തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. മുന്‍ഭാര്യയുടെ പഴയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പ്രതികരണവുമായി രാജ് കുന്ദ്ര എത്തിയത്. വിവാഹബന്ധം തകര്‍ത്തത് ശില്‍പ ഷെട്ടിയാണെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ശില്‍പയ്ക്ക് ഇതുമായി യൊതൊരു ബന്ധമില്ലെന്നും തന്റെ ആദ്യ ഭാര്യ തന്നെയാണ് വിവാഹബന്ധം തകരാന്‍ കാരണമെന്നുമാണ് രാജ് കുന്ദ്ര വ്യക്തമാക്കുന്നത്.
2006ലാണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009 ല്‍ ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടന്നു. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ലെന്നുമാണ് രാജ്കുന്ദ്ര പറയുന്നത്. തന്റെ മുന്‍ ഭാര്യയും തന്റെ സഹോദരിയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതാണ് വിവാഹമോചനത്തിന് വഴിവെച്ചത് എന്നുമാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ലണ്ടനില്‍ താമസിക്കുമ്പോഴാണ് ഇത്തരത്തില്‍ ബന്ധമുണ്ടാകുന്നത്. ബിസിനസ് ട്രിപ്പിന്റെ ഭാഗമായി പുറത്തുപോകുമ്പോഴെല്ലാം ഭാര്യ കൂടുതല്‍ സമയവും സഹോദരി ഭര്‍ത്താവിനൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. ഇതേക്കുറിച്ച് തന്റെ കുടുംബവും ഡ്രൈവര്‍ പോലും സൂചന തന്നിട്ടും താന്‍ ഭാര്യയെ സംശയിച്ചില്ലെന്നാണ് രാജ് കുന്ദ്ര പറയുന്നത്.
എന്നാല്‍ സഹോദരിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ബന്ധം തുടര്‍ന്നതോടെയാണ് താന്‍ ഇതേക്കുറിച്ച് അറിയുന്നത്. കവിതയുടെ ബാത്ത്‌റൂമില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ ലഭിച്ചു. അതില്‍ സഹോദരി ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളുണ്ടായിരുന്നു. ഇത് തന്റെ ഹൃദയം തകര്‍ത്തു. ഇങ്ങനെയൊക്കെ അനുഭവിക്കാന്‍ എന്തു തെറ്റാണ് ചെയ്തത് എന്നോര്‍ത്തു ഒരുപാട് കരഞ്ഞു. ഇതേക്കുറിച്ച് ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്. ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മെസേജിലൂടെ എല്ലാ വിവരവും കവിതയെ അറിയിക്കുന്നത്.
അതിനു ശേഷമാണ് ശില്‍പയെ താന്‍ കാണുന്നത് എന്നാണ് താരം പറയുന്നത്. താന്‍ ശില്‍പയുമായി അടുത്തതോടെ അവര്‍ ഇത്തരത്തില്‍ കഥകള്‍ ഉണ്ടാക്കുകയായിരുന്നു. യുകെയിലെ പത്രത്തിന് വലിയ തുകയ്ക്കാണ് അവര്‍ ഇത് വിറ്റതെന്നും കുന്ദ്ര ആരോപിച്ചു. വിവാഹമോചനത്തിന് ശേഷം തന്റെ കുഞ്ഞിനെ കാണാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates