Malayalam Cinema Beef Eating Scenes വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ബീഫിനോട് മലയാളിയ്ക്ക് എന്താ ഇത്ര ഇഷ്ടം?'; മലയാള സിനിമ പലവട്ടം ഉത്തരം നല്‍കിയിട്ടുണ്ട്!

ടൊവിനോയുടെ മറുപടിയാണ് അന്നും ഇന്നും മലയാളിയും ബീഫും തമ്മിലുള്ള ബന്ധത്തിന്റെ ടാഗ് ലൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

നല്ല സിനിമ, നല്ല ഭഷണം, രണ്ടിനും മനുഷ്യ മനസിനെ തണുപ്പിക്കാനുള്ള കരുത്തുണ്ട്. ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ ഇഷ്ട ഭക്ഷണം മുന്നിലേക്ക് എത്തുന്നത് പോലെ സന്തോഷകരമാണ് നല്ലൊരു സിനിമ കാണുന്നതും. ഭക്ഷണത്തെക്കുറിച്ചുള്ള സിനിമകളാണെങ്കില്‍ മനുഷ്യന്റെ രണ്ട് രുചി മുകുളങ്ങളെ ഒരേസമയം തൃപ്തിപ്പെടുത്തുന്നതായിരിക്കും.

കേരള സ്റ്റോറിയും മലയാളിയുടെ ബീഫ് സ്‌നേഹവുമൊക്കെ ഓണ്‍ലൈനിലും ഓഫ് ലൈനിലും ചര്‍ച്ചയാവുകയാണ്. ഇതാദ്യമായിട്ടല്ല മലയാളിയുടെ ബീഫ് സ്‌നേഹത്തിന്റെ വിദ്വേഷിന്റെ ടൂളായി ഉപയോഗിക്കുന്നത്. മുമ്പെന്നത് പോലെ തന്നെ ഇത്തവണയും മലയാളികള്‍ ഒന്നടങ്കം ആ വെറുപ്പിന്റെ കുത്തൊഴുക്കിന് കുറുകെ കരുതലിന്റെ അണകെട്ടി ചെറുത്തു നില്‍ക്കുന്നുണ്ട്.

മലയാളിയ്ക്ക് എന്താണ് ബീഫിനോട് ഇത്ര സ്‌നേഹമെന്ന് ചോദിച്ചാല്‍ അതിനുള്ള ഇത്തരം പലര്‍ക്കും പലതാകും. ഈ ഭ്രാന്തിന്റെ തുടക്കമെവിടെ എന്ന് ചോദിച്ചാല്‍ എവിടെ ചെന്ന് നില്‍ക്കുമെന്നുമറിയില്ല. എങ്കിലും മലയാളിയ്ക്ക് ബീഫിനോടുള്ള ഒടുക്കത്തെ സ്‌നേഹം മലയാള സിനിമ പലപ്പോഴും അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യം മനസിലേക്ക് വരിക ബേസില്‍ ജോസഫ് ഒരുക്കിയ ഗോദയിലെ രംഗമായിരിക്കും. പഞ്ചാബില്‍ വച്ച് ബീഫ് കഴിക്കാന്‍ പറ്റാത്തതില്‍ വിഷമിച്ചിരിക്കുന്ന ആഞ്ജനേയ ദാസിനോട് അതെന്താടാ നിങ്ങള്‍ മലയാളികള്‍ പൊറേട്ടോയും ബീഫുമെന്ന് പറഞ്ഞാല്‍ ഇങ്ങനെ ഭ്രാന്ത് പിടിക്കുന്നതെന്ന് കൂട്ടുകാരന്‍ ചോദിക്കുന്നുണ്ട്. അതിനുള്ള ടൊവിനോയുടെ മറുപടിയാണ് അന്നും ഇന്നും മലയാളിയും ബീഫും തമ്മിലുള്ള ബന്ധത്തിന്റെ ടാഗ് ലൈന്‍, 'പൊറോട്ടോയും ബീഫുമെന്നാല്‍ മലയാളിയ്ക്ക് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്'. ആഞ്ജനേയ ദാസ് ബീഫുണ്ടാക്കുന്ന രീതി പറഞ്ഞു കഴിയുമ്പോഴേക്കും ആരുടെ വായിലും വെള്ളമൂറും.

ടൊവിനോ തോമസ് തന്നെ നായകനായ തല്ലുമാലയില്‍ എന്താണ് യഥാർത്ഥ ബീഫ് ഇറിച്ചിയെന്ന് വിശദീകരിക്കുന്നൊരു രംഗവും കാണാം. ഇറച്ചിയെന്നാലേ അത് ബീഫിറച്ചിയാണെന്നാണ് ഖാലിദ് റഹ്മാനൊരുക്കിയ സിനിമ പറയുന്നത്.

അതിനും ഒരുപാട് വര്‍ഷം മുമ്പ്, 2003 ല്‍ സത്യന്‍ അന്തിക്കാട് മനസിനക്കരെയിലൊരു ബീഫ് കറിയുണ്ടാക്കുന്നുണ്ട്. ചട്ടിയിലിട്ട് വരട്ടിയെടുത്ത ബീഫൊന്ന് മണത്തു നോക്കി ഇച്ചിരി കുരുമുളകുപൊടി കൂടെ ആകാമെന്ന് പറഞ്ഞ് ജയറാമിനെ നയിക്കുകയാണ് ഷീല. തനിക്ക് ബീഫ് കഴിക്കാന്‍ പറ്റില്ല കൊളസ്‌ട്രോളാണെന്ന് ശബ്ദം താഴ്ത്തി പറയുന്ന ഷീലയോട് നസ്രാണികള്‍ ബീഫൊക്കെ കഴിച്ച് സന്തോഷിച്ചിരിക്കുന്നത് കാണാനാണ് കര്‍ത്താവിന് ഇഷ്ടമെന്ന് ജയറാം പറയുന്നുണ്ട്. ബീഫിനോടുള്ള മലയാളിയുടെ പൊതുസമീപനമാണത്. ഇതേ സത്യന്‍ അന്തിക്കാടിന്റെ തന്നെ സ്‌നേഹവീടില്‍ വീട്ടുകാരെ എതിര്‍ത്ത് മറ്റൊരാളെ വിവാഹം ചെയ്ത മകള്‍ക്കും അച്ഛനുമിടയിലെ മധ്യസ്ഥക്കാരനായും ബീഫ് കടന്നു വരുന്നുണ്ട്.

ബീഫ് എന്ന വാക്കിന് പോലും കത്രിക വീഴുന്ന കാലത്തും മലയാള സിനിമയില്‍ ബീഫിന് ഇടമുണ്ട്. അങ്ങനൊന്നായിരുന്നു 2022 ല്‍ ഇറങ്ങിയ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയത്തിലെ രംഗം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച അരുണും നിത്യയും തങ്ങളുടെ പ്രണയത്തിന്റെ ആദ്യനാളുകളിലൂടെ കടന്നു പോകുമ്പോള്‍ പങ്കിടുന്നത് ബീഫും ബണ്‍ പൊറോട്ടോയുമാണ്.

2019 ല്‍ പുറത്തിറങ്ങിയ ജല്ലിക്കട്ടെന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ കഥ തന്നെ അറക്കാന്‍ കൊണ്ടു വന്ന പൊത്ത് കയറുപൊട്ടിച്ചോടുന്നതും ഒരു ഗ്രാമം അതിന് പിന്നാലെ പായുന്നതുമാണ്. ഇങ്ങനെ ബീഫ് പലതരത്തില്‍ പല മെറ്റഫെറുകളായി കടന്നു വരുന്ന മലയാള സിനിമകള്‍ നിരവധിയാണ്. മലയാളികളുടെ ജീവിതത്തിലെന്നത് പോലെ സിനിമയിലും ബീഫ് അത്രമേല്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്. ആ ബന്ധങ്ങളിലൊരു വിള്ളലുണ്ടാക്കുക അസാധ്യം.

Malayalam Cinema scenes that depicts malayalees' love for Beef.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അന്ന് ഒരാഴ്ചയോളം അമ്മ ഫോണിൽ വിളിച്ച് കരഞ്ഞു; മുടി വളരുമെന്ന് പറഞ്ഞ് പപ്പയുടെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നതായിരുന്നു ഏറ്റവും ഇഷ്ടം'

കുസാറ്റ് പി ജി; സി.യു.ഇ.ടി സ്കോർ അപ്ഡേഷനും പുതിയ രജിസ്ട്രേഷനും ജൂൺ 26 വരെ

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

SCROLL FOR NEXT