'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കടകളില്‍ വെള്ളം കയറി, ആളുകളെ മാറ്റുന്നത് ഡിങ്കി ബോട്ടുകളില്‍
ranni flood
റാന്നി ടൗണില്‍ വെള്ളം കയറിയ നിലയില്‍
Updated on
2 min read

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് ക്രോസ് വേ മുങ്ങിയ നിലയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ടു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്.

റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി. ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുന്നു. 'ഞങ്ങളുടെ വീടിന് സമീപം ഇപ്പോള്‍ വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ടൗണില്‍ വെള്ളം വീണ്ടും ഒന്നര അടിയോളം ഉയരാനാണ് സാധ്യത. അതിനുശേഷമേ ജലനിരപ്പ് താഴാന്‍ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. പുലര്‍ച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്' -പ്രദേശവാസി പ്രതികരിച്ചു. അരമണിക്കൂര്‍ കൊണ്ട് എല്ലായിടത്തും വെള്ളം കയറിയെന്നും 2018ലെ പ്രളയത്തിന് സമാന അവസ്ഥയാണെന്നും മറ്റൊരാൾ പറഞ്ഞു.

ranni
റാന്നി ടൗണില്‍ വെള്ളം കയറിയ നിലയില്‍

2018ലെ പ്രളയത്തില്‍ 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ച കാര്യം ഓര്‍ത്തെടുത്ത വ്യാപാരി, ഇത്തവണ ജീവനക്കാരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി. '2018ലെ പ്രളയത്തില്‍ എനിക്ക് 1.5 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാല്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങുന്നതേയുള്ളൂ. കുറച്ചു ജീവനക്കാര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. അവരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയാണ്. ഇനി വെള്ളം ഉയര്‍ന്നില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെടാം.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാന്നി പാലത്തിന് സമീപത്ത് വെള്ളം ഉയര്‍ന്നതോടെ കടകളിലേക്ക് എത്താന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായ അബൂട്ടി പറഞ്ഞു. 'റാന്നിയില്‍ വളരെ പെട്ടെന്നായിരുന്നു വെള്ളം കയറിയത്. ഇപ്പോള്‍ ഒരു വ്യാപാരി പോലും ഇവിടെയില്ല, കാരണം ഭൂരിഭാഗം പേരും ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ടൗണിലെത്താന്‍ കഴിയുന്നില്ല. ഇവിടെയുള്ളവര്‍ക്ക് പോലും സാധനങ്ങള്‍ മാറ്റാന്‍ കടകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാണ്. റോഡ് എവിടെ, പുഴ എവിടെ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം വെള്ളം ഉയര്‍ന്നിരിക്കുന്നു. മുന്നോട്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പാലത്തിന് സമീപമാണ് നില്‍ക്കുന്നത്. ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല' -അബൂട്ടി പറഞ്ഞു.

ranni
റാന്നി ടൗണില്‍ വെള്ളം കയറിയ നിലയില്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ചും അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ranni flood
തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി
ranni flood
വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്
ranni flood
മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Summary

Ranni town submerged in a midnight downpour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com