അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ വധിക്കാന് പദ്ധതിയിട്ടിരുന്നുവെന്ന് സംവിധായകന് മേജര് രവി. പട്ടാളത്തില് നിന്നും വിരമിച്ച ശേഷമാണ് മേജര് രവി ഈ ഓപ്പറേഷന് പ്ലാനിട്ടത്. തനിക്കൊപ്പം വിരമിച്ച കമാന്ഡോമാരുമുണ്ടായിരുന്നു. എന്നാല് കൊവിഡ് വന്നതോടെ ആ പ്ലാന് നടക്കാതെ പോയെന്നാണ് മേജര് രവി പറയുന്നത്. 24 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മേജര് രവിയുടെ വെളിപ്പെടുത്തല്. ആ വാക്കുകളിലേക്ക്:
''അത് നടക്കാതെ പോയൊരു സ്വപ്നമായിരുന്നു. ആഗ്രഹമുണ്ടായിരുന്നു. അതുവരെ എത്തി. ഒരുവിധം അനുമതികളെല്ലാം ലഭിച്ചിരുന്നതാണ്. പക്ഷെ ഒരു കൊവിഡ് എല്ലാം നശിപ്പിച്ചു കളഞ്ഞു. അതില്ലായിരുന്നുവെങ്കില് ഇന്ന് പറയാമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഒരു ശത്രു വേറൊരു രാജ്യത്ത് കിടപ്പുണ്ട്. അവനെ പൊക്കാനുള്ള, പൊക്കാനല്ല കൊല്ലാനുള്ള ഓപ്പറേഷന് ആയിരുന്നു. ആരോട് സംസാരിച്ചുവെന്നൊക്കെ സര്ക്കാരിന്റെ കാര്യങ്ങള് ആയതിനാല് ഞാന് പറയുന്നില്ല.
പക്ഷെ എനിക്കത് ചെയ്യണമെന്നായിരുന്നു. എന്റെ വിരമിച്ച കമാന്ഡോകളെല്ലാം തയ്യാറായിരുന്നു. കേന്ദ്ര സര്ക്കാരില് നിന്നും വാക്കാല് അനുമതി കിട്ടിയിരുന്നു. ഇതിനൊന്നും പേപ്പര് വഴിയുള്ള അനുമതിയൊന്നും ഉണ്ടാകില്ല. പേപ്പറില് കാണുന്നില്ലേ അജ്ഞാതനാല് കൊല്ലപ്പെട്ടു എന്ന്. അങ്ങനൊരു അജ്ഞാതന് ആകാനായിരുന്നു ആഗ്രഹിച്ചത്. കൊവിഡ് എല്ലാം നശിപ്പിച്ചു. അല്ലെങ്കില് ഒന്നെങ്കില് ഞാന് ജീവനോടെ ഉണ്ടാകില്ലായിരിക്കും അല്ലെങ്കില് അയാള് ജീവനോടെ ഇല്ലായിരിക്കാം. അയാള് ഇന്ന് ജീവനോടെയുണ്ട്. പക്ഷെ ഒരു കാര്യവുമില്ല. ഇപ്പോള് ഓപ്പറേഷന് അനുമതി കിട്ടിയാലും നമ്മള് അതിന് പോകില്ല.
ദാവൂദിന് വേണ്ടിയായിരുന്നു ഇറങ്ങിയത്. എനിക്ക് അവനെ തീര്ക്കണമായിരുന്നു. 92 ലെ സ്ഫോടനം നിങ്ങളൊക്കെ മറന്നു കാണും. പക്ഷെ എന്നെപ്പോലുള്ളവര് മറക്കില്ല. ബോംബെയില് വന്ന് ഇത്രയും പേരെന്ന് കൊന്നിട്ട് പോയിട്ട് ഇത്രയും കാലം ജീവിച്ചിരിക്കുകയെന്ന് പറയുന്നത് ഇന്ത്യന് പൗരന് എന്ന നിലയില് എന്റെ വികാരമായിരിക്കാം അത്. നിങ്ങള്ക്ക് അത് ബാലിശമായി തോന്നിയേക്കാം. പ്ലാനിങ് ഒക്കെ ഇന്ററസ്റ്റിങ് ആയിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. ചിലപ്പോള് അതിനുള്ള യോഗം ഉണ്ടാകില്ലായിരിക്കും''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates