ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഭരതന്‍ കണ്ടെത്തിയ നടന്‍, ആരവത്തില്‍  തുടങ്ങി ബറോസില്‍ അവസാനിച്ച പ്രതാപ് പോത്തന്റെ യാത്ര

1985ല്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഇതിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും നേടി

സമകാലിക മലയാളം ഡെസ്ക്

ജോര്‍ജ് ബര്‍ണാഡ് ഷായുടെ 'ആൻഡ്രോക്‌ളീസ് ആന്‍ഡ് ദി ലയണ്‍' എന്ന നാടകം കാണാനാണ് ഭരതന്‍ എത്തിയത്. ആ നാടകത്തേക്കാള്‍ ഭരതന്റെ മനസ് കീഴടക്കിയത് അതിലെ ഒരു അഭിനേതാവാണ്. തന്റെ അടുത്ത സിനിമയിലെ പ്രധാന കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് ഭരതന്‍ ആ ഇഷ്ടം പ്രകടിപ്പിച്ചത്. അങ്ങനെ 1978ല്‍ പുറത്തിറങ്ങിയ ആരവം എന്ന സിനിമയിലൂടെ പ്രതാപ് പോത്തന്‍ എന്ന പേര് സ്‌ക്രീനില്‍ തെളിഞ്ഞു. 

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ബിസിനസുകാരനുമായിരുന്ന കുളത്തുങ്കല്‍ പോത്തന്റെ മകനായി 1952 ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഊട്ടിയിലെ പഠന കാലത്ത് ചിത്രരചനയോടായിരുന്നു പ്രതാപിന് താല്‍പ്പര്യം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജിലേക്ക് പഠിക്കാന്‍ എത്തിയപ്പോള്‍  നാടകത്തോടും അഭിനയത്തോടും കമ്പമായി. സുഹൃത്തുക്കള്‍ക്കൊപ്പം നാടകത്തില്‍ അഭിനയിക്കാന്‍ കുടങ്ങുന്നത് ആ കാലത്താണ്. പഠനം കഴിഞ്ഞ് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ കോപ്പി എഡിറ്ററായി കേറിയപ്പോഴും അഭിനയത്തോടുള്ള ഇഷ്ടം തുടര്‍ന്നു. 

അരവത്തിലൂടെ അഭിനയത്തിലേക്ക് കടന്ന പ്രതാപ് പോത്തന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകത്തെ നിറസാന്നിധ്യമാവുകയായിരുന്നു. ഭരതനുമായുള്ള അടുപ്പമാണ് പ്രതാപ് പോത്തന് സിനിമയില്‍ നല്ല അവസരങ്ങള്‍ നേടിക്കൊടുത്തത്. ഭരതനൊപ്പം തകര, ലോറി, ചാമരം എന്നീ സിനിമകളിലും അഭിനയിച്ചു. അതിനിടയിലാണ് തമിഴില്‍ നിന്നും പ്രതാപ് പോത്തനെ തേടി അവസരങ്ങള്‍ എത്തുന്നത്.  നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങിയവയാണ് മികച്ച സിനിമകള്‍. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ലാണ് അവസാനം അഭിനയിച്ചത്. സിബിഐ 5 അവസാനം റിലീസായ ചിത്രം.

1979ല്‍ പുറത്തിറങ്ങിയ അഴിയാത കോലങ്ങളായിരുന്നു ആദ്യ തമിഴ് ചിത്രം. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം സിവപ്പ് എന്ന ചിത്രമാണ് പ്രതാപിനെ പ്രശസ്തിയില്‍ എത്തിക്കുന്നത്. നെഞ്ചത്തൈ കിള്ളാതെ, മൂടുപനി, പന്നീര്‍ പുഷ്പങ്ങള്‍ എന്നിവയിലെ കഥാപാത്രങ്ങളും അദ്ദേഹത്തെ തമിഴിന്റെ ഇഷ്ടനടനാക്കി. തുടക്കത്തില്‍ മലയാളത്തിലാണ് പ്രതാപ് പോത്തന്‍ അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ കൂടുതല്‍ കണ്ടത് തമിഴിലാണ്. 

1985ല്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഇതിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും നേടി. തുടര്‍ന്ന് മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തു.  ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്. 

ചലച്ചിത്രതാരം രാധികയെയാണ് പ്രതാപ് പോത്തന്‍ ആദ്യം വിവാഹം ചെയ്യുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. 1985ല്‍ വിവാഹിതരായ ഇവര്‍ 1986ല്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് അമല സത്യനാഥിനെ 1990ല്‍ വിവാഹം കഴിക്കുന്നത്. 22 വര്‍ഷം നീണ്ടുനിന്ന് ദാമ്പത്യം 2012ല്‍ അവസാനിച്ചു. ഇവര്‍ക്ക് കിയ എന്ന മകളുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT