പ്രമേഹ രോഗബാധിതയായ സുഹൃത്തിന്റെ മകൾക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സർക്കാരിനും ആരോഗ്യ മന്ത്രി വീണ ജോർജിനും നന്ദി പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സഹായത്തിന് നന്ദി അറിയിച്ചത്. നാലു വയസുമുതൽ ടൈപ്പ് 1 ഡയബറ്റിക് രോഗി ആണ് ശ്രീനന്ദ. ഇപ്പോൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ ഷുഗർ ലെവൽ ചിലപ്പോൾ 620നു മുകളിലേക്ക് പോകുകയും ചിലപ്പോൾ 27 ലേക്കും താഴുകയും ചെയ്യും. ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇൻസുലിൻ കൊടുക്കണം. അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധർ നിർദ്ദേശിച്ചത് ഇൻസുലിൻ പമ്പ് ഘടിപ്പിക്കണം എന്നാണ്. ഇതിന് ഏഴു ലക്ഷം രൂപ ചിലവ് വരും. കൂടാതെ അതിന്റെ മെയ്ന്റനൻസ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരും. സുഹൃത്തും ഗാനരചയിതാവുമായ ബികെ ഹരിനാരായണൻ വഴിയാണ് ശ്രീനന്ദയുടെ അവസ്ഥ വീണാ ജോർജ് അറിയുന്നത്. ശ്രീനന്ദയ്ക്ക് ആവശ്യമായ ഇൻസുലിൻ ലഭ്യമാക്കുമെന്നും തുടർചികിത്സയുടെ കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുകൊടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
എം ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം
സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ. പാലക്കാട് താരേക്കാട് മോയിൻസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്, എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ. 4 വയസ്സ് മുതൽ ടൈപ്പ് 1 ഡയബറ്റിക് രോഗി ആണ് ഈ കുഞ്ഞു മകൾ. ( പ്രമേഹരോഗികൾക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവർക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ). ശ്രീനന്ദയുടെ ഷുഗർ ലെവൽ ചിലപ്പോൾ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോൾ താഴ്ന്ന് 27 ലേക്കും ( ഹൈപോ) എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാൽ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടൻ ടീച്ചർമാർ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും. പിന്നെ മണിക്കൂർ നേരം കുട്ടി തളർന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോൾ ഷുഗർ ലെവൽ കൂടാൻ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കൾ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് . വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയിൽ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാൽ അടുത്ത് തന്നെയുള്ള ഒരു വീട്ടിൽ സ്വകാര്യ വാഹന ഡ്രൈവറായി നിൽക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കിൽ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.
ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇൻസുലിൻ കൊടുക്കണം ( ഹ്യുമലോഗും, ലാന്റ്‌സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലർച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗർ ചെക്ക് ചെയ്യണം. ചികിത്സാ ചെലവ് തന്നെ ഭീമമായ ഒരു തുക വരും. സർക്കാരിന്റെ മധുരമിഠായി പദ്ധതിയിൽ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോൾ ഇൻസുലിൻ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധർ നിർദ്ദേശിച്ചത് ഇൻസുലിൻ പമ്പ് ഘടിപ്പിക്കലാണത്രെ. അതിന് 7 ലക്ഷം രൂപവരും. മാത്രമല്ല അതിന്റെ മെയ്ന്റനൻസ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങൾ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്.
സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് (ബികെ ഹരിനാരായണൻ) പറഞ്ഞിരുന്നു. ഹരി അത് ആരോഗ്യമന്ത്രി വീണാജോർജിനെ അറിയിച്ചു. മന്ത്രി സുരേഷിന്റെ കുടുംബത്തെ വിളിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് കൊടുത്തിട്ടുണ്ട്.* ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും. അത് തൃശ്ശൂരിൽ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും*മരുന്ന് എപ്പോൾ തീർന്നാലും/ എന്ത് സഹായത്തിനും ആർബിഎസ്‌കെ വളണ്ടിയേഴ്‌സിനെ വിളിക്കാം. ഒരു നഴ്‌സ്, ലൊക്കാലിറ്റിയിൽ തന്നെ ഉണ്ടാകും* രക്ഷിതാക്കൾ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്‌കൂളിൽ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തും ( ഹൈപ്പോ കണ്ടീഷൻ വരുമ്പോൾ പെട്ടെന്ന് അലർട്ട് ആവാനായി)* രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷൻ മോണിറ്റർ ചെയ്ത് ഡോക്യുമെന്റ് ചെയ്യും .അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ധരുമായി ചർച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇൻസുലിൻ പമ്പാണങ്കിൽ അത് ) അത് കുട്ടിക്ക് ലഭ്യമാക്കുംആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവർ .അവർക്കെല്ലാം സർക്കാരിന്റെ സഹായം ഉണ്ടാവട്ടെ. വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്/ ഡോക്ടർമാർക്ക് / ആരോഗ്യവകുപ്പിന്/ സർക്കാരിന്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates