്. ഇന്ന് കോമഡിയില്‍ നിന്നും ക്യാരക്ടര്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് കോട്ടയം നസീര്‍. ചുവടുമാറ്റത്തിലും നിറ കയ്യടികളാണ് കോട്ടയം നസീര്‍ നേടുന്നത്.
റോഷാക്ക്, വാഴ തുടങ്ങിയ സിനിമകളിലെ കോട്ടയം നസീറിന്റെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രം ജയിലര്‍ ടുവിലെ വില്ലന്‍ വേഷത്തിലും തിളങ്ങുകയും കോട്ടയം നസീര്‍. മമ്മൂട്ടിയെക്കുറിച്ച് കോട്ടയം നസീര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''ശ്രീനിയേട്ടന്റേയും രഞ്ജിത്ത് സാറിന്റേയും തിരക്കഥയിലുള്ള സിനിമയാകുമ്പോള്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. നമ്മള്‍ കൈ വെക്കേണ്ടി വരില്ല. കഥ പറയുമ്പോള്‍ ഒക്കെ ചെയ്യുമ്പോള്‍ അങ്ങനെയായിരുന്നു. കയ്യില്‍ നിന്നും ഇടേണ്ടി വന്നിട്ടില്ല. ഉള്ളത് മര്യാദയ്ക്ക് ഇട്ടാല്‍ മതി. ഇട്ടിക്കട്ട വര്‍ക്കി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നല്ല വേഷമായിരുന്നു'' കോട്ടയം നസീര്‍ പറയുന്നു.
''ആ സിനിമ ഇറങ്ങുന്ന സമയത്ത് എല്ലാവരും പറഞ്ഞിരുന്നു, നിങ്ങള്‍ക്ക് ഭയങ്കര ഗ്രോത്ത് ഉണ്ടാകുമെന്ന്. പക്ഷെ ആ പടം മുഴുവന്‍ മമ്മൂക്ക തിന്നു കളഞ്ഞു. അതാണ് സത്യം. അതുവരെ ചെയ്തു വച്ച എല്ലാം മമ്മൂക്ക ഒറ്റയ്ക്ക് വന്ന് വിഴുങ്ങിയിട്ട് പോയി. ആ പടം കാണുന്നവരെല്ലാം സംസാരിക്കുന്നത് ക്ലൈമാക്‌സിനെക്കുറിച്ചാണ്. വേറൊന്നും ചര്‍ച്ചയില്ലായിരുന്നു. മഹാ നടന്‍ ആയതിനാലാണ് അത് സാധ്യമായത്. അദ്ദേഹത്തിന്റെ മഹത്വം ആണത്'' എന്നും അദ്ദേഹം ഓര്‍ക്കുന്നു.
''മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു. അതിലും മമ്മൂക്കയുമായി എനിക്ക് കോമ്പിനേഷന്‍സ് കുറവാണ്. അവസാനം വന്ന് നില്‍ക്കുന്നതേയുള്ളൂ. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, നിന്റെ ആഗ്രഹമായിരുന്നില്ലേ എന്റെ കൂടെ അഭിനയിക്കുകയെന്നത്. ഇപ്പോള്‍ സാധിച്ചില്ലേ എന്ന്'' കോട്ടയം നസീര്‍ പറയുന്നു.
''മമ്മൂക്ക എപ്പോഴും പറയുമായിരുന്നു നീ മിമിക്രിയില്‍ നിന്നും മാറി സിനിമ ഫോക്കസ് ചെയ്യണമെന്നും നിനക്ക് നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും. റോഷാക്ക് സമയത്താണ് അത് ഒന്നും കൂടെ ഉറപ്പിച്ചു പറഞ്ഞത്. നിനക്ക് നല്ല വേഷങ്ങള്‍ കിട്ടും അതിന് വേണ്ടി നില്‍ക്കണം എന്നു പറഞ്ഞു. അത് വലിയൊരു അനുഗ്രഹമല്ലേ. അദ്ദേഹത്തെ പോലെ വലിയൊരു നടന്‍ നമ്മളോട് അങ്ങനെ പറയുകയെന്നത്. അതൊക്കെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates