ജോസേട്ടായിയുടെ വൺമാൻ ഷോ ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ടർബോ. വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ മൂന്നാമത്തെ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് പറയാം. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളി പെരുന്നാളിലൂടെയാണ് ടർബോ തുടങ്ങുന്നത്.
മമ്മൂട്ടിയുടെ ഒരു മാസ് എൻട്രിയല്ല സിനിമയിലുള്ളത്. പക്ഷേ ആദ്യ അഞ്ച് മിനിറ്റിനുള്ളിലുള്ള പെരുന്നാൾ അടിയിലൂടെ മമ്മൂട്ടിയുടെ ടർബോ എനർജി എന്താണെന്ന് പ്രേക്ഷകർക്ക് മനസിലാകും. സിനിമ തുടങ്ങുമ്പോൾ തന്നെ ടർബോ ജോസിന്റെ പശ്ചാത്തലമെന്താണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നുണ്ട് വൈശാഖ്.
ചെറിയ തമാശകളൊക്കെയായി വളരെ പതിയെ ആണ് ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ഇന്റർവെല്ലിനോട് അടുത്താണ് സിനിമ പ്ലോട്ടിലേക്ക് കടക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ടർബോ ജോസെന്ന കഥാപാത്രം ചെന്നൈയിലേക്ക് എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
തന്റെ സുഹൃത്തും സഹോദര തുല്യനുമായ ജെറി എന്ന കഥാപാത്രം ഒരു ബാങ്ക് കൊള്ള കണ്ടുപിടിക്കുകയും അതിന്റെ പേരിൽ കൊല്ലപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന വില്ലൻ കൂടി ചിത്രത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വേറൊരു ലെവലിക്ക് മാറുകയാണ്. ജെറിയായി ശബരീഷ് വർമ്മയെത്തുമ്പോൾ വെട്രിവേൽ ഷൺമുഖമായി കന്നഡ താരം രാജ് ബി ഷെട്ടിയാണെത്തുന്നത്.
തുടക്കം മുതൽ അവസാനം വരെ ടർബോ ജോസായുള്ള മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസ് തന്നെയാണ് സിനിമയെ പ്രധാനമായും പിടിച്ചു നിർത്തുന്നത്. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം തിയറ്ററിൽ കൈയ്യടി നേടി. രാജ് ബി ഷെട്ടിയുടെ ഇൻട്രോ സീനും ആവേശത്തിലാഴ്ത്തുന്നതാണ്.
ആൻഡ്രൂ ആയെത്തിയ ദിലീഷ് പോത്തൻ, ഓട്ടോ ബില്ലയായെത്തിയ നടൻ സുനിൽ, വിൻസെന്റായെത്തിയ കബീർ ദുഹാൻ സിങ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു കഥാപാത്രങ്ങളായെത്തിയ ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് തുടങ്ങിയവരും അവരവരുടെ ഭാഗം ഗംഭീരമാക്കി.
ഒരു ആവറേജ് കഥയെ അസാധ്യമായ മേക്കിങ് കൊണ്ട് ഗംഭീരമാക്കി എന്ന് പറയാം. അടുത്ത സീനിൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് ഒരുപരിധി വരെ പ്രേക്ഷകർക്ക് പലയിടങ്ങളിലും ഊഹിക്കാനാകും. വളരെ ഒതുക്കത്തോടെ തന്നെ തിരക്കഥയൊരുക്കാൻ മിഥുൻ മാനുവൽ തോമസിന് കഴിഞ്ഞിട്ടുണ്ട്. കഥയിൽ ചെറിയൊരു ഇഴച്ചിൽ സംഭവിക്കുമ്പോൾ തന്നെ, വളരെ പെട്ടെന്ന് അതിനെ മറിക്കടക്കാൻ തിരക്കഥയ്ക്കായി എന്ന് പറയാം.
ഒരു പക്കാ മാസ് മസാല എന്ന് പറയുമ്പോൾ പോലും വൈശാഖ് തന്റെ പതിവ് ശൈലിയിൽ നിന്ന് ഒന്ന് മാറിയിട്ടുണ്ട്. ആക്ഷൻ സിനിമ പ്രേമികളുടെ മനസറിഞ്ഞ് വൈശാഖ് ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം പകുതിയിലാണ് ടർബോ ജോസിന്റെ പവർ മുഴുവൻ പ്രേക്ഷകന് നന്നായി അനുഭവിക്കാനാകുക. ഇപ്പോൾ ഒരു അടി പൊട്ടിയിരുന്നെങ്കിലെന്ന് പ്രേക്ഷകന് തോന്നുന്നിടത്തെല്ലാം ജോസേട്ടായിയുടെ അടിയുടെ പൊടി പൂരമാണ്.
അവസാനിപ്പിക്കാത്തതൊന്നും ടർബോ ജോസ് തുടങ്ങി വയ്ക്കാറില്ല- എന്ന് അഞ്ജനയുടെ കഥാപാത്രമായ ഇന്ദുലേഖ പറയുന്നത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് മമ്മൂട്ടിയുടെ രണ്ടാം പകുതിയിലെ പെർഫോമൻസ്. ആക്ഷൻ സീനകളിലുള്ള മമ്മൂട്ടിയുടെ പെർഫെക്ഷൻ തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമയിൽ ഏറ്റവും എടുത്ത് പറയേണ്ടത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും, കാർ ചേസിങ് സീനുകളും, ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവുമാണ്. ടർബോയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഇതെല്ലാമാണ്.
ക്ലൈമാക്സിലുള്ള ചെറിയൊരു ട്വിസ്റ്റും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. വെട്രിവേൽ ഷൺമുഖത്തിന്റെയും ജോസിന്റേയും കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്. ആക്ഷനും മാസും പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ മമ്മൂട്ടിക്കമ്പനിയും വൈശാഖും കൈവിട്ടില്ല എന്ന് നിസംശയം പറയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates