17 വർഷങ്ങൾക്കിപ്പുറം ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച് സേതുരാമയ്യർ തന്റെ കേസ് ഡയറി വീണ്ടും തുറന്ന ഈ അഞ്ചാം വരവും നിരാശപ്പെടുത്തിയില്ല. ഒരു സൂചനയും തരാതെ പതിഞ്ഞ താളത്തിൽ അവസാനിച്ച ആദ്യ പകുതി, കണ്ണികളെല്ലാം കൂട്ടിച്ചേർത്ത് തോറ്റു പോയ സിബിഐയ്യിൽ നിന്നുള്ള അയ്യരുടെ ഉയർത്തെഴുന്നേൽപ്പുമായി രണ്ടാം പകുതി, ഒരു മികച്ച സസ്പെൻസ് ത്രില്ലർ തന്നെയാണ് സിബിഐ 5.
പൊലീസിലെ പുതിയ തലമുറയ്ക്ക് ക്ലാസെടുക്കുന്നതിനിടെ രഞ്ജി പണിക്കരുടെ ബാലൂ എന്ന കഥാപാത്രം പഴയൊരു കേസിനെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നിടത്തുനിന്നാണ് സ്വാമിയുടെ കേസ്ഫയൽ തുറക്കുന്നത്. അതേ സിബിഐയെ നക്ഷത്രമെണ്ണിച്ച, ബാലുവിന്റെ ഭാഷയിൽ "സേതുസാറിനെ അടക്കം വെള്ളം കുടിപ്പിച്ച കേസ്". ട്രെയ്ലറിൽ കേട്ട "ബാസ്ക്കറ്റ് കില്ലിങ്" തന്നെയാണ് മുഖ്യപ്രമേയം.
ഒരു വിമാനയാത്രയ്ക്കിടെ സംസ്ഥാനത്തെ ഒരു പ്രമുഖൻ മരിക്കുന്നതോടെയാണ് കഥയുടെ തുടക്കം. പിന്നാലെ ദുരൂഹമരണങ്ങൾ തുടർക്കഥയാകുന്നിടത്തുനിന്നാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. അയ്യരുടെ വരവിന് മുമ്പേ സ്ക്രീൻ കീഴടക്കിയിരുന്നു സായ് കുമാറിന്റെ ഡിവൈഎസ്പി സത്യദാസ്. കേസ് ആദ്യം അന്വേഷിക്കുന്നത് സത്യദാസാണ്, പക്ഷെ തുറക്കുമുമ്പ് ഫയൽ അടയ്ക്കേണ്ടിവന്നു. ചിലരുടെ 'ഓവർകോൺഫിഡൻസ്' ആണ് കേസ് സേതുരാമയ്യരുടെ കയ്യിലെത്തിക്കുന്നത്. മന്ത്രിക്ക് പിന്നാലെ സംഭവിച്ച നാല് മരണങ്ങൾ. അന്വേഷണത്തിന്റെ പാതിവഴിയിൽ അതുവരെ പ്രൈം സസ്പെക്ട് ആയി കരുതിയിരുന്ന ആൾ കൊല്ലപ്പെടുന്നു. ഇരുട്ടിൽതപ്പിത്തുടങ്ങി തോറ്റു എന്ന് എല്ലാവരും കരുതിയ ഇടത്തുനിന്ന് അയ്യരെടുത്ത ടേൺ ഒടുവിൽ സൂത്രധാരനെ വെളിച്ചത്തുകൊണ്ടുവന്നു.
രണ്ടേ മുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന് പഴയ സീരീസുകളെപ്പോലെ ത്രില്ലിങ് നിലനിർത്താൻ കഴിഞ്ഞിട്ടില്ല. തിരക്കഥയുടെയും സംവിധാനത്തിന്റെയും ശക്തിയെക്കാൾ മികച്ചു നിൽക്കുന്നത് മമ്മൂട്ടി തന്നെയാണ്. നിരവധി കഥാപാത്രങ്ങളുള്ള ചിത്രത്തിൽ സിനിമ തുടങ്ങി ഇരുപത്തിയഞ്ച് മിനിറ്റിനു ശേഷമാണ് സേതുരാമയ്യരുടെ വരവ്. കൈ പുറകിൽ കെട്ടി കുറിയും തൊട്ട് ഒരു മാറ്റവുമില്ലാതെയായിരുന്നു ആ രംഗപ്രവേശം. മമ്മൂട്ടിക്ക് പുറമേ സായ് കുമാർ, മുകേഷ് എന്നിവർക്കൊപ്പം ജഗതി ശ്രീകുമാറും മാത്രമാണ് പഴയ സീരീസിൽ കണ്ട മുഖങ്ങൾ. രഞ്ജി പണിക്കർ, രമേഷ് പിഷാരടി, അൻസിബ എന്നിവരാണ് സിബിഐ ടീമിലെ പുതിയമുഖങ്ങൾ. അനൂപ് മേനോനാണ് ഐ ജി ഉണ്ണിത്താനായി എത്തുന്നത്. ജഗതി ശ്രീകുമാർ സിബിഐ 5ൽ വെറുതെ വന്നുപോകുകയല്ല. വിക്രം എന്ന പഴയപേരിൽ ഒന്നും മറക്കാതെ അയ്യർക്ക് നിർണായക വിവരം നൽകി സിനിമയുടെ ടേണിങ് പോയിന്റായി. മൻസൂർ, പോൾ മേജോ, സന്ദീപ് അങ്ങനെ പേരുകൾ ഒരുപാടുണ്ട് സൗബിന്റെ കഥാപാത്രത്തിന്. ഡിവൈഎസ്പി സത്യദാസിന്റെ ഭാര്യയാണ് അഡ്വ. ദീപ ശ്രീകുമാർ എന്ന ആശ ശരത്തിന്റെ കഥാപാത്രം.
സിബിഐ സിരീസിലെ നാലാം ചിത്രമായ നേരറിയാൻ സിബിഐ പുറത്തിറങ്ങി 17 വർഷത്തിനിപ്പുറമാണ് 'സിബിഐ 5: ദി ബ്രെയിൻ' എത്തിയിരിക്കുന്നത്. ഫ്ലാഷ്ബാക്കിൽ നടക്കുന്ന കഥയുമായി പഴയ സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് ഇറക്കിവിട്ടപ്പോൾ എസ് എൻ സ്വാമിയുടെ കഥപറച്ചിൽ ഒന്നുകൂടി മിനുക്കാമായിരുന്നു. പതിവ് സേതുരാമയ്യർ ലൈനിൽ തന്നെയാണ് ഇക്കുറിയും കേസന്വേഷണം. ക്ലൈമാക്സ് ട്വിസ്റ്റിലൂടെ മാത്രം കുറ്റവാളിയുടെ മുഖം തുറന്നുകാട്ടുന്ന പഴയ ഘടനയ്ക്ക് അഞ്ചാം വരവിലും മാറ്റമുണ്ടെന്ന് പറയാനാകില്ല.
ഈ വാര്ത്ത കൂടി വായിക്കാം പൊള്ളിക്കുന്ന പോരാട്ടം, ഇത് കാണേണ്ട ചിത്രം; 'ജന ഗണ മന' റിവ്യൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates