മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ ഒരു സർപ്രൈസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്. എന്നാൽ ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'റോഷാക്ക്' എന്ന ചിത്രത്തിലെ ഡോൺട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.
അതായിരുന്നു സിനിമയിൽ ഗായകനെന്ന രീതിയിൽ അദ്യാൻ്റെ തുടക്കം. മിഥുൻ മുകുന്ദനാണ് വരികൾ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ചിത്രത്തിലെ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ,
അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates