മലയാള സിനിമയിൽ കാക്കിയണിഞ്ഞ യുവതാരങ്ങൾ 
Entertainment

പല മുഖങ്ങൾ, ഒരു യൂണിഫോം; മലയാള സിനിമയിൽ കാക്കിയണിഞ്ഞ യുവതാരങ്ങൾ

മാസ് കഥാപാത്രങ്ങൾക്കപ്പുറം പൊലീസുകാരുടെ മാനസിക സംഘർഷങ്ങളും അവതരിപ്പിച്ച സിനിമകൾ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കാക്കിയണിഞ്ഞ്‍ നായകൻമാർ സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകർക്കും ആവേശം കൂടുതലാണ്. മലയാള സിനിമയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒട്ടനവധി പൊലീസ് കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ മാസ് കഥാപാത്രങ്ങൾക്കപ്പുറം പൊലീസുകാരുടെ മാനസിക സംഘർഷങ്ങളും അവതരിപ്പിച്ച സിനിമകൾ പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയിലെ ചില യുവതാരങ്ങളുടെ പൊലീസ് കഥാപാത്രങ്ങളെ പരിചയപ്പെടാം.

ആസിഫ് അലി

ആസിഫ് അലി

നമ്മൾ പൊതുവേ കണ്ടിട്ടുള്ള ഒരു പൊലീസ് കഥാപാത്രമായല്ല ആസിഫ് അലി പ്രേക്ഷകർക്ക് മുന്നിലെത്താറുള്ളത്. പഞ്ച് ഡയലോ​ഗുകളോ മാസ് ആക്ഷനുകളോ ഒന്നും ആസിഫിന്റെ പൊലീസ് കഥാപാത്രങ്ങളിൽ കാണാനാകില്ല. 2016 ൽ പുറത്തിറങ്ങിയ ഇതു താൻടാ പൊലീസ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് പൊലീസ് കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങുന്നത്. പിന്നീട് ഉണ്ട, കുറ്റവും ശിക്ഷയും, കൂമൻ, തലവൻ തുടങ്ങിയ ചിത്രങ്ങളിലും ആസിഫ് പൊലീസുകാരനായെത്തി. വ്യത്യസ്ത സ്വഭാവമുള്ള പൊലീസുകാരായാണ് ഓരോ ചിത്രങ്ങളിലും ആസിഫ് എത്താറ്.

ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ

കഥാപാത്രങ്ങളിൽ എപ്പോഴും വ്യത്യസ്തത തേടിപ്പോകാറുള്ള നടൻമാരിലൊരാളാണ് ഫഹദ് ഫാസിൽ. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ആദ്യമായി കാക്കി കുപ്പായമണിയുന്നത്. ബാംഗ്ലൂര്‍ കേഡറിലെ മലയാളി സിഐ യൂസുഫ് മരിക്കാരെന്ന കഥാപാത്രമായാണ് താരമെത്തിയത്. തന്റെ ആദ്യ തെലുങ്ക് ചിത്രമായ പുഷ്പയിലും പൊലീസുകാരനായാണ് ഫഹദ് എത്തിയത്. അതുവരെ ഫഹദ് ചെയ്തിരുന്ന കഥാപാത്രങ്ങളുടെ ലുക്കിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പുഷ്പയിലെ ഭൻവർ സിങ് ഷെഖാവത്ത് ഐപിഎസ്.

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു സല്യൂട്ട്. എസ്ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖറെത്തിയത്. റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നിവിൻ പോളി

നിവിൻ പോളി

നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. എസ്ഐ ബിജു പൗലോസ് എന്ന കഥാപാത്രമായി നിവിൻ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. എബ്രിഡ് ഷൈനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പുറത്തുവരുമെന്ന് നിവിൻ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു.

ടൊവിനോ

ടൊവിനോ

കാക്കി കുപ്പായമണിഞ്ഞ് പല തവണ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് ടൊവിനോ. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലാണ് ടൊവിനോ ഒടുവിൽ പൊലീസ് വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആനന്ദ് നാരായണൻ എന്ന പൊലീസുകാരനായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. എസ്ര, തരം​ഗം, കൽക്കി എന്നീ ചിത്രങ്ങളിലും താരം പൊലീസുകാരനായെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT