മലയാളികളെ തമിഴ് പഠിപ്പിച്ച സംവിധായകനാണ് ഭാഗ്യരാജെന്ന് സംവിധായകൻ ലാൽ ജോസ്. തമിഴ് കോമഡികൾ കേട്ട് മലയാളികൾ പൊട്ടിച്ചിരിച്ചത് ഭാഗ്യരാജിന്റെ സിനിമകൾ കണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിഭയങ്കരമായിട്ടുള്ള ഹ്യൂമർ സെൻസുള്ള ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് ഭാഗ്യരാജെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
അതോടൊപ്പം അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളും ഭയങ്കര കൗതുകം നിറഞ്ഞതാണെന്നും ലാൽ ജോസ് പറഞ്ഞു. എൽജെ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഭാഗ്യരാജിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. "സിനിമയുടെ എല്ലാ വശങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. സിനിമയുടെ ആൾരൂപമായിരുന്നു ഭാഗ്യരാജ്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകൾ ഭയങ്കര കൗതുകമുണ്ടാക്കുന്ന തരത്തിലുള്ളതാണ്.
നമുക്ക് ബാലചന്ദ്ര മേനോൻ സാർ ഉള്ളതു പോലെ തമിഴ്നാട്ടിൽ ആ സമയത്ത് ഭാഗ്യരാജ് സാർ ആണ്. ബാലചന്ദ്ര മേനോൻ സാർ ഇവിടെ എല്ലാം ചെയ്തിരുന്ന ഒരാളായിരുന്നു. ബാലചന്ദ്ര മേനോൻ സാറിന്റെയും സിനിമകളുടെ പേരുകൾക്കായി ഞങ്ങൾ അന്ന് കാത്തിരിക്കുമായിരുന്നു. രസകരമായ പേരുകളായിരിക്കും. അതുപോലെ തന്നെയാണ് ഭാഗ്യരാജ് സാറിന്റെയും.
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയുടെ പേര് 'ചുവരില്ലാത്ത ചിത്രങ്ങൾ' (1979) എന്നാണ്. അതിൽ തന്നെ ആ സിനിമയെക്കുറിച്ച് നിങ്ങൾക്കൊരു ധാരണ കിട്ടും. എന്തൊരു കാവ്യാത്മകമാണ്- 'ചുവരില്ലാത്ത ചിത്രങ്ങൾ'. മലയാളികൾ ഭയങ്കരമായി അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ സിനിമകൾ ഫോളോ ചെയ്യാനും തുടങ്ങിയ സമയത്ത് 'അയ്യേ' എന്ന് മലയാളികൾ പറഞ്ഞ ഒരു പേരുണ്ട് അദ്ദേഹത്തിന്റെ സിനിമയ്ക്ക്.
'തൂറൽ നിന്ന് പോച്ച്' എന്നാണ് ആ സിനിമയുടെ പേര്. 'അയ്യേ ഇതെന്ത് പേരാണ്' എന്നൊക്കെയാണ് മലയാളികൾ അന്ന് പറഞ്ഞത്. 'ഭാഗ്യരാജിന് ഭ്രാന്തായോ' എന്നൊക്കെ നമ്മൾ പിള്ളേരുകൾ തമ്മിൽ പരസ്പരം പറയുമായിരുന്നു. പിന്നീടാണ് മനസിലായത്, 'തമിഴന്റെ തൂറൽ' എന്ന് പറഞ്ഞാൽ മഴച്ചാറൽ ആണെന്ന്.
'തൂറൽ നിന്ന് പോച്ച്' എന്ന് പറഞ്ഞാൽ ഭയങ്കര കാവ്യാത്മകമായ പേരാണ്. അതായത് മഴച്ചാറൽ നിന്ന് പോയി എന്നാണ് അർഥം. ആ മഴച്ചാറൽ നിന്ന് പോയത് എന്ത് കൊണ്ടായിരിക്കാം എന്നൊക്കെയുള്ള ഒരുപാട് ആകാംക്ഷ ഉണർത്തുന്ന ഒരു പേരാണ്. കേരളത്തിൽ മാത്രം ആ പേര് അത്ര ഏറ്റില്ല. കാരണം നമുക്കിവിടെ വേറൊരു അർഥം ഉള്ളതു കൊണ്ട്.
അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളൊക്കെ ഭയങ്കര രസമാണ്. 'മുന്താണൈ മുടിച്ച്'- ഈ സിനിമയൊക്കെ ചിന്തിക്കാൻ പറ്റാത്തതിന് അപ്പുറം ഹിറ്റായിരുന്നു അക്കാലത്ത്. 'മുന്താണൈ മുടിച്ചി'ലാണ് ഉർവശി ആദ്യമായി നായികയായി വരുന്നത്. അതിന് മുൻപ് ഉർവശി മലയാളത്തിൽ ഏതോ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അത് പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. നായികയായി ഉർവശിയെ പരിചയപ്പെടുത്തുന്നത് ഭാഗ്യരാജ് ആണ്. ഉർവശി അതോടു കൂടി സൂപ്പർ സ്റ്റാറായി". - ലാൽ ജോസ് പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates