കൊച്ചി: ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നായിരുന്നു കേസ്. വിചാരണക്കോടതിയാണ് നടനെ കുറ്റവിമുക്തനാക്കിയത്.
2009 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ ചോദ്യം ചെയ്യാനായി നടനെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. ചോദ്യം ചെയ്യലിനിടെ അടുത്തുനിന്ന പൊലീസുകാരനെ തള്ളിവീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. പൊലീസിൻറെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ആത്മഹത്യ ശ്രമത്തിനുമായിരുന്നു കേസ്.
നടനെതിരെ തെളിവുകൾ ഹാജരാക്കാനും കുറ്റം ചെയ്തെന്ന് സ്ഥാപിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള രണ്ട് സാക്ഷികൾ മൊഴി നൽകിയത് വിജയകുമാറിന് അനുകൂലമായിട്ടാണ്. ദൃക്സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി നേരത്തെ തള്ളിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates