77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിയും. ഫ്രഞ്ച് സംഗീതജ്ഞനും ചലച്ചിത്ര നിർമ്മാതാവുമായ ക്വെൻ്റിൻ ഡ്യൂപ്പിയൂക്‌സിൻ്റെ "ലെ ഡ്യൂക്സിം ആക്റ്റ്"(ദ് സെക്കന്‍ഡ് ആക്ട്) എന്ന ചിത്രത്തോടെയാണ് ഫെസ്റ്റിവലിന് തുടക്കമാകുക. ഇത്തവണ ഇന്ത്യന്‍ സിനിമ ലോകത്തിനും അഭിമാനിക്കാം. എട്ട് ഇന്ത്യന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ പ്രമേയത്തിലുള്ള സിനിമകളാണ് കാനില്‍ ഇടം നേടിയിരിക്കുന്നത്.
ഇതിന് മുന്‍പ് 2013 ല്‍ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ വിവിധ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൺസൂൺ ഷൂട്ടൗട്ട്, ബോംബെ ടാക്കീസ്, അഗ്ലി, ദ് ലഞ്ച് ബോക്സ്, ചാരുലത തുടങ്ങിയവയായിരുന്നു അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത്. 2012 ലും ഇന്ത്യ കാനില്‍ മികച്ച സാന്നിധ്യമറിയിച്ചു. എന്നാല്‍ ഇത്തവണത്തെ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേകത എന്തെന്നാല്‍, അവ ഒന്നുകില്‍ സ്ത്രീ സംവിധായകര്‍ ഒരുക്കിയതോ അല്ലെങ്കില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളോ ആണെന്നുള്ളതാണ്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ പാം ഡി ഓറിനായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നുവെന്നതാണ് പ്രധാന ഹൈലൈറ്റ്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രമാണ് പാം ഡി ഓറിനായി മത്സരിക്കുന്നത്. ഹിന്ദി, മലയാളം ഭാഷകളില്‍ ഒരുക്കിയതാണ് ചിത്രം. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, ഹ്രിദു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നതെന്നതും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്സുമാരായ പ്രഭയുടെയും അനുവിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. നഗരത്തിലെ ഒരു നഴ്സിങ് ഹോമിലെത്തപ്പെട്ട അവര്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
പോളോ സോറൻ്റീനോ, ഡേവിഡ് ക്രോണൻബെർഗ്, ആൻഡ്രിയ അർനോൾഡ്, കിറിൽ സെറെബ്രെന്നിക്കോവ്, പോൾ ഷ്രാഡർ, യോർഗോസ് ലാന്തിമോസ് എന്നിവരാണ് കപാഡിയയ്ക്കൊപ്പം മത്സരിക്കുന്ന മറ്റ് സംവിധായകര്‍. ഇവര്‍ക്ക് പുറമേ ജിയ ഷാങ്‌കെയും മുന്‍പ് പാം ഡി ഓർ ജേതാക്കളായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും ( ദ് കോണ്‍വര്‍സേഷന്‍, അപ്പോക്കലിപ്‌സ് നൗ (1970)), ജാക്ക് ഓഡിയാർഡ് (ദീപന് (2015)) എന്നിവരും മത്സരിക്കുന്നുണ്ട്.
അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ സന്ധ്യ സൂരിയുടെ സന്തോഷ്, ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്‍റിന്‍ ബൊജനോവിന്‍റെ ദ് ഷെയിംലെസ് എന്നീ ചിത്രങ്ങളാണ് മത്സരിക്കുക. പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന നവവധുവിന്‍റെ കഥ പറയുന്ന കരണ്‍ കാന്ധാരിയുടെ സിസ്റ്റർ മിഡ്‌നൈറ്റ് എന്ന ചിത്രവും ഇന്ത്യയ്ക്ക് പ്രതീക്ഷയുണര്‍ത്തുന്നതാണ്. സ്വതന്ത്ര സിനിമയ്ക്ക് വേണ്ടിയുള്ള കാനിലെ എസിഐഡി സമാന്തര വിഭാഗത്തില്‍ മൈസം അലി സംവിധാനം ചെയ്യുന്ന ഇന്‍ റിട്രീറ്റും ഇന്ത്യയുടെ അഭിമാനമാണ്. കാന്‍സ് ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ട് വിര്‍ച്വല്‍ റിയാലിറ്റി പ്രൊജക്ടുകളില്‍ ഒന്ന് മായ: ദ് ബർത്ത് ഓഫ് എ സൂപ്പർ ഹീറോ എന്ന ചിത്രമാണ്. സി ജെ ക്ലര്‍ക്കെ, പോളമി ബസു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
1976 ല്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ക്രൗഡ് ഫണ്ടട് ചിത്രം മന്ഥൻ്റെ 4കെ പതിപ്പും ഇത്തവണത്തെ കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാന്‍ ക്ലാസിക്കല്‍ സിനിമകളുടെ കീഴിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിദ്യാര്‍ഥികളുടെ ഹ്രസ്വ ചിത്രമായ സണ്‍ഫ്ലവേഴ്സ് ലാ സിനിഫ് മത്സര വിഭാഗത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഛായാഗ്രഹണത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്കായി പിയറി ആന്‍ജെനിയ്ക്സ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി സന്തോഷ് ശിവനും മാറും. മെയ് 25 നാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവസാനിക്കുക. കഴിഞ്ഞ മാസം സിനിമകളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനവും പ്രതീക്ഷയും ഏറെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates