2024 ൽ ട്രെൻഡ് സെറ്ററായി ഫഫ 
Entertainment

2024 ൽ ട്രെൻഡ് സെറ്ററായി ഫഫ; ഇമേജ് തിരിച്ചുപിടിച്ച് ആസിഫും കളം നിറഞ്ഞ് ടൊവിനോയും

ആവേശം എന്ന ഒരൊറ്റ സിനിമ ഫഹദിന് നേടിക്കൊടുത്ത മൈലേജ് ആയിരുന്നു ഇത്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമ കാണാൻ അന്യഭാഷക്കാരും തിയറ്ററുകളിലേക്കെത്തുന്നത് ഈ വർഷം ഒരു ട്രെൻഡായി മാറിയിരുന്നു. ഇതിൽ മലയാള സിനിമാ താരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തെന്നിന്ത്യയിലും ബോളിവുഡിലും ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നായിരുന്നു ഫഹദ് ഫാസിലിന്റേത്.

ആവേശം എന്ന ഒരൊറ്റ സിനിമ ഫഹദിന് നേടിക്കൊടുത്ത മൈലേജ് ആയിരുന്നു ഇത്. ഫഹദിനൊപ്പം തന്നെ പൃഥ്വിരാജ്, നസ്‍‌ലിന്‍, ആസിഫ് അലി, ടൊവിനോ, മമ്മൂട്ടി, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ എന്നിവര്‍ക്കാണ് ഈ വര്‍ഷം മലയാളത്തില്‍ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സംഭവിച്ചത്.

നസ്‌ലിൻ

ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ​ഗിരീഷ് എഡിയുടെ പ്രേമലു. മോളിവുഡിന്‍റെ വളര്‍ന്നു കൊണ്ടിരിക്കുന്ന ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ എത്രയാണെന്ന് ഇന്‍ഡസ്ട്രിയെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രം കൂടുയായി മാറി ഇത്. തമിഴ്, തെലുങ്ക്, കന്നഡ പ്രേക്ഷകരുടെയും ശ്രദ്ധ നേടാൻ പ്രേമലുവിനായി. മാത്രവുമല്ല ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ നസ്‌ലിനും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്തു.

ആസിഫ് അലി

ബോക്‌സോഫീസ് വിജയത്തിനപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ഹൃദയം കീഴടക്കാൻ ആസിഫിന് ഈ വർഷം കഴിഞ്ഞു. കിഷ്കിന്ധാ കാണ്ഡമാണ് ഈ വർഷത്തെ ആസിഫ് അലിയുടെ കരിയർ ബ്രേക്കായി മാറിയ ചിത്രം. ഈ സിനിമ വലിയ വിജയമായി മാറുകയും ആസിഫ് അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരില്‍ വലിയ നീറ്റലുണ്ടാക്കുകയും ചെയ്തു. അതോടൊപ്പം തലവൻ, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ എന്നിവയും ഈ വര്‍ഷം റിലീസ് ചെയ്ത ആസിഫ് അലി ചിത്രങ്ങളാണ്. വ്യത്യസ്തമായ നാല് കഥാപാത്രങ്ങളിലൂടെ 2024 ലെ മികച്ച നടനാകാന്‍ ആസിഫിന് കഴിഞ്ഞെന്ന കാര്യത്തിൽ തർക്കം വേണ്ട.

മമ്മൂട്ടി

2023 പോലെ ഈ വര്‍ഷവും തന്റേതാക്കാന്‍ മമ്മൂട്ടിക്കും സാധിച്ചു. ജയറാം നായകനായ അബ്രഹാം ഓസ്‌ലർ ആണ് 2024 ല്‍ റിലീസ് ചെയ്ത മമ്മൂട്ടി അഭിനയിച്ച ആദ്യ സിനിമ. ഡോ അലക്‌സാണ്ടര്‍ എന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. തൊട്ടുപിന്നാലെ ഭ്രമയുഗത്തിലൂടെ മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. വില്ലനായി മമ്മൂട്ടി തകര്‍ത്തപ്പോള്‍ മലയാളത്തിനു പുറത്തും ചിത്രം ചര്‍ച്ചയായി. പിന്നീട് വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയിലൂടെ മമ്മൂട്ടി കോടികള്‍ വാരുകയും ചെയ്തു. 2024 ല്‍ മമ്മൂട്ടി അഭിനയിച്ച മൂന്ന് സിനിമകളും സാമ്പത്തികമായി വിജയം നേടി.

പൃഥ്വിരാജ്

ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച വര്‍ഷമാണ് 2024. നജീബ് എന്ന കഥാപാത്രത്തിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച് പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ ചർച്ചയായി മാറിയിരുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ ആണ് ഈ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു പൃഥ്വിരാജ് ചിത്രം. ഈ സിനിമയും തിയറ്ററില്‍ വൻ വിജയമായി.

ഫഹദ് ഫാസില്‍

ആവേശത്തിലെ രംഗണ്ണനായി ഫഹദ് ഫാസില്‍ കസറിയ വര്‍ഷമാണ് 2024. ഫഹദിന്റെ കഥാപാത്രത്തിനു മാത്രം വലിയ ഫാന്‍ ബേസ് രൂപപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ രംഗന്‍ എന്ന കഥാപാത്രമായി അഴിഞ്ഞാടുകയായിരുന്നു ഫഹദ്. മലയാളത്തിനു പുറത്തും ആവേശം വലിയ വിജയമായി. അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയാണ് ഫഹദിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു മലയാള സിനിമ. അതോടൊപ്പം തമിഴിൽ രജിനികാന്തിനൊപ്പവും തെലുങ്കിൽ അല്ലു അർജുനൊപ്പവും ഫഹദ് ഈ വർഷം തിളങ്ങി.

ടൊവിനോ തോമസ്

ടൊവിനോ തോമസിന്റെ കരിയറിലും മികച്ച ഒരു വർഷമാണ് 2024. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ തിയറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും ടൊവിനോയുടെ പ്രകടനം നിരൂപക പ്രശംസ നേടി. നടികര്‍ എന്ന സിനിമ പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോ കളം തിരിച്ചു പിടിച്ചു. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് എആർഎമ്മിൽ ടൊവിനോ പ്രേക്ഷകരെ ഞെട്ടിച്ചത്.

ബേസില്‍ ജോസഫ്

ബേസില്‍ ജോസഫ് അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ പണംവാരിപ്പടവും ഈ വര്‍ഷമാണ്. ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ സോളോ ഹീറോ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇത് പെടില്ല. നുണക്കുഴി, സൂക്ഷ്മദർശിനി എന്നീ ചിത്രങ്ങളും ബേസിൽ നായകനായി ഈ വർഷം തിയറ്ററുകളിലെത്തി.

ഉണ്ണി മുകുന്ദൻ

വര്‍ഷാവസാനമെത്തി ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ. ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് (10.8 കോടി) ആണ് ചിത്രം നേടിക്കൊടുത്തത്. മാർക്കോ അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറാനുള്ള സാധ്യതയും വലുതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT