മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. "കെട്ട്യോളാണ് എന്റെ മാലാഖ" എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയിലാണ് ആരംഭിച്ചത്. പൂജയും സിച്ച് ഓൺ കർമവും നടന്നു. ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.
തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് മമ്മൂട്ടി പുതിയ ചിത്രത്തിൽ ചേരുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഇതും വരേയും പേരിടാത്ത ചിത്രം മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ്. ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്.
എൻഎം ബാദുഷയാണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. എഡിറ്റിംഗ് - കിരൺ ദാസ്, കലാസംവിധാനം - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഔസേപ്പച്ചൻ, മേക്കപ്പ് - റോണക്സ് സേവ്യർ & എസ്.ജോർജ്, കോസ്റ്റ്യൂം - സമീറ സനീഷ്, പിആർഒ - പി.ശിവപ്രസാദ്, സ്റ്റിൽസ് - ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ. കൊച്ചിയാണ് ചിത്രത്തിൻറെ മറ്റൊരു പ്രധാന ലൊക്കേഷൻ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ റിലീസായി ഇതിനോടകം വളരെ ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്ത ചിത്രം 'പുഴു' ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലൈവ് ഒടിടിയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates