കൊച്ചി: മമ്മൂട്ടിയെ കാണാൻ ഓസ്‌ട്രേലിയയിൽ നിന്ന് പറന്നെത്തി മലയാളി മന്ത്രി ജിൻസൺ ആന്റോ ചാൾസ്. ജീവകാരുണ്യപ്രവർത്തനത്തിലെ പഴയ സഹപ്രവർത്തകനെ മന്ത്രിയായി മുന്നിൽ കണ്ടപ്പോൾ മമ്മൂട്ടിക്കും അഭിമാന നിമിഷം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച.
ഓസ്‌ട്രേലിയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിൻസൺ തന്റെ പ്രിയതാരത്തെ ഓസ്‌ട്രേലിയയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ച് കൊണ്ടുള്ള സർക്കാരിന്റെ ഓദ്യോഗിക കത്ത് ജിൻസൺ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂർവം സ്വീകരിച്ചു.
ചെറിയ കാലം കൊണ്ട് ഭിന്ന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിൻസണെ മമ്മൂട്ടി അഭിനന്ദിക്കുകയും ചെയ്തു. വർഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യ ദൗത്യങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ജിൻസൺ കാണാനെത്തിയപ്പോൾ മമ്മൂട്ടി ചുറ്റും നിന്നവരോട് പറഞ്ഞു: 'നമ്മുടെ ഫാൻസിന്റെ പഴയ ആളാ…' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന കോട്ടയം പാലാ സ്വദേശിയായ ജിൻസൺ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്.
ജീവിതത്തിൽ ഏറെ കടപ്പാടും സ്നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടൻ എന്നതിനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിൻസൺ ചാൾസ് പ്രതികരിച്ചു.
2007 ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച്ച’ എന്ന സൗജന്യ നേത്ര ചികത്സ പദ്ധതിക്ക് രൂപം കൊടുത്തപ്പോൾ ആശുപത്രിയിൽ നിന്നുള്ള വിദ്യാർഥി വോളന്റിയേഴ്‌സിനെ നയിച്ചത് അന്നത്തെ അവിടുത്തെ നഴ്സിങ് വിദ്യാർഥി ആയിരുന്ന ജിൻസൺ ആയിരുന്നു. നേത്ര ചികിത്സ ക്യാമ്പുകളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻസൺ പിന്നീട് മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിൽ സജീവ സാന്നിധ്യമാവുകയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates