അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് എഴുത്തുകാരന്‍ കെ.വി മോഹന്‍ കുമാര്‍. സിനിമാ നിര്‍മ്മാണത്തിന്റെ കോസ്‌ററ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ 3 മാസത്തെ പരിശീലനം നല്‍കണമെന്നാണ് അടൂര്‍ പറഞ്ഞതെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നതും അപഹസിക്കുന്നതും നല്ല വഴക്കമല്ലെന്നും അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മോഹന്‍ കുമാറിന്റെ പിന്തുണ. ഇതിനെ വിമര്‍ശിച്ചും നിരവധി പേരെത്തുന്നുണ്ട്. 'പരിചയകുറവുള്ളവര്‍ക്ക് ധനസഹായത്തോടൊപ്പം പരിശീലനവും നല്‍കണം എന്നു പറയാമായിരുന്നിട്ടും സ്ത്രീകള്‍ക്കും ദളിരിതര്‍ക്കും പരിശീലനം നല്‍കണം എന്നു പറയുന്നത് അത്ര നിഷ്‌കളങ്കമല്ല. ഇവര്‍ എല്ലാക്കാലവും പിന്നിലായിരിക്കും എന്ന ചിന്തയാണ് അദ്ദേഹത്തെ ഭരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇത്രയും നല്ല സിനിമകള്‍ വന്നത് ഈ അഴുക്ക് നിറഞ്ഞ മനസ്സില്‍ നിന്നാണല്ലോ എന്നാണ് സംശയിച്ചത്' എന്നായിരുന്നു ഒരാളുടെ പ്രതികരണം.
കെ.വി മോഹന്‍ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം കോണ്‍ക്ലേവില്‍ നടത്തിയതായി പറയുന്ന പ്രസ്താവനയുടെ വീഡിയോ ക്ലിപ്പിംഗ് ഞാന്‍ ചാനലിലാണ് കണ്ടത്. കെഎസ്എഫ്ഡിസി സിനിമ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുമ്പോള്‍ വനിതകള്‍ക്കായാലും പട്ടിക ജാതി / പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കായാലും സിനിമാ നിര്‍മ്മാണത്തിന്റെ കോസ്‌ററ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ 3 മാസത്തെ പരിശീലനം നല്‍കണം എന്നാണ് അദ്ദേഹം പറഞ്ഞത് . ധനസഹായം നല്‍കുന്നത് നല്ലൊരു കാര്യമാണ് എന്നും അദ്ദേഹം പറയുന്നുണ്ട് .
അതേസമയം ഒന്നര കോടി രുപ ഒരാള്‍ക്ക് കൊടുക്കുന്നതിനു പകരം 50 ലക്ഷം വീതം 3 പേര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടുതല്‍ പേരെ സിനിമാ രംഗത്തേക്ക് കൊണ്ടുവരാനായിരിക്കുമല്ലോ ആ നിര്‍ദ്ദേശം? മറ്റൊരു കാര്യം കൂടി അദ്ദേഹം പറയുന്നത് കേട്ടു. 'സൂപ്പര്‍ സ്റ്റാറുകളെ വച്ച് സിനിമ നിര്‍മിക്കാന്‍ ധനസഹായം നല്‍കരുത് '. അതും നല്ല നിര്‍ദ്ദേശമായി എനിക്ക് തോന്നി. കാരണം സൂപ്പര്‍ സ്റ്റാറിന് ഒന്നും ഒന്നരക്കോടിയും ശമ്പളം കൊടുക്കേണ്ടി വരുമല്ലോ?
പക്ഷെ ,സാമൂഹ്യ മാദ്ധ്യമങ്ങളിലെ വിമര്‍ശനം കാണുമ്പോള്‍ വസ്തുതകള്‍ വളച്ചൊടിച്ച് ജാതി വിദ്വേഷം പരത്തുന്ന അവസ്ഥയില്‍ എത്തിയതായി തോന്നുന്നു. മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച മഹാനായ ചലച്ചിത്ര സംവിധായകനാണ് അദ്ദേഹമെന്ന് നാം മറന്നു പോകുന്നു . നമ്മുടെ ചോയിസിലല്ലല്ലോ നാം ഓരോ ജാതിയിലും മതത്തിലും ജനിക്കുന്നത്. ഏതെങ്കിലുമൊരു ജാതിയിലോ മതത്തിലോ ജനിച്ചു എന്നത് നമ്മുടെ കുറ്റവുമല്ല.
( ഹിന്ദുവായി ജനിക്കുക എന്നത് എന്റെ ഓപ്ഷന്‍ ആയിരുന്നില്ല .ജനിക്കുന്നതിനു മുന്‍പ് അങ്ങനെയൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഒരു മതവും വേണ്ടെന്ന് ഞാന്‍ പറഞ്ഞേനെ. ഹിന്ദുവായി ജനിച്ചതുകൊണ്ട് വലിയൊരു ആശ്വാസം മതത്തിന്റെ വിലക്കുകളും വിശ്വാസങ്ങളും ആചാരങ്ങളും എന്റെമേല്‍ അടിച്ചേല്‍പിക്കാന്‍ ആരുമില്ല എന്നതാണ്.)
അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നതും അപഹസിക്കുന്നതും നല്ല വഴക്കമാണോ എന്ന് നമ്മുടെ പൊതുസമൂഹം വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates