പ്രിയനടൻ രിസബാവയ്ക്ക് കഴിഞ്ഞ ദിവസമാണ് മലയാള സിനിമ വിട ചൊല്ലിയത്. സിനിമാ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. ഭൂരിഭാഗം മലയാളികളുടേയും മനസിലുള്ള റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ പേര്. അല്ലെന്നാണ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
ഞാൻ രിസബാവയാണെന്ന് പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. രിസബാവ എന്ന് അറിയപ്പെടാനാണ് തനിക്കു താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ ചില മാധ്യമങ്ങളിൽ റിസബാവയെന്ന് അച്ചടിച്ചു വന്നതോടെയാണ് തന്റെ പേരും ആ പേരിനുപിന്നിലെ കഥയും പറഞ്ഞത്.
'നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയപ്പോൾ രിസബാവ എന്ന പേര് സമ്മാനിച്ചത് തിക്കുറിശ്ശി മാമനാണ്. സരിഗമപധനിസയിലെ രിയും സയും ചേർന്നാണ് രിസബാവയെന്ന പേരിട്ടത്. പിന്നീട് മാധ്യമങ്ങളിൽ രിസബാവയെന്നത് റിസബാവയായി എഴുതാൻ തുടങ്ങി. ഞാനത് ആദ്യമൊന്നും തിരുത്താൻ പോയില്ല. പക്ഷെ ഇപ്പോൾ ഞാൻ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ പ്രസിദ്ധീകരിച്ചു കാണാനാണ് എന്റെ മോഹം.'
രിസബാവയുടെ വിശദീകരണത്തിനു ശേഷമാണ് അദ്ദേഹത്തിന് തന്റെ യഥാർത്ഥ പേര് ചെറിയ രീതിയിലെങ്കിലും തിരിച്ചു കിട്ടിയത്. എന്നാൽ ഇന്നും ഭൂരിഭാഗം സിനിമാ പ്രേമികൾക്കും അദ്ദേഹം റിസബാവ തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates